നമ്മുടെ കണക്ക്, അവരുടെ കളി; ഭാരത ക്രിക്കറ്റുണ്ടായി

Saturday 6 February 2016 7:07 pm IST

ഭാരതത്തിലെ ദീര്‍ഘനാളത്തെ വൈദേശിക ഭരണാധിപത്യം ഏതാണ്ടെല്ലാ രംഗത്തും ഭാരതീയരുടെ ജീവിതത്തെ ബാധിച്ചു. അത് കായിക രംഗത്തെ കൊളോണിയല്‍ ആധുനികത യൂറോപ്യന്‍-ഇംഗ്ലീഷ് കായിക രൂപങ്ങളുടെ രൂപത്തില്‍ കടന്നുവന്നപ്പോള്‍ പരമ്പരാഗത കായിക രംഗങ്ങളില്‍ നിന്ന് ഭാരതീയരുടെ താല്‍പര്യം ക്രമേണ ഇംഗ്ലീഷ് കായിക രൂപങ്ങളിലേക്ക് മാറി. ഇവിടുത്തെ ഗുസ്തി, പകിടകളി തുടങ്ങിയ സാധാരണക്കാരുടെ കായിക വിനോദങ്ങള്‍ക്ക് മേലെ ബ്രിട്ടീഷുകാര്‍ അവരുടെ കായിക വിനോദങ്ങളായ ക്രിക്കറ്റ്, ഹോക്കി, ഫുട്‌ബോള്‍, ടെന്നീസ്, സ്‌ക്വാഷ് തുടങ്ങിയവ പരിചയപ്പെടുത്തി. അങ്ങനെ യൂറോപ്യന്‍ ആധുനികതയുടെ പ്രതീകങ്ങളായ ഈ കായികരൂപങ്ങള്‍ പരമ്പരാഗത ഭാരത സമൂഹത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. കൊളോണിയല്‍ ആധുനികതയോടുള്ള അക്കാലത്തെ ഭാരതീയന്റെ അനുകൂല നിലപാടും മനോഭാവവും ഇതിന് ഊര്‍ജ്ജം പകര്‍ന്നു നല്‍കി. യൂറോപ്യന്‍-ഇംഗ്ലീഷ് കായികരൂപങ്ങളില്‍ ഏറ്റവും സങ്കീര്‍ണ്ണമെന്ന് പറയാവുന്നത്, അനുകരിക്കാന്‍ ഏറെ വിഷമമുള്ള കായികരൂപം അഥവാ കായികവിനോദം ക്രിക്കറ്റായിരുന്നു. ഇതിന്റെ ഭാരതചരിത്രവും, പ്രത്യേകിച്ച് കൊളോണിയല്‍ കാലഘട്ടത്തിലെ ചരിത്രവും അങ്ങേയറ്റം സങ്കീര്‍ണ്ണമാണ്. 19-ാം നൂറ്റാണ്ടിലെ ഭാരത സാമൂഹിക,സാംസ്‌കാരിക,രാഷ്ട്രിയ സാഹചര്യങ്ങള്‍ക്കുള്ള മറുപടിയായിട്ടോ, പ്രതികരണമായിട്ടോ ആണ് ഇവിടെ ക്രിക്കറ്റ് വളര്‍ന്നു വന്നത്. പിന്നീട് ഭാരതീയന്റെ ജീവശ്വാസമായി മാറിയ ആധുനികതയുടെ ബിംബങ്ങളില്‍ പ്രധാനപ്പെട്ടത് ക്രിക്കറ്റായിരുന്നു. മറ്റ് ഇംഗ്ലീഷ് കായിക വിനോദങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഇംഗ്ലീഷുകാര്‍ തന്നെ ക്രിക്കറ്റിന് ഒരു സ്ഥാനവും പദ്ധതിയും നല്‍കി. അത് എല്ലാ അര്‍ത്ഥത്തിലും ഇംഗ്ലണ്ടിലെ കുലീനവിഭാഗത്തിന്റെ കളിയായിരുന്നു. criket18-ാം നൂറ്റാണ്ടിലെ രണ്ടാംപകുതിയിലാണ് ക്രിക്കറ്റ് ഭാരതത്തില്‍ ആദ്യമായി കളിക്കാന്‍ തുടങ്ങിയത്. ഇതേസമയത്താണ് ക്രിക്കറ്റ് ഇംഗ്ലണ്ടിലെ ഗ്രാമങ്ങളില്‍ ഒരു കായികരൂപമെന്ന നിലയില്‍ വളരാന്‍ തുടങ്ങിയത്. ഗ്രാമങ്ങളില്‍ നിന്ന് ഈ കായികരൂപം പരിഷ്‌കരിക്കപ്പെടുകയും, പരിഷ്‌കരിക്കപ്പെട്ട കായികരൂപത്തിന്റെ പ്രചാരണം ഇംഗ്ലണ്ടിലെ കൂലീനവര്‍ഗ്ഗം എറ്റെടുക്കുകയും ചെയ്തു. ഈ കാലഘട്ടത്തില്‍ ദിവാനി അവകാശത്തിലൂടെ സ്വരൂപിച്ച, ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ നിക്ഷേപിക്കപ്പെട്ട പണവുമായി അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഇംഗ്ലണ്ട് എന്ന ദ്വീപ് ഒരു വ്യാവസായിക ശക്തിയായി വളരാന്‍ തുടങ്ങി. ഭാരതത്തില്‍ ക്രിക്കറ്റ് കൊണ്ടുവന്നത് 18-ാം നൂറ്റാണ്ടില്‍ ഇവിടെ എത്തിച്ചേര്‍ന്ന ബ്രിട്ടീഷ് സൈനികയും സിവില്‍ ഉദ്യോഗസ്ഥരുമാണ്. 'രണ്ട് ഇംഗ്ലീഷുകാര്‍ ചേര്‍ന്നാല്‍ മൂന്നാമത് രൂപം കൊള്ളുന്നത് ഒരു ക്ലബാണ്' (ലാപിയര്‍ ആന്റ് കോളിന്‍സ്, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍) ഇംഗ്ലീഷുകാരുടെ പരസ്പര സംഗമത്തിലൂടെ ഭാരതത്തില്‍ ആദ്യത്തെ ക്രിക്കറ്റ് ക്ലബുകള്‍ സ്ഥാപിക്കപ്പെട്ടു. കല്‍ക്കത്ത, ബോംബെ, മദ്രാസ് എന്നിവയായിരുന്നു ഭാരതതത്തിലെ മൂന്ന് പ്രധാന ക്രിക്കറ്റ് കേന്ദ്രങ്ങള്‍. ഈ മൂന്ന് നഗരങ്ങളും ഇവിടുത്തെ ബ്രിട്ടീഷ് ഭരണത്തിന്റെ കേന്ദ്രങ്ങളായിരുന്ന കല്‍ക്കത്ത പ്രസിഡന്‍സി, ബോംബെ പ്രസിഡന്‍സി, മദ്രാസ് പ്രസിഡന്‍സി എന്നിവയുടെ ആസ്ഥാനങ്ങളായിരുന്നു. 1780 ല്‍ കല്‍ക്കത്തയില്‍ കല്‍ക്കത്ത ക്രിക്കറ്റ് ക്ലബ് സ്ഥാപിക്കപ്പെട്ടു. 1792 ല്‍ കല്‍ക്കത്തയില്‍ നിന്നുള്ള ക്രിക്കറ്റ് മത്സരങ്ങളുടെ തെളിവുകള്‍ നമുക്ക് ലഭിച്ചിട്ടുണ്ട്. പ്ലാസി, ബക്‌സര്‍ യുദ്ധങ്ങളിലെ ഇംഗ്ലീഷുകാരുടെ വിജയമാണ് കല്‍ക്കത്തയിലെ ക്രിക്കറ്റിന്റെ ആഗമനത്തിന് വഴിയൊരുക്കിയത്. 1790 ല്‍ ബോംബെയില്‍ ക്രിക്കറ്റ് ആരംഭിക്കപ്പെട്ടു. 19-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍, 1846 ല്‍ മദ്രാസ് ക്രിക്കറ്റ് ക്ലബ് സ്ഥാപിക്കപ്പെട്ടു. 19831780 മുതല്‍ 1840 വരെ ക്രിക്കറ്റ് ഭാരതത്തില്‍ ഇംഗ്ലീഷുകാരന്റെ മാത്രം കളിയായിരുന്നു. 1840 കള്‍ക്ക് ശേഷമാണ് ഇവിടുത്തുകാര്‍ ക്രിക്കറ്റില്‍ തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കാന്‍ തുടങ്ങിയത്. കൊളോണിയല്‍ ഭരണത്തിന്റെ പ്രതീകമായ ക്രിക്കറ്റ് എന്ന ആധുനികതയെ ആദ്യം ഏറ്റെടുത്തത്, അല്ലെങ്കില്‍ ഈ കായികരൂപത്തെ ആദ്യം അനുകരിക്കാന്‍ ശ്രമിച്ചവരില്‍ പ്രമുഖര്‍ ബോംബെയിലെ പാഴ്‌സികളും, ഭാരതത്തിലെ നാട്ടുരാജാക്കന്‍മാരുമായിരുന്നു. ഇംഗ്ലീഷ് അനുകരണത്തിന്റെ ഭാഗമായിരുന്നു ഭാരത നാട്ടുരാജാക്കന്‍മാരുടെ ക്രിക്കറ്റ് പ്രേമം. ക്രിക്കറ്റിനെ രണ്ട് കൈയുംനീട്ടി സ്വീകരിച്ച നാട്ടുരാജാക്കന്‍മാരില്‍ പ്രമുഖര്‍ നെട്ടോര്‍, കോച്ച് ബേഹാര്‍, ഗ്വാളിയോര്‍, പട്യാല, ദുംഗര്‍പൂര്‍, വിസി നഗരം എന്നിവരായിരുന്നു. കൊളോണിയല്‍ ആധുനികതയോടുള്ള അനുഭാവ പൂര്‍ണ്ണമായ സമീപനമാണ് നാട്ടുരാജാക്കന്മാരെ ക്രിക്കറ്റിനെ സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. ഭാരതത്തിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ കേന്ദ്രങ്ങളായ, ആധുനികതയുടെ പ്രതീകങ്ങളായ സര്‍വ്വകലാശാലകളും ക്രിക്കറ്റിന്റെ പ്രധാന കേന്ദ്രങ്ങളായിരുന്നു. 1857 ല്‍ ഭാരതത്തിലെ ശിപായിമാരും, നാട്ടുരാജാക്കന്മാരും കര്‍ഷകരും ബ്രിട്ടീഷ് ഭരണത്തിനെതിരെ കലാപം നടത്തിയ അതേ സന്ദര്‍ഭത്തിലാണ്, 1857 ലാണ് ബോംബെയിലും, മദ്രാസിലും, കല്‍ക്കത്തയിലും സര്‍വ്വകലാശാലകള്‍ സ്ഥാപിക്കപ്പെട്ടത്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടൊപ്പം കടല്‍ കടന്നെത്തിയ ക്രിക്കറ്റിനെ ഇവിടുത്തെ മദ്ധ്യവര്‍ഗ്ഗം സ്വീകരിക്കാന്‍ ഈ സര്‍വ്വകലാശാലകള്‍ കാരണമായി. 