പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് ദുരിതമാകുന്നു രാത്രികാല ട്രോളിംഗിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തം: മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയെ തകിടംമറിക്കുന്നു

Thursday 4 February 2016 11:00 pm IST

കണ്ണൂര്‍: രാത്രികാല ട്രോളിംഗിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. രാത്രികാല ട്രോളിംഗ് മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയെ തകിടംമറിക്കുന്നതായി പരാതി. രാത്രികാല ട്രോളിംഗ് പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് ദുരിതം സമ്മാനിക്കുന്നതായും തൊഴിലാളികള്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പേ നിരോധിച്ചതാണ് രാത്രികാല ട്രോളിംഗ് . എന്നാല്‍ ഇത് പരിശോധിച്ച് നടപടിയെടുക്കേണ്ട ഫിഷറീസ്, മറൈന്‍, കോസ്റ്റല്‍ പോലീസ് എന്നീ വകുപ്പുകള്‍ പരസ്പരം പഴിചാരി നിരുത്തരവാദപരമായി പെരുമാറുകയാണെന്നും പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ പറയുന്നു. ഇതു കാരണം പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ ദുരിതമനുഭവിക്കുകയാണെന്ന് തൊഴിലാളികള്‍ പറയുന്നു.സമുദ്രത്തിലെ കഠിനമായ ചൂടും വര്‍ദ്ധിച്ചു വരുന്ന പ്ലാസ്റ്റിക്ക് മാലിന്യ നിക്ഷേപവും കാരണം സ്വതവേ കുറഞ്ഞു വരുന്ന മത്സ്യ സമ്പത്ത് രാത്രികാല ട്രോളിംഗ് കാരണം വന്‍ ഇടിവ് സംഭവിക്കുകയാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയെ പൂര്‍ണ്ണമായും തകര്‍ക്കുന്ന തരത്തിലാണ് രാത്രികാല ട്രോളിംഗ് നടക്കുന്നത്. രാത്രികാല ട്രോളിംഗ് കാരണം തീരത്തോട് ഇറങ്ങി വരേണ്ട മത്സ്യങ്ങള്‍ കൂട്ടത്തോടെ പ്രദേശം വിട്ടുപോവുകയാണെന്നും ഇവര്‍ പറയുന്നു. ഇതു കാരണം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലാണ്. രാത്രികാലത്ത് പരമ്പരാഗത രീതിയില്‍ ഇളക്ക് വലയായ പാച്ചിവല, ഓടുവല എന്നിവ ഉപയോഗിച്ച് തൊഴിലെടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇത്തരം വലകള്‍ക്ക് മുകളിലൂടെ ബോട്ടുകള്‍ സര്‍വ്വീസ് നടത്തവെ വല മുറിഞ്ഞ് വന്‍ നഷ്ടമാണ് സംഭവിക്കുന്നത്. യാതൊരു നിയന്ത്രണവുമില്ലാതെ ഉറക്കമൊഴിഞ്ഞ് അലസമായി ബോട്ട് ഓടിക്കുന്നത് കാരണം ചെറുവളളങ്ങള്‍ തകര്‍ന്ന സംഭവങ്ങള്‍ നിരവധിയാണ്. ഇത്തരത്തില്‍ പരമ്പരാഗത മത്സ്യ തൊഴിലാളികളെ ഗുരുതരമായി ബാധിക്കുന്ന ബോട്ടുകളുടെ രാത്രികാല ട്രോളിംഗിന് നിയന്ത്രണം കൊണ്ടുവരാനെങ്കിലും അധികൃതര്‍ തയ്യാറാവണമെന്നാവശ്യപ്പെട്ട് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കഴിഞ്ഞദിവസം എഡിഎമ്മിന് നിവേദനം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.