ഏജന്റുമാര്‍; നീലയും വെള്ളയും പിന്നെ ഓറഞ്ചും

Sunday 3 July 2011 6:56 pm IST

പേര്‌ കേട്ടാല്‍ ഓമനത്തം തോന്നും. ദാഹിച്ചിരിക്കുന്നവന്റെ നാവില്‍ വെള്ളമൂറുകയും ചെയ്യും. പക്ഷെ കാര്യത്തോടടുക്കുമ്പോഴേ ആളെ മനസ്സിലാവൂ-സാക്ഷാല്‍ അന്തകന്‍. ഒരു രാജ്യത്തിന്റെ മനുഷ്യവിഭവത്തെ മുച്ചൂടും മുടിച്ച അന്തകന്‍. അറിയപ്പെടുന്ന പേര്‌ ഏജന്റ്‌ ഓറഞ്ച്‌. ഓറഞ്ചിന്റെ ജനനം 1940 ല്‍ ആയിരുന്നു. അമേരിക്കയിലെ മെരിലാന്റിലുള്ള ജൈവനാശിനി ഗവേഷണ ശാലകളില്‍ കളകളെ നശിപ്പിക്കുകയായിരുന്നു ആദ്യദൗത്യം-വീതിയേറിയ ഇലകളുള്ള പ്രത്യേകയിനം കളകളെ കരിച്ചുകളയുക. പക്ഷേ ഓറഞ്ചിന്റെ സംഹാരശേഷി അതിന്റെ വളര്‍ത്തച്ഛന്മാര്‍ ആദ്യം തന്നെ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ്‌ രണ്ടാം ലോകമഹായുദ്ധത്തിലെ കേമനായ ജപ്പാനിനെ തകര്‍ക്കാന്‍ ഏജന്റ്‌ ഓറഞ്ചിനെ ഉപയോഗിക്കാന്‍ അവര്‍ അമേരിക്കന്‍ പ്രസിഡന്റിനോട്‌ ശുപാര്‍ശ ചെയ്തത്‌. ജപ്പാനിലെ നെല്‍വയലുകള്‍ ഏജന്റ്‌ ഓറഞ്ച്‌ തളിച്ച്‌ ഉണക്കാനായിരുന്നു നിര്‍ദ്ദേശം. പക്ഷെ പ്രസിഡന്റ്‌ റൂസ്‌വെല്‍റ്റിന്‌ ആ നിര്‍ദ്ദേശം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.
കാലം കുറെ കഴിഞ്ഞപ്പോഴാണ്‌ വിയറ്റ്നാമിലെ രാഷ്ട്രീയ മാറ്റങ്ങള്‍ സംഭവിച്ചത്‌. കമ്മ്യൂണിസ്റ്റുകളുടെ ആധിപത്യം......ഹോചിമിന്‍ എന്ന ജനനേതാവിന്റെ ഉദയം.....എന്നിവ. അതൊന്നും അമേരിക്കയ്ക്ക്‌ താങ്ങാനായില്ല. വിയറ്റ്നാം ഭടന്മാരെ അടിച്ചൊതുക്കാന്‍ അമേരിക്കന്‍ വിമാനങ്ങള്‍ അന്നാട്ടിലേക്ക്‌ കുതിച്ചു. അതോടെ ഗറില്ലാ പോരാളികളായ വിയറ്റ്കോങ്ങുകള്‍ നിബിഡവനങ്ങളിലേക്ക്‌ പിന്‍വാങ്ങി. ഒളിപ്പോരില്‍ കേമന്മാരായ അവരെ തളയ്ക്കാന്‍ എത്ര പയറ്റിയിട്ടും അമേരിക്കയ്ക്ക്‌ കഴിഞ്ഞതുമില്ല. വനങ്ങളുടെ നിബിഡമായ ഇലച്ചില്ലകള്‍ വെട്ടി ഒതുക്കിയാല്‍ അവരുടെ സൈനിക നീക്കങ്ങള്‍ എളുപ്പം കാണാനാവുമെന്നും ആക്രമണം സുഗമമാകുമെന്നും യുദ്ധവിദഗ്ദ്ധന്മാര്‍ കണക്കുകൂട്ടി. അതിനവര്‍ കണ്ട എളുപ്പവഴിയായിരുന്നു ഏജന്റ്‌ ഓറഞ്ച്‌. ഈ ആക്രമണത്തിന്‌ അമേരിക്കന്‍ സൈന്യം ഒരു നാമവും നല്‍കി. ഓപ്പറേഷന്‍ റാഞ്ച്‌ ഹാന്‍ഡ്‌.