1880 കളാവുമ്പോഴേക്കും ക്രിക്കറ്റ് പാഴ്‌സികള്‍ക്കും നാട്ടുരാജാക്കന്മാര്‍ക്കും പുറമേ മേല്‍പറഞ്ഞ നഗരങ്ങളിലെ സാധാരണ ജനങ്ങളുടെ പ്രിയ കായികരൂപമായി മാറി. എന്താണ് ക്രിക്കറ്റ് എന്ന സങ്കീര്‍ണമായ കായിക രൂപത്തെ ഏറ്റെടുക്കാന്‍ ഭാരതത്തിലെ സാധാരണക്കാരെ പ്രേരിപ്പിച്ചത്? ക്രിക്കറ്റിനേക്കാള്‍ ലളിതമായ കായികരൂപങ്ങളില്‍ നിന്ന് വ്യത്യസ്തമായി എന്താണ് അവരെ ക്രിക്കറ്റിലേക്ക് ആകര്‍ഷിച്ചത്? ബ്രിട്ടീഷ് അധിനിവേശ തന്ത്രങ്ങളും, യൂറോപ്യന്‍ ആധുനികതയും നടപ്പിലാക്കപ്പെട്ട മറ്റ് കൊളോണിയല്‍ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ക്രിക്കറ്റ് ഭാരതീയന്റെ ജീവിതമായി മാറിയതിന്റെ പിന്നില്‍ ഭാരത ഗണിതശാസ്ത്ര പാരമ്പര്യത്തിന്റെ സ്വാധീനം പ്രകടവും വ്യക്തവുമാണ്. ഗണിതശാസ്ത്രത്തിലെ ഭാരത പാരമ്പര്യം അറിഞ്ഞോ അറിയാതെയോ ഭാരതീയരുടെ ജീവിതരീതിയുടെ ഭാഗമായിട്ടുണ്ട്. ഗണിതം പ്രത്യേക വിഷയമായി പഠിക്കുംമുമ്പു തന്നെ ഗണിതം അഥവാ കണക്കുകൂട്ടല്‍ ഏതൊരു ഭാരതീയന്റെയും നിത്യജീവിതത്തിന്റെ ഭാഗമാണ്. പ്രാചീനകാലം മുതല്‍ക്കുള്ള ഭാരത വ്യാപാര വളര്‍ച്ചയെ ഗണിതശാസ്ത്രത്തിന്റെ ഭാഗമായി വേണം കരുതാന്‍. ലോകത്തിന് ഗണിതശാസ്ത്രത്തില്‍ മികച്ച സംഭാവന നല്‍കിയ രാജ്യം ഭാരതമാണ്. ഹാരപ്പന്‍ സംസ്‌കാരം മുതല്‍ ഭാരത ചരിത്രത്തില്‍ ഉടനീളം വ്യാപാരത്തിന്റെയും വര്‍ത്തകസംഘങ്ങളുടെയും സ്വാധീനം നമുക്ക് കാണാന്‍ സാധിക്കും. മദ്ധ്യഗംഗാ സമതലത്തില്‍ ബി.സി. 600 ന് ശേഷം ശക്തിപ്പെട്ട വ്യാപാര വളര്‍ച്ച ജൈന-ബൗദ്ധ മതങ്ങളുടെ ഉത്ഭവത്തിലും വളര്‍ച്ചയിലും പ്രധാന പങ്കുവഹിച്ചത്. ചുരുക്കത്തില്‍ കണക്കിന്റെ ധാര ഭാരതത്തിലെ സാധാരണക്കാരന്റെ ജീവിതത്തിലും മനസ്സിലുമുണ്ട്. ലോകത്തില്‍ ഏറ്റവും അധികം കണക്കുകൂട്ടലുകളുള്ള കായികരൂപം ക്രിക്കറ്റാണ്. കൊളോണിയല്‍ കാലഘട്ടത്തിലും, സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലും ക്രിക്കറ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട രൂപം അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ടെസ്റ്റ് ക്രിക്കറ്റാണ്. ചുരുക്കത്തില്‍ 22 കളിക്കാരുടെ അഞ്ച് ദിവസത്തെ കണക്കുകൂട്ടലിന്റെ കളികൂടിയാണ് ക്രിക്കറ്റ്. ക്രിക്കറ്റ് കളിക്കാന്‍, ക്രിക്കറ്റിനെ പിന്തുടരാന്‍, ആസ്വദിക്കാന്‍, കളിക്കാരന്റെ നേട്ടങ്ങളും കോട്ടങ്ങളും മനസ്സിലാക്കാന്‍ കണക്കുകൂട്ടല്‍ കൂടിയേ തീരു. ക്രിക്കറ്റ് ആസ്വദിക്കാന്‍ അസാധാരണമായ ഗണിതശാസ്ത്ര വൈദഗ്ദ്ധ്യം ആവശ്യമാണ്. ആ ആവശ്യം നിറവേറ്റുന്നതിലൂടെ മാത്രമേ ഒരു കാണി ശരിയായ ക്രിക്കറ്റ് ആസ്വാദകനാവുന്നുള്ളൂ. സ്‌കൂള്‍ വിദ്യാഭ്യാസംപോലും ലഭിക്കാത്ത നിരക്ഷരനായ ഭാരതീയര്‍ കൊളോണിയല്‍ കാലഘട്ടത്തില്‍ അഞ്ച് ദിവസത്തെ ക്രിക്കറ്റ് സ്‌കോര്‍ പിന്തുടര്‍ന്നത് ലളിതശാസ്ത്ര പാരമ്പര്യത്തിലാണ്. ശരാശരി ഗണിതശാസ്ത്ര ബോധമുള്ള ഒരു ക്രിക്കറ്റ് ആസ്വാദകന്റെ ഗണിതശാസ്ത്ര ബോധം വളര്‍ത്താന്‍ ക്രിക്കറ്റ് സഹായിച്ചിട്ടുണ്ട്. ഭാരതത്തിലെ ഗണിതശാസ്ത്ര പാരമ്പര്യത്തെ, ഇവിടുത്തുകാര്‍ രണ്ട് കൈയും നീട്ടി സ്വീകരിച്ച കൊളോണിയല്‍ ആധുനികതയുമായി കൂട്ടിയോജിപ്പിച്ചതാണ് ഇന്നത്തെ ഭാരത ക്രിക്കറ്റ്. കൊളോണിയല്‍ ആധുനികതയുടെ പ്രതീകമായ ക്രിക്കറ്റ് മറ്റ് കൊളോണിയല്‍ പ്രതീകങ്ങളെപോലെ ബ്രിട്ടീഷ് വിരുദ്ധസമരത്തിലും ഉപയോഗിക്കപ്പെട്ടു. കൊളോണിയല്‍ വിരുദ്ധ സമരത്തിലെ ആയുധമെന്ന നിലയില്‍ ക്രിക്കറ്റിന്റെ ഉപയോഗം അതിന് ഏറെ ജനപ്രീതി നേടിക്കൊടുത്തു. ക്രിക്കറ്റിനെ ആദ്യം ഏറ്റെടുത്ത പാഴ്‌സികളും നാട്ടുരാജാക്കന്മാര്‍ പോലും ക്രിക്കറ്റിനെ പില്‍ക്കാലത്ത് ബ്രിട്ടീഷ് വിരുദ്ധത അടയാളപ്പെടുത്താനുള്ള പ്രതീകമാക്കി മാറ്റി. ഇതിനുദാഹരണമായിരുന്നു 1892 ല്‍ ബോംബെയിലെ പാഴ്‌സികള്‍ ഇംഗ്ലീഷുകാര്‍ക്കെതിരെ നേടിയ വിജയം. പാഴ്‌സികളുടെ വിജയം അങ്ങകലെ ബംഗാളില്‍ പോലും ചര്‍ച്ചാ വിഷയമായി. 