ടെലികോം അഴിമതി : സുഖ്‌റാമിന് ഇടക്കാല ജാമ്യം

Monday 9 January 2012 5:24 pm IST

ന്യൂദല്‍ഹി: ടെലികോം അഴിമതി കേസില്‍ മൂന്ന്‌ വര്‍ഷ തടവിന്‌ ശിക്ഷിക്കപ്പെട്ട്‌ തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്ര ടെലികോം മന്ത്രി സുഖ്‌റാമിന്‌ ജനുവരി 16വരെ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണിത്. ജസ്റ്റിസുമാരായ പി. സദാശിവം, ജെ.ചെലമേശ്വര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണു ജാമ്യഹര്‍ജി പരിഗണിച്ചത്. കേസില്‍ സുഖ്‌റാമിന്റെ കൂട്ടുപ്രതികളായ മുന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ രുണു ഘോഷ്‌, ഹൈദരാബാദിലെ ബിസിനസുകാരനായ രാമറാവു എന്നിവര്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്‌. ഇവര്‍ക്ക്‌ യഥാക്രമം മൂന്നും രണ്ടും വര്‍ഷമാണ്‌ തടവ്‌ വിധിച്ചത്‌. ഇവര്‍ക്ക്‌ ജാമ്യം അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ വിചാരണ കോടതിക്ക്‌ തീരുമാനിക്കാമെന്നും ഡിവിഷന്‍ ബെഞ്ച്‌ വ്യക്തമാക്കി. മൂവരുടെയും ജാമ്യാപേക്ഷകളില്‍ പതിനാറാം തീയതിക്കകം മറുപടി അറിയിക്കാനും സുപ്രീംകോടതി സി.ബി.ഐയോട്‌ നിര്‍ദ്ദേശിച്ചു. ടെലികോം മന്ത്രിയായിരുന്ന സമയത്ത് സ്വകാര്യ കമ്പനിക്കു കരാര്‍ നല്‍കുന്നതിനു മൂന്നു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് സുഖ് റാമിനെ മൂന്നു വര്‍ഷത്തെ കഠിന തടവിനു ശിക്ഷിച്ചത്. വിചാരണക്കോടതിയില്‍ കീഴടങ്ങിയ സുഖ്‌റാമിനെ ശനിയാഴ്ച തിഹാര്‍ ജയിലിലേക്ക് അയച്ചെങ്കിലും ആരോഗ്യനില മോശമായതിനെ തുടര്‍ന്നു ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.