ഗവര്‍ണര്‍ പദവിയെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്തു: വി. മുരളീധരന്‍

Saturday 6 February 2016 2:55 am IST

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമൊഴിയുന്നതിനു രണ്ടു മാസങ്ങള്‍ക്കു മുമ്പ് നിയമസഭയില്‍ ഗവര്‍ണറെകൊണ്ട് നടത്തിച്ച നയപ്രഖ്യാപന പ്രസംഗം തെരഞ്ഞെടുപ്പു മുന്നില്‍കണ്ടുള്ള പ്രഖ്യാപനങ്ങള്‍ മാത്രമാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ പറഞ്ഞു. മഹനീയമായ ഗവര്‍ണര്‍ പദവിയെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണുണ്ടായത്. നയപ്രഖ്യാപനം എന്ന ഭരണഘടനാ ബാധ്യത നിറവേറ്റാന്‍ നിര്‍ബന്ധിതനായ ഗവര്‍ണറെകൊണ്ട് സര്‍ക്കാര്‍ ഇത്തരത്തിലൊരു പ്രസംഗം നടത്തരുതായിരുന്നെന്നും മുരളീധരന്‍ പറഞ്ഞു. അഞ്ചുവര്‍ഷത്തെ ഉമ്മന്‍ചാണ്ടി ഭരണത്തില്‍ പ്രത്യേകിച്ച് നേട്ടമൊന്നും പറയാനില്ലാത്തതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ നടപ്പിലാക്കിയ പദ്ധതികളുടെ പേരില്‍ മേനിനടിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.  കേന്ദ്രത്തിലെ യുപിഎ ഭരണത്തില്‍ കേരളത്തില്‍ നിന്നുള്ള എട്ട് മന്ത്രിമാര്‍ ഉണ്ടായിരുന്ന കാലത്ത് ലഭിക്കാത്ത പിന്തുണയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ കേരളത്തിനു നല്‍കുന്നത്. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ വന്നശേഷമാണ് വിഴിഞ്ഞം ഉള്‍പ്പെടെയുള്ള വികസന പദ്ധതിക്ക് ജീവന്‍ വച്ചത്. അതെല്ലാം സ്വന്തം നേട്ടമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്നത് പരിഹാസ്യമാണെന്ന് വി.മുരളീധരന്‍ പറഞ്ഞു. യുപിഎ ഭരണകാലത്ത് വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്രത്തില്‍ നിന്ന് യാതൊരു സഹായവും ലഭ്യമായിരുന്നില്ല. പദ്ധതി അട്ടിമറിക്കുന്ന സമീപനമാണ് മന്‍മോഹന്‍ സര്‍ക്കാരിലെ ചില മന്ത്രിമാര്‍ സ്വീകരിച്ചത്. കേരളത്തിലെ റോഡ് വികസനത്തിനും ബൈപാസുകളുടെ നിര്‍മ്മാണത്തിനും ചരിത്രത്തിലില്ലാത്ത തരത്തിലുള്ള സഹായമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിവരുന്നത്. റെയില്‍വേ വികസനത്തിലും യുപിഎ സര്‍ക്കാര്‍ അവഗണിച്ചപ്പോള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഉദാര സമീപനം കേരളത്തോട് കാട്ടി. ഇറാഖ്, യെമന്‍, ലിബിയ തുടങ്ങിയ രാജ്യങ്ങളിലെ യുദ്ധങ്ങെള തുടര്‍ന്ന് അവിടെ കുടുങ്ങിപ്പോയ മലയാളികളെ രക്ഷപ്പെടുത്താന്‍ ക്രിയാത്മകമായി ഇടപെട്ടത് കേന്ദ്രസര്‍ക്കാരാണ്. വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയവരെയും ജയിലില്‍ അകപ്പെട്ടവരെയും രക്ഷപ്പെടുത്താന്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ നടത്തിയ നയതന്ത്ര ഇടപെടല്‍ ലോകരാജ്യങ്ങള്‍ വരെ അംഗീകരിച്ചതാണ്. സത്യമിതായിരിക്കെ അതെല്ലാം യുഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടമായി എഴുതിവച്ച് ഗവര്‍ണറെകൊണ്ടു പറയിച്ചത് ശരിയായ നടപടിയല്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയെത്തിയ മലയാളികള്‍ക്ക് വാഗ്ദാനം ചെയ്ത തൊഴില്‍ പോലും നല്‍കാതെ അവരെ പറ്റിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭരണത്തില്‍നിന്ന് ഇറങ്ങിപ്പോകുന്ന വേളയിലെങ്കിലും ആ വാക്ക് പാലിക്കാന്‍ തയ്യാറാകണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു. നിയമസഭയില്‍ ഗവര്‍ണറെകൊണ്ട് അസത്യം പറയിച്ച് നേട്ടമുണ്ടാക്കാമെന്ന ഉമ്മന്‍ചാണ്ടിയുടെ മോഹം കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ല. തെരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള വേദിയായി നിയമസഭയെയും ഗവര്‍ണറെയും മാറ്റിയ നടപടി പ്രതിഷേധാര്‍ഹമാണെന്നും വി.മുരളീധരന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.