19-ാം നൂറ്റാണ്ടിലെ പ്രമുഖ ബംഗാളിപത്രങ്ങളായ പ്രദീപ്, സിര്‍ക്കാര്‍ എന്നിവ പാഴ്‌സികളുടെ നേട്ടം ആവര്‍ത്തിക്കാന്‍ ബംഗാളികളെ ആഹ്വാനം ചെയ്തു. ഭാരതക്രിക്കറ്റിന്റെ ആദ്യകാല പ്രോത്സാഹകരില്‍ ഒരാള്‍ നെറ്റൂരിലെ മഹാരാജാവായിരുന്നു. കോണ്‍ഗ്രസ്ര് പ്രവര്‍ത്തകനായിരുന്ന നെറ്റൂരിലെ മഹാരാജാവ് 1905 ലെ ബംഗാള്‍ വിഭജനവിരുദ്ധ പ്രക്ഷോഭത്തിലെ പ്രധാന നേതാക്കളിലൊരാളായിരുന്നു. ഇംഗ്ലീഷുകാര്‍ക്കെതിരെ നെട്ടൂര്‍ ക്രിക്കറ്റ് ടീം നേടിയ വിജയങ്ങളെക്കുറിച്ച് മഹാരാജാവ് ഇപ്രകാരം പറയുന്നു. 'എപ്പോഴൊക്കെ നെറ്റൂര്‍ ക്രിക്കറ്റ് ടീം യൂറോപ്യന്‍ ടീമുകളെ പരാജയപ്പെടുത്തിയോ അപ്പോഴൊക്കെ ഞങ്ങളുടെ ശിരസ് അഭിമാനത്തോടെ ഉയര്‍ന്നു. ക്രിക്കറ്റ് മത്സരങ്ങളെ ഞങ്ങള്‍ ലളിതമായി കാണുന്നില്ല. മറിച്ച് ക്രിക്കറ്റ് മത്സരങ്ങളുടെ ഫലങ്ങള്‍ ഞങ്ങളെ ശക്തമായി സ്വാധീനിച്ചു. ഇംഗ്ലീഷുകാരോടൊപ്പമെത്താന്‍, ഇംഗ്ലീഷുകാരെ പരാജയപ്പെടുത്താന്‍ ഞങ്ങള്‍ക്കുള്ള ഏക മാധ്യമം ക്രിക്കറ്റാണ്. ഞങ്ങളെയും, ഞങ്ങളുടെ ക്രിക്കറ്റിനെയും അപമാനിക്കുന്നത് ഇംഗ്ലീഷുകാരുടെ പ്രധാന വിനോദമായിരുന്നു. അതുകൊണ്ട് ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ക്രിക്കറ്റ് വിജയങ്ങള്‍ ഞങ്ങള്‍ ദേശീയ വിജയങ്ങളായിട്ടാണ് പരിഗണിച്ചത്' (ബോറിയാ മജ്ജൂംദാര്‍, 22 യാര്‍ഡ്‌സ് ടു ഫ്രീഡം, എ സോഷ്യല്‍ ഹിസ്റ്ററി ഓഫ് ഇന്ത്യന്‍ ക്രിക്കറ്റ്, പേജ് 34) ബംഗാളില്‍/കല്‍ക്കത്തയില്‍ ക്രിക്കറ്റിനെ ആദ്യം ഏറ്റെടുത്തത് അവിടുത്തെ പ്രാദേശിക ജനവിഭാഗമായിരുന്ന, വിദ്യാസമ്പന്നരായ മദ്ധ്യവര്‍ഗ്ഗത്തിന്റെ പ്രതിനിധികളായ ഭദ്രലോകുകളായിരുന്നു. ഭദ്രലോകുകള്‍ക്ക് ക്രിക്കറ്റ് ബ്രിട്ടീഷ്‌രാജിനെ സമാധാനപരമായി വെല്ലുവിളിക്കാനുള്ള മാധ്യമമായിരുന്നു. ബ്രിട്ടീഷ് ആധിപത്യത്തെ ചെറുത്തു നില്‍ക്കാന്‍ ഭാരതീയരുടെ പ്രധാന കായികരൂപമായ ഗുസ്തി മാത്രം പോരാ എന്ന തിരിച്ചറിവാണ് ഭദ്രലോകുകളെ ക്രിക്കറ്റിനെ ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചത്. ബ്രിട്ടീഷുകാര്‍ക്കെതിരെ രാഷ്ട്രീയമായ നിലപാടു സ്വീകരിച്ച് ഭദ്രലോകുകള്‍ ക്രിക്കറ്റിലൂടെ ബംഗാളില്‍ രാഷ്ട്രീയ ആധുനികതയ്ക്ക് തുടക്കം കുറിച്ചു. തെക്കന്‍ ഭാരതത്തിലെ ബ്രിട്ടീഷ് ഭരണത്തിന്റെ സിരാകേന്ദ്രമായ മദ്രാസ് പ്രസിഡന്‍സിയുടെ ആസ്ഥാനമായ മദ്രാസിലും ക്രിക്കറ്റ് വളര്‍ച്ച പ്രാപിച്ചത് ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള ഒരു പ്രതികരണമെന്ന നിലയിലാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ മദ്രാസില്‍ ആരംഭിച്ച പ്രസിഡന്‍സി ക്രിക്കറ്റ് മത്സരങ്ങളെക്കുറിച്ച് തമിഴ്‌നാട് ക്രിക്കറ്റ് ചരിത്രകാരന്‍ വി. രാമനാരായന്‍ ഇപ്രകാരം അഭിപ്രായപ്പെടുന്നു. 'ക്രിക്കറ്റ് ഗ്രൗണ്ടുകള്‍ തദ്ദേശീയര്‍ ഉപയോഗിച്ചത് യൂറോപ്യന്‍മാര്‍ക്ക് അഥവാ ഇംഗ്ലീഷുകാര്‍ക്ക് ഒപ്പം എത്താനോ അഥവാ അവരേക്കാള്‍ മുകളിലെത്താനുള്ള മാധ്യമം എന്ന നിലയിലാണ്' (വി. രാംനാരായന്‍, മോസ്‌ക്കിറ്റോസ് ആന്‍ഡ് അദര്‍ ജോളി റോവേഴ്‌സ്, ദി സ്റ്റോറി ഓഫ് തമിഴ്‌നാട് ക്രിക്കറ്റ് പേജ് 24) ചുരുക്കത്തില്‍, കൊളോണിയല്‍ ആധുനികതയുടെ പ്രതീകമായ ക്രിക്കറ്റിനെ പരമ്പരാഗത ഭാരതജനത രണ്ടു കൈയും നീട്ടി സ്വീകരിച്ചു. ഭാരത പാരമ്പര്യത്തിന്റെ അടിസ്ഥാനമായ ഗണിതശാസ്ത്രം കണക്കുകൂട്ടലുകളുടെ കളിയായ ക്രിക്കറ്റിനെ ഇവിടുത്തുകാരുടെ മനസ്സില്‍ പ്രതിഷ്ഠിച്ചു. എന്നാല്‍ മറ്റുകൊളോണിയല്‍ ആധുനികതയുടെ പ്രതീകങ്ങളെപ്പോലെ ക്രിക്കറ്റും കൊളോണിയല്‍ വിരുദ്ധ രാഷ്ട്രീയ സമരത്തില്‍ ഉപയോഗിക്കപ്പെട്ടു. ഇത് ക്രിക്കറ്റിനെ നിരക്ഷരന്റേയും, ദരിദ്രന്റേയും കളിയാക്കി മാറ്റി. അങ്ങനെ കൊളോണിയല്‍ ഭാരതത്തില്‍ ജനപ്രിയ കായികരൂപങ്ങളില്‍ ഒന്നായി ഇംഗ്ലീഷ് ആഭിജാത്യത്തിന്റെ പ്രതികമായ ക്രിക്കറ്റ് മാറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.