തോട്ടം മേഖലയില്‍ അര്‍ബുദ രോഗികളുടെ എണ്ണം പെരുകുന്നു

Saturday 6 February 2016 10:00 pm IST

മുണ്ടക്കയം: തോട്ടം മേഖലകള്‍ കൂടുതലായുളള കിഴക്കന്‍ കേരളത്തില്‍ അര്‍ബുദ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. ജനങ്ങളെ ഭീതിയിലാഴ്ത്തി കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. രോഗികളുടെ എണ്ണം പെരുകുകയും മരണ സംഖ്യ ഉയരുകയും ചെയ്തിട്ടും ആരോഗ്യവകുപ്പു പഠനങ്ങളൊന്നും നടത്തിയിട്ടില്ല. മുമ്പ് തോട്ടം മേഖലകളില്‍ മാത്രമായിരുന്നുവെങ്കില്‍ ഇപ്പോള്‍ കാര്‍ഷിക ഗ്രാമീണ മേഖലയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കാന്‍ സര്‍ രോഗം ബാധിച്ച് മരിച്ചത് രണ്ടര വയസ്സുളള കുട്ടിയടക്കം ഇരുനൂറിലധികം പേരാണെന്ന് ആരോ ഗ്യ വകുപ്പു തിരിച്ചറിഞ്ഞിട്ടും മൗനവൃതം വെടിയുവാന്‍ ഇവര്‍ തയ്യാറായിട്ടില്ല. രോഗത്തെ കുറിച്ചുളള അജ്ഞതയാണ് പലപ്പോഴും ചികില്‍സ വൈകാന്‍ ഇടയാക്കുന്നത്. മേഖലയിലെ സ്വകാര്യ സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗം കണ്ടെത്താന്‍ കാര്യമായ സംവിധാനങ്ങളില്ലാത്തത് മിക്കപ്പോഴും രോഗം മൂര്‍ച്ഛിക്കാന്‍ ഇടയാക്കുന്നു. കാന്‍സര്‍ പിടിപെട്ട ഭാഗത്ത് ഉണ്ടാവുന്ന വേദനയ്ക്കുമാത്രമായി രോഗമറിയാതെചികില്‍സ തേടുമ്പോള്‍ രോഗം തീവ്രതയിലെത്തുന്നു. നിരോധിത വിഷമരുന്നുകളായ കളനാശിനികള്‍ തോട്ടത്തില്‍ ഉപയോഗിക്കുന്നത് കാലക്രമേണ അര്‍ബുദത്തിലെത്തിക്കുകയാണ്. കിഴക്കന്‍ മേഖലയിലെ പ്രധാന തോട്ടങ്ങളിലൊന്നായ പെരുവന്താനം ടിആര്‍ആന്റ് ടി കമ്പനി തോട്ടത്തില്‍ കഴിഞ്ഞ പതിനാലു വര്‍ഷത്തിനിടയില്‍ അര്‍ബുധ രോഗം പിടിപെട്ടു നാല്‍പ്പത്തിനാലോളം പേരാണ് മരണം വരിച്ചത്. തോട്ടത്തിലെ കൈതകൃഷിയും കളനാശിനി പ്രയോഗവുമാണ് ഇവിടെ രോഗത്തിനടിമകളാക്കുമെന്നതില്‍ സംശയമില്ല. തോട്ടത്തിലെ ജോലിക്കാര്‍ക്കും ആശ്രിതര്‍ക്കും ആരോഗ്യ സുരക്ഷ നല്‍കാന്‍ ബാധ്യതയുളള തോട്ടം മുതലാളിമാര്‍ ഇവരുടെ ചികില്‍സ ക്കോ മരണപെട്ടാല്‍ സംസ് കാര ചടങ്ങുകള്‍ക്കോ സാമ്പത്തിക സഹായം നല്‍കാന്‍ തയ്യാറായിട്ടില്ല. ആറായിരത്തിലധികം ഏക്കര്‍ ഭൂമിയുളള തോട്ടത്തില്‍ ആയിരകണക്കിനു തൊഴിലാളികളേയും അവരുടെ കുടുംബാഗങ്ങള്‍ക്കുമായി ചികില്‍സയൊരുക്കാന്‍ ഒരു ക്ലിനിക്കുമാത്രമാണ് ഉളളത്. തമിഴ്‌നാട്ടില്‍ നിന്നും നേടിയതെന്നവകാശപെടുന്ന ചികില്‍സിക്കാന്‍ നിയമ തടസ്സമുളള ബിരുദമുള്ള ചില ഡോക്ടര്‍മാരാണ് ഇവിടെ രോഗികള്‍ക്കു ചികില്‍സ നല്‍കുന്നതെന്നും ആക്ഷേപമുണ്ട്. രോഗം മൂര്‍ഛിക്കുമ്പോഴും രോഗപ്രതിരോധത്തിന്റെ ഭാഗമായി കാന്‍സര്‍ ബോധവത്കരണത്തിനുപോലും ആരോഗ്യവകുപ്പോ ജനപ്രതിനിധികളോ തയ്യാറായിട്ടില്ല. കൈതകൃഷിക്കെതിരെ നാട് ശക്തമായി എതിര്‍ക്കുമ്പോഴും ചില രാഷ്ട്രീയ നേതാക്കള്‍ അവരെ സഹായിക്കുന്ന നിലപാടുകളാണ് സ്വീകരിച്ചു പോരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.