മാഡ്രിഡ്: സ്പാനിഷ് കോപ്പ ഡെല്‍ റേയില്‍ സെവിയക്ക് തകര്‍പ്പന്‍ വിജയം. ഇന്നലെ പുലര്ച്ചെസമാപിച്ച സെമിഫൈനലിന്റെ ആദ്യപാദത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് സെവിയ സെല്‍റ്റ ഡി വീഗോയെ തകര്‍ത്തുവിട്ടത്. സ്വന്തം മൈതാനത്ത് നടന്ന പോരാട്ടത്തില്‍ എതിരാളികളെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് സെവിയന്‍ താരങ്ങള്‍ നടത്തിയത്. സെവിയയക്ക് വേണ്ടി കെവിന് ഗമെയ്റോ രണ്ട് ഗോളുകള്‍ നേടി.
കളിയുടെ തുടക്കം മുതല്‍ എതിര്‍പ്രതിരോധത്തെ നിരന്തരം കീറിമുറിച്ചെങ്കിലും ലീഡ് നേടാന്‍ ആദ്യപകുതിയുടെ അവസാന മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. ആദില്‍ റമി ഹെഡ്ഡറിലൂടെയാണ് സെവിയക്ക് ലീഡ് നേടിക്കൊടുത്തത്. പിന്നീട് 59, 62 മിനിറ്റുകളില്‍ കെവിന് ഗമെയ്റോ സെല്‍റ്റ വല കുലുക്കിയതോടെ സെവിയ വിജയം ഉറപ്പിച്ചു. പിന്നീട് 87-ാം മിനിറ്റില്‍ മൈക്കല്‍ ഡെഹ്ലിയും ലക്ഷ്യം കണ്ടതോടെ സെവിയന്‍ ഗോള്‍പട്ടിക പൂര്‍ണ്ണം.
ഗംഭീര വിജയത്തോടെ സെവിയ ഫൈനല്‍ ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തു. 11ന് നടക്കുന്ന രണ്ടാം പാദത്തില്‍ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെട്ടാലേ അവരുടെ ഫൈനല്‍ സാധ്യതകള്‍ മങ്ങൂ. ആദ്യപാദത്തില്‍ 7 ഗോളുകള്‍ക്ക് വിജയിച്ച ബാഴ്സയുമായിട്ടായിരിക്കും സെവിയ മിക്കവാറും ഫൈനല്‍ കളിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: