സമുദ്ര നിരപ്പ് ഉയരുന്നത് ഗൗരവത്തോടെ കാണണം: ഡോ. എം.എസ്. സ്വാമിനാഥന്‍

Saturday 6 February 2016 8:31 pm IST

ആലപ്പുഴ: കാലാവസ്ഥാവ്യതിയാനം മൂലം ആഗോള കാര്‍ഷിക വ്യവസ്ഥയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്നും ഭൂമിയുടെ ചൂട് ക്രമാതീതമായി ഉയരുന്നത് സമുദ്രനിരപ്പ് ഉയരാന്‍ കാരണമാകുമെന്നും പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞന്‍ എം.എസ്. സ്വാമിനാഥന്‍ പറഞ്ഞു. കുട്ടനാട്ടില്‍ ആരംഭിച്ച അന്തര്‍ദേശീയ കായല്‍കൃഷി ഗവേഷണ-പരിശീലനകേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാലാവസ്ഥയുമായി ബന്ധപ്പെട്ട് പാരീസ് കണ്‍വന്‍ഷന്‍ ഭൗമതാപനില കൂടുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂമിയുടെ താപനില ഉയരുന്നത് ഭക്ഷ്യോത്പാദനത്തെ പ്രതികൂലമായി ബാധിക്കും. വലിയ കടല്‍ത്തീരമുള്ള കേരളത്തില്‍ സമുദ്രനിരപ്പ് ഉയരുന്നത് തീരദേശവാസികളെ ഭാവിയില്‍ കാലാവസ്ഥാ അഭയാര്‍ഥികളാക്കി മാറ്റാനുള്ള സാഹചര്യവും തള്ളാനാവില്ല. അതുകൊണ്ടുതന്നെ ഇത്തരം ഗവേഷണകേന്ദ്രത്തിന് ഇവിടെ ഏറെ പ്രസക്തിയുണ്ട്. സമുദ്ര നിരപ്പ് ഉയരുന്നത് ശ്രീലങ്ക, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളെ ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലാക്കുന്നു. സമുദ്രനിരപ്പിനു താഴെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃഷിയിറക്കി വിജയിപ്പിച്ച കുട്ടനാട്ടുകാര്‍ക്ക് ഇത് ആശ്വസമാകുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരെ സഹായിക്കുകയെന്നാല്‍ രാജ്യത്തെയാണ് സഹായിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.