സത്യത്തില്‍ മാരകമായ ഈ കീടനാശിനിയുടെ നാമം ഏജന്റ്‌ ഓറഞ്ച്‌ എന്നായിരുന്നില്ല. 2.4 ഡൈക്ലോറോ ഫിനോക്സി അസറ്റിക്‌ ആസിഡ്‌. ക്ലോറോഫിനോക്സി അസറ്റിക്‌ ആസിഡ്‌ എന്ന രണ്ട്‌ രാസപദാര്‍ത്ഥങ്ങള്‍ തുല്യ അളവില്‍ മിശ്രണം നടത്തിയാണ്‌ ഇതിന്‌ ജന്മം നല്‍കിയത്‌. ഒപ്പം അതിമാരക വിഷമായ കുറച്ച്‌ ഡയോക്സിനും...വ്യത്യസ്തമായ പല വിഷ സംയുക്തങ്ങളും വിയറ്റ്നാം ആക്രമണത്തില്‍ പ്രയോഗിക്കാനായിരുന്നു അമേരിക്കന്‍ സൈന്യത്തിന്റെ തീരുമാനം. അവ കപ്പലില്‍ കയറ്റി അയക്കുമ്പോള്‍ മാറിപോവാതിരിക്കുന്നതിന്‌ ഓരോന്നിന്റേയും വീപ്പകള്‍ക്ക്‌ ഓരോ നിറം നല്‍കി. ഫിനോക്സി സംയുക്തമായ കൊടും വിഷം അടക്കം ചെയ്ത വീപ്പകള്‍ക്ക്‌ ഓറഞ്ച്‌ നിറമാണ്‌ നല്‍കിയത്‌. അതിനെ സൈനികര്‍ ഏജന്റ്‌ ഓറഞ്ച്‌ എന്നു വിളിച്ചു. വീതി കുറഞ്ഞ ഇലകളോടുകൂടിയ കളകളെ കരിച്ചു കളയുന്ന കളനാശിനി നിറച്ചത്‌ നീല ചായമടിച്ച വീപ്പകളിലായിരുന്നു. അതിന്‌ 'ഏജന്റ്‌ ബ്ലൂ' എന്നായി വിളിപ്പേര്‌. വെള്ള വീപ്പയില്‍ സംഭരിച്ച വിഷത്തിന്‌ ലഭിച്ച പേര്‌ ഏജന്റ്‌ വൈറ്റ്‌. ഇവയെ ഒരുമിച്ചുചേര്‍ത്ത്‌ മഴവില്‍ കളനാശിനികള്‍ അഥവാ 'റേയിന്‍ബോ ഹെര്‍ബിസൈഡ്സ്‌' എന്ന്‌ വിളിക്കാനും അമേരിക്കന്‍ സൈനികര്‍ മറന്നില്ല. വിഷവീര്യത്തിനും വിഷക്കച്ചവടത്തിനും പുകഴ്പെറ്റ മോണ്‍സാന്റോ, ഡൗ എന്നീ കുത്തകകളായിരുന്നു വന്‍തോതില്‍ ഏജന്റ്‌ ഓറഞ്ച്‌ ഉല്‍പ്പാദിപ്പിച്ച്‌ സൈന്യത്തിന്‌ നല്‍കിയത്‌.
