വെന്നിമല ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറ്റ്

Friday 5 February 2016 10:39 pm IST

കോട്ടയം: ചരിത്രപ്രസിദ്ധമായ വെന്നിമല ശ്രീരാമലക്ഷ്മണ സ്വാമി ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ ഉത്സവത്തിന് നാളെ തന്ത്രി താഴമണ്‍മഠം കണ്ഠരര് രാജീവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറും. തുടര്‍ന്ന് ശ്രീഭൂതബലി, ശാസ്ത്രീയനൃത്തങ്ങള്‍ എന്നിവയുണ്ടാകും. രണ്ടാം ദിവസം രാത്രി 9ന് കൊടിക്കീഴില്‍ വിളക്ക്. മൂന്നാംദിവസം മുതല്‍ ഉത്സവബലി, ഉത്സവബലിദര്‍ശനം, ശ്രീഭൂതബലി എന്നിവയുണ്ടാകും. അഞ്ചാം ഉത്സവത്തിന് പ്രത്യേക പൂജകള്‍ക്ക് പുറമേ വൈകിട്ട് 6.30ന് ഭരതനാട്യം അരങ്ങേറും. ആറാം ദിനം ചാക്യാര്‍കൂത്ത്, ചതുഃശത നിവേദ്യം, മഹാപ്രസാദമൂട്ട് എന്നിവയുണ്ടാകും. വൈകിട്ട് 6ന് ഭക്തിഗാനസുധയും തുടര്‍ന്ന് നൃത്തനൃത്ത്യങ്ങളും അരങ്ങേറും. ഏഴാംദിനം പ്രത്യേക പൂജകള്‍ക്ക് പുറമേ ചാക്യാര്‍കൂത്ത്, സംഗീതസദസ്സ് എന്നിവയും എട്ടാംദിനം വൈകുന്നേരം ഭജന, മെഗാഷോ എന്നിവയും ഉണ്ടാകും. ഒമ്പതാംദിനമാണ് പള്ളിവേട്ട. പ്രത്യേക പൂജകള്‍ക്ക് ശേഷം വൈകിട്ട് 5ന് സേവ, 10ന് പള്ളിനായാട്ട് എഴുന്നള്ളിപ്പ്, തീയാട്ട് എന്നിവ നടക്കും. പത്താംദിവസം വൈകുന്നേരം 4ന് ആറാട്ട്കടവിലേക്ക് എഴുന്നള്ളിപ്പ്, 7ന് ആറാട്ട്, 11.30ന് കൊടിക്കീഴില്‍പറ, വലിയകാണിക്ക, കൊടിയിറക്ക് എന്നിവ നടക്കും. പുരാവസ്തു വകുപ്പില്‍നിന്നും അനുവദിച്ച തുക ഉപയോഗിച്ച് നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങളുടെ സമര്‍പ്പണവും നാളെ രാവിലെ 10ന് നടക്കും. പൊതുസമ്മേളനം സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സെക്രട്ടറി തെള്ളകം മോഹനന്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. നവീകരിച്ച ബലിക്കല്‍പ്പുര, ആനക്കൊട്ടില്‍, ഗോപുരം എന്നിവ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഭക്തജനങ്ങള്‍ക്കായി സമര്‍പ്പിക്കും. ക്ഷേത്രത്തിന്റെ വകയായി രഥത്തിന്റെ നിര്‍മ്മാണ പ്രവൃത്തികളും അവസാനഘട്ടത്തിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.