ബിവ്‌റേജസില്‍ കൃത്രിമ തിരക്ക്

Thursday 4 February 2016 10:41 pm IST

വൈക്കം : ബിവ്‌റേജസ് കോര്‍പ്പറേഷനില്‍ കൃത്രിമ തിരക്ക് സൃഷ്ടിച്ച് കള്ള് ഷാപ്പുകാരെയും സ്വകാര്യ ബിയര്‍ പാര്‍ലറുകളെയും സഹായിക്കുന്നെന്ന ആക്ഷേപം ശക്തം. നിലവില്‍ മണ്ഡലത്തില്‍ രണ്ട് ബിവ്‌റേജസ് ഔട്ട്‌ലെറ്റുകളാണുള്ളത്. ഒന്ന് വൈക്കം ടൗണിലും മറ്റൊന്ന് തലയോലപ്പറമ്പിലും. ഇതില്‍ ഏറ്റവുമധികം വരുമാനം ലഭിക്കുന്നത് വൈക്കത്തുനിന്നാണ്. ഇവിടെ താല്‍ക്കാലിക ജീവനക്കാരുള്‍പ്പെടെ പത്തിലധികം ജീവനക്കാരുണ്ടെങ്കിലും മൂന്നുപേര്‍ മാത്രമാണ് ജോലിക്കെത്തുന്നത്. ദിവസവും ആയിരത്തിലധികം പേരാണ് മദ്യം വാങ്ങുന്നതിന് ഇവിടെ എത്തുന്നത്. ഇവര്‍ക്കായി ഒരു കൗണ്ടര്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മിക്കദിവസങ്ങളിലും ഇവിടെ തിക്കും തിരക്കുംമൂലം വാക്കേറ്റങ്ങളുണ്ടാകുന്നത് പതിവാണ്. ബില്ല് അടിക്കുന്നതിനും മദ്യം വിതരണം ചെയ്യുന്നതിനും താമസം വരുന്നതാണ് സംഘര്‍ഷമുണ്ടാകാന്‍ കാരണം. ചില ഉദ്യോഗസ്ഥര്‍ അവധി ദിവസങ്ങളില്‍ ഏജന്റുമാരെ ഉപയോഗിച്ച് മദ്യവില്‍പന നടത്തുന്നതായും ആക്ഷേപമുണ്ട്. ടി.വി പുരത്തും ചെമ്മനത്തുകരയിലുമാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നിലവിലുള്ള വിലയില്‍ നിന്നും 100 മുതല്‍ 150 രൂപ വരെ കൂട്ടിയാണ് അവധി ദിവസങ്ങളില്‍ മദ്യവില്‍പന നടത്തുന്നത്. കൃത്രിമത്തിരക്ക് സൃഷ്ടിക്കപ്പെടുമ്പോള്‍ മദ്യം വാങ്ങാനെത്തുന്നവര്‍ ഷാപ്പുകളിലും ബിയര്‍ പാര്‍ലറുകളെയും ആശ്രയിക്കുന്നു. ഷാപ്പുകളിലും സ്വകാര്യ പാര്‍ലറുകളിലും കച്ചവടം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ബിവ്‌റേജസ് ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ ലഭിക്കുന്നതായും ആക്ഷേപമുണ്ട്. കമ്മീഷന്‍ കൂടുതല്‍ ലഭിക്കുന്ന കമ്പനികളുടെ മദ്യങ്ങളാണ് ഔട്ട്‌ലെറ്റുകള്‍ വഴി വിതരണം നടത്തുന്നത്. ചില ജീവനക്കാര്‍ മദ്യപിച്ചാണ് ജോലിക്കെത്തുന്നതെന്നും പരാതിയുണ്ട്. ഇതുസംബന്ധിച്ച് ബിവ്‌റേജസ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.