അങ്ങനെ മരണദൂതുമായി അമേരിക്കയുടെ ഹെര്‍ക്കുലീസ്‌ വിമാനങ്ങള്‍ വനനിബിഡമായ വിയറ്റ്നാമിലേക്ക്‌ കുതിച്ചുയര്‍ന്നു. ജൈവവൈവിധ്യംകൊണ്ട്‌ അനുഗൃഹീതമായ വനമേഖലയിലാകെ അവ ഏജന്റ്‌ ഓറഞ്ച്‌ തളിച്ചു. ഒന്നല്ല പലവട്ടം. ഡീസലില്‍ കലര്‍ത്തിയായിരുന്നു വിഷപ്രയോഗം. വര്‍ഷങ്ങളോളം ഈ വിഷപ്രയോഗം തുടരുകയും ചെയ്തു. തുടക്കത്തില്‍ വിയറ്റ്നാമിലെ നെല്‍പ്പാടങ്ങളായിരുന്നു കരിഞ്ഞുണങ്ങിയത്‌. പിന്നെ കാടുകള്‍ മൊട്ടക്കുന്നുകളായി. പുഴകളും കിണറുകളും വിഷലിപ്തമായി. 300 ഏക്കറില്‍ നാല്‌ മിനിട്ടുകൊണ്ട്‌ 5000 കിലോ ഏജന്റ്‌ ഓറഞ്ച്‌ വര്‍ഷിച്ചു എന്നായിരുന്നു കണക്ക്‌. യുദ്ധം അവസാനിച്ച 1971 ഒക്ടോബര്‍ മാസം വരെ വര്‍ഷിച്ചത്‌ 71920 കിലോ ലിറ്റര്‍ ഏജന്റ്‌ ഓറഞ്ച്‌ എന്ന്‌ ഒരു കണക്ക്‌. 1965 ലാണ്‌ വിഷപ്രയോഗം ആരംഭിച്ച കാര്യം യുഎസ്‌ സര്‍ക്കാര്‍ സ്ഥിരീകരിച്ചത്‌. പക്ഷെ 1961 ല്‍ യുദ്ധത്തിന്റെ തുടക്കം മുതല്‍ക്കെ നീചമായ വിഷപ്രയോഗം അമേരിക്ക ആരംഭിച്ചിരുന്നു എന്ന്‌ പിന്നീട്‌ വെളിപ്പെട്ടു. അതിക്രൂരമായിരുന്നു ഫലം. വിയറ്റ്നാം സര്‍ക്കാരിന്റെ കണക്കനുസരിച്ച്‌, 48 ലക്ഷം ആളുകളെ ഓറഞ്ചിന്റെ കറുത്ത കരങ്ങള്‍ വേട്ടയാടി. നാലുലക്ഷം പേര്‍ അതിക്രൂരമായി കൊല്ലപ്പെട്ടു. ഗുരുതരമായ ജനന വൈകല്യവുമായി ജനിച്ചത്‌ അഞ്ച്‌ ലക്ഷത്തില്‍പ്പരം കുഞ്ഞുങ്ങള്‍. പത്ത്‌ ലക്ഷം ഹെക്ടര്‍ കൃഷിഭൂമിയാണ്‌ നശിച്ചുപോയത്‌. കാല്‍ലക്ഷം ചതുരശ്രകിലോമീറ്റര്‍ വനഭൂമി കേവലം മരുഭൂമിയായി മാറി. പക്ഷെ, അഭിമാനികളായ വിയറ്റ്നാംകാരെ മുട്ടുകുത്തിക്കാന്‍ അമേരിക്കയുടെ സൈന്യത്തിനൊ ഏജന്റ്‌ ഓറഞ്ചിനോ കഴിഞ്ഞില്ല. പരാജയത്തിന്റെ അപമാനവും പേറി അമേരിക്കന്‍ സൈന്യം വിയറ്റ്നാം വിട്ടു. പക്ഷേ ഏജന്റ്‌ ഓറഞ്ച്‌ അതിന്റെ നരവേട്ട തുടരുകയായിരുന്നു. അവസാനത്തെ അമേരിക്കന്‍ പടയാളിയും നാടുവിടുമ്പോഴും!
