വിലസ്ഥിരതയുള്ള കാര്‍ഷിക മേഖലയാണ് ക്ഷീര കാര്‍ഷിക രംഗം: മന്ത്രി

Thursday 4 February 2016 10:54 pm IST

ഉളിക്കല്‍: റബ്ബര്‍, നാളികേരം, നെല്ല് തുടങ്ങിയ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിലത്തകര്‍ച്ച നേരിടുമ്പോഴും ഉല്‍പ്പന്നങ്ങളുടെ വിലയുടെ കാര്യത്തില്‍ സ്ഥിരതയുള്ളതാണ് ക്ഷീരകാര്‍ഷിക രംഗമെന്ന് മന്ത്രി കെ.സി.ജോസഫ്. മണിക്കടവില്‍ അനുവദിച്ച ക്ഷീരവികസന സര്‍വ്വീസ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ക്ഷീരോത്സവത്തില്‍ ഉൡക്കല്‍ പഞ്ചായത്ത് മികച്ച പ്രകടനം കാഴ്ചവെച്ച സാഹചര്യത്തിലാണ് പുതിയ യൂണിറ്റ് അനുവദിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. നാളികേരത്തിന്റെയും റബ്ബറിന്റെയും വിലത്തകര്‍ച്ച നമ്മുടെ സമ്പദ്ഘടനയെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും പാലിന്റെ വിലയില്‍ ചെറിയ മാറ്റം ഉണ്ടാകുന്നതല്ലാതെ വലിയൊരിടിവ് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാര്‍ മൂന്ന് തവണയായി 13 രൂപ പാല്‍ വില വര്‍ധിപ്പിച്ചു. അഞ്ച് വര്‍ഷം മുമ്പ് 7.5 ലക്ഷം ലിറ്റര്‍ പാലാണ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങിയിരുന്നതെങ്കില്‍ ഇന്ന് 1.5 മുതല്‍ 2 ലക്ഷം ലിറ്റര്‍ വരെ പാല്‍ മാത്രമാണ് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുന്നതെന്നും മന്ത്രി വ്യക്തമാക്കി. കൃഷിക്കാരുടെ അധ്വാനമാണ് നമ്മുടെ നാടിന്റെ വളര്‍ച്ചയ്ക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ലി അലക്‌സാണ്ടര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ക്ഷീര വികസന സെമിനാറും പാല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ പരിശീലനവും പരിപാടിയുടെ ഭാഗമായി നടന്നു. പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡെയ്‌സി ചിറ്റൂപറമ്പില്‍, ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ തമ്പി മാത്യു, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ കെ ടി സരോജിനി, റവ.ഫാ.മാത്യു മണിമലതറപ്പില്‍, ഉളിക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു പൂപ്പള്ളില്‍, പയ്യാവൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി.അഷ്‌റഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോളി കാട്ടുവിള, ലിസമ്മ ബാബു, മേഴ്‌സി ജോസ് തുരുത്തേല്‍, എം.ജി.ഷണ്‍മുഖന്‍, രാജി.എസ്.മണി തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.