ജനങ്ങള്‍ തോല്‍പ്പിച്ചവര്‍ ജനങ്ങളെ തോല്‍പ്പിക്കുന്നു: മോദി

Saturday 6 February 2016 1:33 am IST

മൊറാന്‍ (ആസാം): ജനങ്ങള്‍ തോല്‍പ്പിച്ചവര്‍ ജനങ്ങളെ തോല്‍പ്പിക്കാന്‍ നിശ്ചയിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന്റെ ഫലമാണ് പാര്‍ലമെന്റ് സമ്മേളനങ്ങള്‍ അവര്‍ തടസപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ മോദിയെ പ്രവര്‍ത്തിക്കാന്‍’അനുവദിക്കില്ലെന്നു തീരുമാനിച്ച്, പാര്‍ലമെന്റ് സ്തംഭിപ്പിച്ച്, പാവങ്ങളുടെ ക്ഷേമത്തിനുതകുന്ന ബില്ലുകള്‍ തടസപ്പെടുത്തുകയാണ്, പ്രധാനമന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ തൊഴിലാളികള്‍ക്ക് അര്‍ഹമായ 27,000 കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍ കെട്ടിക്കിടക്കുകയായിരുന്നു. അതു വിതരണം ചെയ്യാന്‍ സംവിധാനമൊരുക്കുന്നതുള്‍പ്പെടെ കര്‍ഷകര്‍ക്ക് ക്ഷേമകരമായ ഒട്ടേറെ പദ്ധതികളുടെ ബില്ലുകള്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ ചിലര്‍ തടസപ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍, കോണ്‍ഗ്രസ് ഒഴികെ മറ്റു പ്രതിപക്ഷ കക്ഷികള്‍ക്ക് ഈ നിലപാടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റ് നടപടികള്‍ ഒരു കുടുംബം തടസപ്പെടുത്തുകയാണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയേയും നെഹ്‌റു കുടുംബാംഗങ്ങളേയും പേരെടുത്തു പറയാതെ മോദി വിമര്‍ശിച്ചു. ആസാമിലെ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്വേഷരാഷ്ട്രീയം കളിക്കുന്ന അവര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി നേരിട്ടവരാണ്. 400-ല്‍ നിന്ന് 40-ലേക്കു വീണുപോയ അവര്‍ നരേന്ദ്ര മോദിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നു തീരുമാനിച്ചിരിക്കുകയാണ്. ഈ ഗൂഢാലോചന തുടരുകയാണ്, മോദി വിശദീകരിച്ചു. കഴിഞ്ഞ രണ്ടു പാര്‍ലമെന്റ് സമ്മേളനങ്ങള്‍ പ്രതിപക്ഷ പ്രക്ഷോഭങ്ങള്‍കൊണ്ടു തടസപ്പെടുകയും ഫെബ്രുവരി 23-ന് അടുത്ത സമ്മേളനം തുടങ്ങാനിരിക്കെയുമാണ് ഈ വിമര്‍ശനം. പ്രതിപക്ഷത്ത് ഒട്ടേറെ പാര്‍ട്ടിയും നേതാക്കളുമുണ്ട് മോദിയേയും ബിജെപിയേയും സര്‍ക്കാരിനേയും എതിര്‍ക്കുന്നവരായി. പക്ഷേ, അവര്‍ പാര്‍ലമെന്റ്‌നടപടികള്‍ തടസപ്പെടരുതെന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ഒരു കുടുംബം, രാജ്യസഭാ നടപടികള്‍ നടക്കരുതെന്ന കാര്യത്തില്‍ കടുംപിടുത്തക്കാരാണ്. അവരെ ജനങ്ങള്‍ പരാജയപ്പെടുത്തിയതിനാല്‍ രാജ്യത്തിന്റെ വികസന പരിപാടികള്‍ തകര്‍ക്കണമെന്നാണ് നിലപാട്, മോദി പറഞ്ഞു. കുടുംബത്തിന്റെ പേര് പ്രധാനമന്ത്രി പറഞ്ഞില്ലെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിയേയും സോണിയാ ഗാന്ധി കുടുംബത്തേയുമാണ് ഉദ്ദേശിച്ചതെന്നു സുവ്യക്തമായി. ഈ വിദ്വേഷരാഷ്ട്രീയം കൊണ്ട് രാജ്യത്തിന് നേട്ടമൊന്നും ഉണ്ടാവില്ല. ഒരു കുടുംബം മാത്രമാണ് ഈ തടസപ്പെടുത്തലിനെക്കുറിച്ച് ആലോചിക്കുന്നതും ആഗ്രഹിക്കുന്നതും. മറ്റ് പ്രതിപക്ഷ കക്ഷിനേതാക്കള്‍ അങ്ങനെയല്ല. ആസാമില്‍ കേന്ദ്രസര്‍ക്കാരിനൊപ്പം നില്‍ക്കുന്ന സര്‍ക്കാര്‍ ഉണ്ടാകുന്നതാണ് സംസ്ഥാനത്തിനു നല്ലതെന്ന് മോദി പറഞ്ഞു. തേയിലത്തോട്ടം തൊഴിലാളികളുടെ പടുകൂറ്റന്‍ റാലിയെയാണ് മോദി സംബോധന ചെയ്തത്. സംസ്ഥാനജനതയുടെ ക്ഷേമം നോക്കുന്നതിനു പകരം കേന്ദ്രത്തെ എന്തിനും വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയേയും സര്‍ക്കാരിനെയും മോദി വിമര്‍ശിച്ചു. കേന്ദ്രത്തില്‍നിന്ന് ചിരിച്ചും ചോദിച്ചും സഹായം വാങ്ങിയശേഷം ചിലര്‍ വിമര്‍ശിക്കുകയും കുറ്റപ്പെടുത്തുകയുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആസാം ലോകമെമ്പാടും അറിയപ്പെടുന്നതിനു കാരണം ഇവിടുത്തെ തേയിലയും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന നിങ്ങളും മൂലമാണെന്നു പറഞ്ഞ മോദി, ഒരു ചായവില്‍പ്പനക്കാരന്റെ മകനായ തനിക്ക് ഈ ജനക്കൂട്ടത്തിന്റെ മനസ്സും വികാരവും അറിയാമെന്ന് പറഞ്ഞത് വമ്പിച്ച ആരവത്തോടെയാണ് ജനസഹസ്രം സ്വീകരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.