വിയറ്റ്കോങ്ങുകള്‍ക്കെതിരെ പ്രയോഗിച്ച ആയുധം അമേരിക്കന്‍ സൈനികരെ സംബന്ധിച്ചിടത്തോളം ഇരുതല വാളായാണ്‌ അനുഭവപ്പെട്ടത്‌. നാട്ടില്‍ തിരിച്ചെത്തിയ അവര്‍ക്ക്‌ ഒരു സമാധാനവും ലഭിച്ചില്ല. ഒരു ഭാഗത്ത്‌ പ്രത്യേക രീതിയിലുള്ള മാനസിക രോഗങ്ങള്‍ മറുവശത്ത്‌ പേശികളേയും രക്തധമനികളേയും ബാധിച്ച ക്യാന്‍സര്‍. ശരീരമാകെ പൊള്ളിയ അവസ്ഥയിലായിരുന്നു വിഷം തളിക്കാന്‍ പോയ ഏറെ സൈനികരും. 'സാര്‍ക്കോമ' എന്ന അര്‍ബുദം ബാധിച്ചവരും കുറവല്ലായിരുന്നു. സൈനികര്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞു. അമേരിക്കന്‍ സര്‍ക്കാരിനും വിഷം നിര്‍മിച്ച്‌ തങ്ങളില്‍ അടിച്ചേല്‍പ്പിച്ച കുത്തകകമ്പനികള്‍ക്കുമെതിരെ നൂറുകണക്കിന്‌ കേസുകളാണ്‌ കോടതിയില്‍ എത്തിയത്‌. അതിന്റെ ഫലമായി കോടിക്കണക്കിന്‌ പേര്‍ക്ക്‌ ഡോളര്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരികയും ചെയ്തു.
ഏജന്റ്‌ ഓറഞ്ചില്‍ അടങ്ങിയ ഡയോക്സിനും ഏറെ കുഴപ്പങ്ങള്‍ ഉണ്ടാക്കി. വായുവിലും വെള്ളത്തിലും മണ്ണിലും ലയിക്കാത്ത ഡയോക്സിന്‍ വിഷം വര്‍ഷങ്ങളോളം മനുഷ്യരെ വേട്ടയാടി. പച്ചക്കറി, പാല്‍, മത്സ്യങ്ങള്‍ എന്നിവയിലൂടെ വീണ്ടും വീണ്ടും അത്‌ മനുഷ്യശരീരത്തിലെത്തി. രോഗങ്ങളുടെ പരമ്പര തന്നെ അഴിച്ചുവിട്ടു..... ഏജന്റ്‌ ഓറഞ്ചിന്റെ കഥ അങ്ങനെ തുടര്‍ന്നു. ഒരു രാസവിഷത്തിന്‌ ഒരു ജനതയെ അപ്പാടെ എങ്ങനെ അതിക്രൂരമായി ദ്രോഹിക്കാനാവുമെന്നും ഒരു രാജ്യത്തിന്റെ ജൈവവൈവിധ്യം തച്ചുടക്കാനാവുമെന്നും വിയറ്റ്നാമിലെ വിഷപ്രയോഗം നമുക്ക്‌ കാണിച്ചുതന്നു. ഒരു ചെറിയ ഭൂപ്രദേശത്ത്‌ എന്‍ഡോസള്‍ഫാന്‍ എന്ന വിഷം വിതച്ച ക്രൂരതകള്‍ കണ്ട്‌ തരിച്ചു നില്‍ക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം വിയറ്റ്നാമിലെ ദുരനുഭവം സങ്കല്‍പ്പത്തിനും അപ്പുറത്താണ്‌. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ ആത്മാര്‍ത്ഥമായി ആശിക്കാന്‍ മാത്രമേ നമുക്ക്‌ സാധിക്കൂ. അതിനാല്‍ ഓരോ തവണയും വിഷപ്രയോഗത്തിന്‌ ഒരുങ്ങുമ്പോള്‍ ഒരുനിമിഷം നാം ആലോചിക്കുക. ഇത്‌ നമുക്ക്‌ അത്യാവശ്യമാണോ?

-ഡോ. അനില്‍കുമാര്‍ വടവാതൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.