കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കോഴിക്കോട് സ്വദേശിയും എസ്ബിടി താരവുമായ ഷിബിന്‍ ലാലാണ് നായകന്. ഇരുപതംഗ ടീമില്‍ നാലു പേര് പുതുമുഖങ്ങള്‍. ആറു തവണ സന്തോഷ് ട്രോഫി കളിച്ചിട്ടുള്ള വി.വി. സുര്‍ജിത്താണ് ടീമിലെ സീനിയര്‍. ഐ ലീഗ് താരങ്ങളായ ഷാഹിന്‍ലാല്‍, പ്രവീണ്‍ കുമാര്‍ എന്നിവരും ടീമിലിടം നേടിയിട്ടുണ്ട്. കേരള ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍, സെക്രട്ടറി പി. അനില്‍കുമാര്‍ എന്നിവരാണ് ടീമിനെ പ്രഖ്യാപിച്ചത്. കോതമംഗലത്തു നടന്ന ക്യാംപില്‍ നിന്ന് ടീം തെരഞ്ഞെടുപ്പ്.
ഗോള്‍ കീപ്പര്‍ ഹജ്മല്‍, വയനാട് സ്വദേശി സെന്‍ട്രല്‍ എക്സൈസ് താരം എന്‍.ബി. മുഹമ്മദ് റാഫി, കാസര്‍കോടിന്റെ എ. പ്രവീണ്‍ കുമാര്‍, എം. ഷഹിന്‍ലാല്‍ എന്നിവര്‍ പുതുമുഖങ്ങള്‍. കോഴിക്കോട് സ്വദേശിയായ ഷഹിന്‍ലാല്‍ ഭാരത് എഫ്സിയുടെ ഐ ലീഗ് താരമാണ്. മുന്നേറ്റ നിരയില്‍ എം. ഷൈജുമോന്‍, വി.പി. സുഹൈര്‍ എന്നിവര്‍ ഇത്തവണയും ടീമിലിടം നേടി.
തമിഴ്നാട്, തെലങ്കാന, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍, കര്‍ണാടക, ആന്ധ്ര തുടങ്ങിയ ടീമുകളടങ്ങുന്ന എ ഗ്രൂപ്പിലാണ് കേരളം. പ്രാഥമിക റൗണ്ടില്‍ ഈ മാസം ഒമ്പതിന് ആന്‍ഡമാന്‍ നിക്കോബാറിനെതിരെ ആദ്യ മത്സരം. ചടങ്ങില്‍ ടീമിനുള്ള ജഴ്സി എസ്ബിടി ജനറല്‍ മാനേജര്‍ എസ്. ഹരിശങ്കര്‍ ക്യാപ്റ്റന്‍ ഷിബിന്‍ലാലിന് കൈമാറി. മുഖ്യ കോച്ച് നാരായണ മേനോനും ചടങ്ങില്‍ പങ്കെടുത്തു. മത്സരത്തിനായി ടീം ആറിനു രാവിലെ ആലപ്പി-ധന്‍ബാദ് എക്സ്പ്രസില്‍ എറണാകുളത്തു നിന്നും യാത്ര തിരിക്കും.
ടീം: എസ്. ഹജ്മല്‍, വി.മിഥുന്, എം.ഷഹിന്‍ലാല്‍ (ഗോള്‍ കീപ്പര്‍മാര്‍), വി.വി. സുര്‍ജിത്ത്, എസ്. ലിജോ, ബി.ടി. ശരത്ത്, രാഹുല്‍ വി.വി, വി.ജി. ശ്രീരാഗ്, ഷെറിന് സാം (പ്രതിരോധനിര), ജിജോ ജോസഫ്, വി.കെ. ഷിബിന്‍ലാല്‍, എന്‍.ബി. മുഹമ്മദ് റാഫി, എ. പ്രവീണ്‍കുമാര്‍, വി.എസ്. അഷ്കര്‍. (മധ്യനിര), ജിപ്സണ്‍ ജസ്റ്റസ്, കെ. ഫിറോസ്, എന്‍. സുമേഷ്, എസ്. സീസണ്, വി.പി. സുഹൈര്‍, എം. ഷൈജുമോന്‍ (മുന്നേറ്റ നിര), നാരായണ മേനോന് (ചീഫ് കോച്ച്), ഫിറോസ് ഷെരീഫ് (ഗോള്‍കീപ്പര്‍ കോച്ച്), ഹാരി ബെന്നി (അസിസ്റ്റന്റ് കോച്ച്), ടി.ടി. ഷജില്‍ (ടീം ഫിസിയോ).
പ്രതികരിക്കാൻ ഇവിടെ എഴുതുക: