ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്യ യോജന 88 പേര്‍ക്ക് ജോലി ലഭിച്ചു

Saturday 6 February 2016 8:42 pm IST

കല്‍പ്പറ്റ: കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡി.ഡി.യു - ജി.കെ.വൈ) പദ്ധതി പ്രകാരം ജില്ലയിലെ 88 പേര്‍ക്ക് ജോലി ലഭിച്ചു. പരിശീലനത്തോടൊപ്പം തൊഴില്‍ നല്‍കുന്ന പദ്ധതി മുഖേന ഏറ്റവും കൂടുതല്‍ തൊഴിലവസരം ഉറപ്പാക്കിയ ജില്ലയാണ് വയനാട്. ജില്ലയില്‍ 6 ഏജന്‍സികള്‍ മുഖേന 7 സെന്ററുകളാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലക്ക് പുറത്തുള്ള 2 സെന്ററുകളിലും പഠിതാക്കളുണ്ട്. 9 സെന്ററുകളിലായി 703 പേര്‍ പരിശീലനം നടത്തുന്നു. 157 പേര്‍ പഠനം പൂര്‍ത്തിയാക്കുകയും 88 പേര്‍ക്ക് ജോലി ഉറപ്പാക്കുകയും ചെയ്തു. ഇതില്‍ 38 പേര്‍ ഗോത്ര വിഭാഗക്കാരാണ്. പഠിതാക്കള്‍ക്ക് ആവശ്യമുള്ള കോഴ്‌സ് തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. പരിശീലനം പൂര്‍ണ്ണമായും സൗജന്യമാണ്. ഭക്ഷണം, താമസം, യാത്ര, പഠനോപകരണങ്ങള്‍, യൂണിഫോം തുടങ്ങിയ കാര്യങ്ങള്‍ ഏജന്‍സികള്‍ പഠിതാക്കള്‍ക്ക് നല്‍കും. പരീക്ഷ കഴിഞ്ഞ് ജോലി ഉറപ്പുവരുത്തുന്നതോടെ 6,000 മുതല്‍ 15,000 വരെ പ്രതിമാസ വരുമാനം ഉറപ്പാക്കും. ഇറ്റ്‌കോട്ട് കണ്‍സള്‍ട്ടന്‍സി ആന്റ് സര്‍വ്വീസ് ലിമിറ്റഡ്, വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, എയ്‌സ് സ്‌കില്‍സ്, ലൈഫ് തോളോണ്‍സ്, ഡോണ്‍ബോസ്‌കോ ടെക്, എവോണ്‍, ലൈഫ് ക്യാപ്സ്റ്റണ്‍, സെന്‍ഡം മുക്കം, ടീം ലീസ് എന്നി ഏജന്‍സികള്‍ മുഖേനയാണ് പരിശീലനം നല്‍കുന്നത്. ജില്ലയിലെ ഗ്രാമ പ്രദേശങ്ങളിലെ 18 നും 35 നുമിടയിലുള്ള യുവാക്കള്‍ക്കും 18 നും 45 നുമിടയിലുള്ള സ്ത്രീകള്‍ക്കുമാണ് വിവിധ ഏജന്‍സികള്‍ മുഖേന വൈദഗ്ധ്യ പരിശീലന നല്‍കി ജോലി ഉറപ്പുവരുത്തുന്നത്. ഫുഡ് പ്രോസസിംഗ് ആന്റ് ഫാഷന്‍ ഡിസൈനിംഗ്, ഹോസ്പിറ്റാലിറ്റി, ഹോട്ടല്‍ സര്‍വ്വീസ്, സെക്യുരിറ്റി ഗാര്‍ഡ്, തയ്യല്‍, ടൂര്‍ ഓപറേറ്റര്‍, അക്കൗണ്ടിംഗ്, ഐ.ടി.ടെക്‌നിക്കല്‍ സപ്പോര്‍ട്ട്, ഫുഡ് ആന്റ് ബീവറേജ് സര്‍വ്വീസിംഗ്, ബിസിനസ് ബാങ്കിംഗ് കറസ്‌പോണ്ടന്റ്, സെയില്‍ എക്‌സിക്യുട്ടീവ് തുടങ്ങിയ വേഗത്തില്‍ തൊഴില്‍ നേടാന്‍ സാധ്യതയുള്ള കോഴ്‌സുകള്‍ക്കാണ് പരിശീലനം നല്‍കുന്നത്. 3 മാസം മുതല്‍ 12 മാസം വരെയുള്ള പരിശീലനമാണ് നല്‍കുന്നത്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത എന്‍.സി.വി.ടി, എസ്.എസ്.സി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതാണ്. കോഴ്‌സുകളില്‍ ചേര്‍ന്ന് പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് മാനന്തവാടിയില്‍ നടക്കുന്ന ജനകീയ മേളയില്‍ രജിസ്‌ട്രേഷന്‍ സൗകര്യമുണ്ടാവും. വിവിധ ഏജന്‍സികളുടെ കൗണ്ടറുകള്‍ ഇതിനായി സജ്ജീകരിക്കും. 26 സി.ഡി.എസ് ഓഫീസുകളിലും രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം നിലവിലുണ്ട്. ഫെബ്രുവരി അവസാന വാരം പ്രത്യേക ജോബ് മേള സംഘടിപ്പിക്കും. ഡി.ഡി.യു - ജി.കെ.വൈ ജില്ലാ കോര്‍ഡിനേഷന്‍ കമ്മിറ്റി ചേര്‍ന്ന് പ്രവര്‍ത്തനം വിലയിരുത്തി. പരിശീലന കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സംയുക്ത യോഗം വിളിക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലാ കലക്ടര്‍ വി. കേശവേന്ദ്ര കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.പി. മുഹമ്മദ്, സ്‌കില്‍ കണ്‍സള്‍ട്ടന്റ് സി.എസ് കിരണ്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരായ സിഗാള്‍ തോമസ്, വൈശാഖ് എം. ചാക്കോ, ബിജോയ് കെ, ശ്രീജിത എന്‍.എസ് വിവിധ പരിശീലന ഏജന്‍സികള്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.