അറുപതിന്റെ നിറവില്‍ മലമ്പുഴ ഉദ്യാനം

Thursday 4 February 2016 1:29 pm IST

മലമ്പുഴ: അറുപതാം വാര്‍ഷികത്തിന്റെ നിറവില്‍ മലമ്പുഴ ഗാര്‍ഡന്‍ പുഷ്‌പോത്സവത്തിനൊരുങ്ങുകയാണ്.  മലമ്പുഴ ഉദ്യാനത്തിലെ ചുവരുകളിലും മതിലുകളിലുമെല്ലാം പച്ചപ്പുല്ലിന്റെ നിറം നല്‍കിക്കൊണ്ടാണ് ഉദ്യാനത്തെ കൂടുതല്‍ മനോഹരമാക്കുന്നത്. ഇതിനായി പ്രത്യേകതരം ഫഌറസെന്റ് പെയിന്റുപയോഗിച്ചാണ് നിറം നല്‍കുന്നത്. പകല്‍ സമയത്ത് പച്ചപ്പുല്‍ വിരിച്ച മൈതാനംപോലെ തോന്നുന്ന ഇതു രാത്രിയില്‍ വെട്ടിത്തിളങ്ങുമെന്നതിനാല്‍ സന്ദര്‍ശകരില്‍ വേറിട്ട നവ്യാനുഭൂതിയുണര്‍ത്തും. ഇത്തരം പെയിന്റടിക്കുമ്പോള്‍ ചെളി പിടിക്കാനുള്ള സാധ്യത കുറവായതിനാല്‍ ഉദ്യാനത്തിന്റെ പ്രവേശനകവാടം മുതല്‍ അണക്കെട്ടിനു താഴെവരെയുള്ള ഭാഗങ്ങളില്‍ ഈ പെയിന്റ് ഉപയോഗിച്ചാണിപ്പോള്‍ നിറം നല്‍കിയിട്ടുള്ളത്. ഉദ്യാനനഗരിയിലെ പൂങ്കാവനങ്ങളുടെ ചുവരുകളിലും പച്ചപ്പുല്ലിന്റെ നിറം നല്‍കിക്കഴിഞ്ഞു. നിറം മാറ്റുന്നതിനൊപ്പം ഉദ്യാനത്തിനകത്ത് സൂര്യകാന്തി, ലില്ലി, ഡാലിയ പുഷ്പങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഉദ്യാനത്തിനകത്തെ മുപ്പതോളം ശില്പങ്ങളും അറ്റകുറ്റപ്പണി നടത്തി പുതിയ പെയിന്റ് നല്‍കി മനോഹരമാക്കിക്കഴിഞ്ഞു. പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമന്റെ ഉദ്യാനത്തിലെ ശില്പങ്ങളായ മലമ്പുഴ യക്ഷി, മുതല, നന്ദി ശില്പം എന്നിവയുടെ അറ്റകുറ്റപ്പണികള്‍ക്കായി അദ്ദേഹം നേരിട്ടെത്തുമെന്നും പറയുന്നു. ഈമാസം ഏഴു മുതല്‍ ഉദ്യാനത്തില്‍ പുഷ്‌പോത്സവമൊരുക്കും. ഉദ്യാനത്തിലെ പുഷ്‌പോത്സവത്തിനായി സ്വദേശിയും വിദേശിയുമായുള്ള ഒന്നരലക്ഷത്തോളം പൂക്കള്‍ ജലസേചന വകുപ്പിന്റെ ഓഫീസിനു സമീപത്തായി ഒരുങ്ങിക്കഴിഞ്ഞു. ഫ്രഞ്ച് മേരി ഗോള്‍ഡ്, ആഫ്രിക്കന്‍ മേരി ഗോള്‍ഡ്, വിങ്ക, ഗൗഫോര്‍മ ഫിലോഷ്യ തുടങ്ങി വിദേശയിനങ്ങളും പാല്‍സല്‍, ബാല്‍സം, ആന്തൂറിയം, പ്ലാമേറിയ, ഡാലിയ, സൂര്യകാന്തി തുടങ്ങിയ സ്വദേശി ഇനങ്ങളുമാണ് പുഷ്പമേളക്കായി ഒരുക്കിയിട്ടുള്ളത്. നൂറ്റമ്പതില്‍പരം വിഭിന്നമായ റോസ് പുഷ്പങ്ങളുമൊരുക്കുന്നുണ്ട്. മാര്‍ച്ച് ഏഴുവരെ ഒരു മാസം നീണ്ടുനില്‍ക്കുന്ന പുഷ്പമേള ഗാര്‍ഡന്‍ ഓവര്‍സിയര്‍ ആര്‍ പ്രസാദ്, ക്യൂറേറ്റര്‍ മോഹന്‍ദാസ്, സൂപ്പര്‍വൈസര്‍ അജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് നടത്തുന്നത്. പുഷ്‌പോത്സവത്തിനു മുന്നോടിയായി പ്ലാസ്റ്റിക് മുക്തമാക്കാനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു. തിരുവോണനാളില്‍ പ്രവര്‍ത്തനസജ്ജമായ വൈഫൈ സൗകര്യത്തോടെ സംസ്ഥാനത്തെതന്നെ ആദ്യത്തെ വൈഫൈ ടൂറിസം മേഖലയായി മലമ്പുഴ മാറുകയായിരുന്നു. അറുപതാം പിറന്നാളിനോടനുബന്ധിച്ച് ആറു പതിറ്റാണ്ടിനു ശേഷം സാഡില്‍ഡാമും പത്തുവര്‍ഷത്തിനു ശേഷം ഫൗണ്ടനും, ടെലിസ്‌കോപ്പ് ടവറും, ബാംബൂനെസ്റ്റുമെന്നുവേണ്ട റോക്ക് ഗാര്‍ഡനുമെല്ലാം ഇപ്പോള്‍ കൂടുതല്‍ മനോഹാരമാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.