അസഹിഷ്ണുതാവാദികളുടെ ഫാസിസ്റ്റ് അജണ്ടയ്ക്ക് തസ്ലിമ നസ്രീമിന്റെ തിരിച്ചടി

Saturday 6 February 2016 9:50 pm IST

കോഴിക്കോട്: അസഹിഷ്ണുതാവാദികളുടെ ഫാസിസ്റ്റ് അജണ്ടകള്‍ക്കിടയില്‍ നിന്ന് എഴുത്തുകാരി തസ്ലിമാ നസ്രീമിന്റെ വേറിട്ട ശബ്ദം. ഡിസി കിഴക്കേ മുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നടന്ന മുഖാമുഖത്തിലാണ് എഴുത്തുകാരി അസഹിഷ്ണുതാ വാദത്തിനെതിരെ ആഞ്ഞടിച്ചത്. ''ഭാരതം അസഹിഷ്ണതയുടെ നാടല്ല. അസഹിഷ്ണുതയുള്ള ചിലരുണ്ട്. സ്ത്രീകള്‍, പിന്നാക്ക വിഭാഗം, പ്രാദേശികം തുടങ്ങിയ പലരീതികളിലാണ് ഇത്തരം അസഹിഷ്ണുത പ്രകടമാകുന്നത്. ഭാരതം വൈവിധ്യങ്ങളുടെ നാടാണ്. മൃഗങ്ങളെ കൊല്ലുന്നത് ഒരുതരത്തിലുള്ള കുറ്റമാണ്. ബീഫ് കഴിക്കുന്നതിന്റെ പേരില്‍ കൊല്ലപ്പെടുന്നതും കുറ്റകരമാണ്. എന്നാല്‍ അത് അസഹിഷ്ണുതയുടെ ഭാഗമായി കരുതാനാവില്ല. ഭാരത മതേതരവാദികളും എഴുത്തുകാരും മുസ്ലിം മതമൗലികവാദത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്. മതമൗലികവാദം ന്യൂനപക്ഷത്തിന്റെതായലും ഭൂരിപക്ഷത്തിന്റെതായാലും എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്'' അവര്‍ പറഞ്ഞു. ''ഭാരതത്തില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ സംഘര്‍ഷമില്ല. മതേതരത്വവും മതമൗലികവാദവും തമ്മിലാണ് സംഘര്‍ഷം നടക്കുന്നത്. മാനവികതയും കാടത്തവും തമ്മിലുള്ള പോരാട്ടമാണിത്. തസ്ലിമ പറഞ്ഞു. ഭാരതത്തില്‍ ഇടതുപക്ഷമെന്നൊന്നില്ല. മതമൗലികവാദത്തെ പിന്തുണക്കുന്നവരാണ് ഇടുതപക്ഷക്കാര്‍. അവര്‍ ശരിയായ ഇടതു പക്ഷക്കാരായിരുന്നുവെങ്കില്‍ തന്നെയാണ് പിന്തുണക്കേണ്ടിയിരുന്നത്. മുസ്ലിം വോട്ടിനുവേണ്ടി അവര്‍ എന്റെ പുസ്തകം നിരോധിച്ചു. ഈ നിരോധനം ഹൈക്കോടതി തള്ളിക്കളഞ്ഞു. എന്നാല്‍ തുടര്‍ന്ന് അധികാരത്തില്‍ വന്ന മമതയും ഇടതുനിലപാട് പിന്തുടര്‍ന്നു. പുസ്തകത്തിന്റെ പ്രകാശനം അവര്‍ നിരോധിച്ചു. ടിപ്പുസുല്‍ത്താന്‍ മസ്ജിദിലെ ഇമാമിന്റെ താളത്തിന് തുള്ളുന്നവരാണ് സിപിഎമ്മും തൃണമൂലും. വൃത്യസ്തതകള്‍ ഒന്നായി പുലരുന്ന ഭാരതത്തിന്റെ സാഹചര്യം ആശ്ചര്യകരമാണ്. അമേരിക്കന്‍ ഗ്രീന്‍കാര്‍ഡുടമയാണെങ്കിലും ഭാരതത്തില്‍ ജീവിക്കാനാണ് ആഗ്രഹം. ഭാരതം സമാനതകളില്ലാത്ത നാടാണ്'' ബംഗ്ലാദേശിലെ സാഹചര്യം അതീവദുഷ്‌കരമാണ്. ന്യൂനപക്ഷമായ ഹിന്ദുക്കളുടെ വീടുകളും കടകളും ക്ഷേത്രങ്ങളും തകര്‍ക്കപ്പെടുന്നു. 80 ശതമാനത്തില്‍ നിന്നും മുസ്ലിങ്ങള്‍ 90 ശതമാനംമായി മാറി. ഇതിനെക്കുറിച്ച് എഴുതിയതിനാണ് തന്നെ അനഭിമതയാക്കിയത്. ''പതിമൂന്ന് വയസ്സു മുതല്‍ താന്‍ എഴുതാന്‍ തുടങ്ങിയതാണ്. മരണം വരെ എഴുത്തു തുടരുകതന്നെ ചെയ്യും. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി മനുഷ്യ സഹജമായ പ്രതികരണമാണ് തന്റേത്''. അവര്‍ പറഞ്ഞു. നരേന്ദ്രമോദിക്കെതിരെയും ഹിന്ദുത്വസംഘടനകള്‍ക്കെതിരെയും പരാമര്‍ശമുണ്ടാകണമെന്ന തരത്തില്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ.സച്ചിദാനന്ദന്റെ നിരന്തരമായ ഇടപെടലുകള്‍ ഉണ്ടായെങ്കിലും തസ്ലീമ തന്റെ ഉറച്ച നിലപാടുകള്‍ ആവര്‍ത്തിക്കുകയായിരുന്നു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.