പിണറായിയുടെ യാത്രയിലെ വിഎസിന്റെ അസാന്നിദ്ധ്യം വീണ്ടും ചര്‍ച്ചയാകുന്നു

Saturday 6 February 2016 9:56 pm IST

ആലപ്പുഴ: പിണറായി വിജയനെ ഭാവി മുഖ്യമന്ത്രിയായി അവതരിപ്പിച്ച് സിപിഎം നടത്തുന്ന നവകേരള മാര്‍ച്ചില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വിട്ടുനില്‍ക്കുന്നത് പാര്‍ട്ടിയില്‍ ചര്‍ച്ചയാകുന്നു. ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്ത അച്യുതാനന്ദന്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് വിശ്വാസം പ്രകടിപ്പിച്ച് നേതാക്കള്‍ അണികളുടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ്. വിഎസിന്റെ സ്വന്തം ജില്ലയായ ആലപ്പുഴയില്‍ നവകേരള മാര്‍ച്ചില്‍ വിഎസ് പങ്കെടുക്കുമോയെന്ന ചോദ്യത്തിന് ജില്ലാ സെക്രട്ടറി പറഞ്ഞ മറുപടി ഇപ്രകാരമാണ്. ''വി.എസ്. അച്യുതാനന്ദന്‍ വന്നാല്‍ പങ്കെടുപ്പിക്കും. വിലക്കൊന്നുമില്ല. പക്ഷെ ഇതുവരെ എത്തുമെന്ന് അറിയിച്ചിട്ടില്ല.'' ഇതില്‍ നിന്നുതന്നെ അച്യുതാനന്ദന്‍ മാര്‍ച്ചില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് വ്യക്തമാകുന്നു. മധ്യകേരളത്തിലേക്ക് മാര്‍ച്ച് കടന്നതോടെ പിണറായിയും അച്യുതാനന്ദനും സംസാരിക്കുന്നതും പരസ്പരം ചിരിക്കുന്നതുമായ ഫഌക്‌സ് ബോര്‍ഡുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടുതുടങ്ങി. ആലപ്പുഴ അടക്കമുള്ള ജില്ലകളില്‍ വിഎസ് - ഐസക് പക്ഷക്കാര്‍ക്കെതിരെ അണിയറയില്‍ കുറ്റപത്രം വരെ തയ്യാറായി കഴിഞ്ഞെങ്കിലും മാര്‍ച്ച് കഴിയുന്നതുവരെ നടപടി ഒഴിവാക്കിയിരിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പേരിലാണ് വിഎസ്- ഐസക് പക്ഷ നേതാക്കളില്‍ പലരെയും വെട്ടിനിരത്താനുള്ള ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. താഴെത്തട്ടില്‍ വിഎസ് അനുകൂലികളെ നടപടി ഭീഷണിയുയര്‍ത്തി നിശ്ശബ്ദരാക്കുകയും നിര്‍ജ്ജീവമാക്കുകയും മറുഭാഗത്ത് അച്യുതാനന്ദനുമായിഒത്തുതീര്‍പ്പിലായെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നതന്ത്രമാണ് ഔദ്യോഗിക പക്ഷം പയറ്റുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടുതവണ തുടര്‍ച്ചയായി മത്സരിച്ചുവെന്ന മാനദണ്ഡം പറഞ്ഞ് വിഎസ് അനുകൂലികളായ എംഎല്‍എമാര്‍ക്ക് സീറ്റു നിഷേധിക്കുകയും ഔദ്യോഗിക പക്ഷ ജനപ്രതിനിധികള്‍ക്ക് സീറ്റ് വീണ്ടും അനുവദിക്കുമെന്ന പ്രചാരണവും പാര്‍ട്ടിയിലുണ്ട്. വിഎസ് പക്ഷക്കാരെന്ന് അറിയപ്പെടുന്നവരെ തങ്ങളുടെ പക്ഷത്ത് എത്തിക്കുക എന്ന ലക്ഷ്യമാണ് ഇതിലൂടെ ഔദ്യോഗിക വിഭാഗത്തിനുള്ളത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്ന അച്യുതാനന്ദന്‍ നവകേരള മാര്‍ച്ചില്‍ പങ്കെടുക്കാതെ വിട്ടുനില്‍ ക്കുന്നതിന് അണികള്‍ പല  വ്യാഖ്യാനങ്ങളും നല്‍കിത്തുടങ്ങിയിട്ടുണ്ട്. സ്വന്തം ജില്ലയിലെ വിഎസ് പക്ഷക്കാര്‍ അച്യുതാനന്ദന്‍ അമ്പലപ്പുഴയിലോ കായംകുളത്തോ മത്സരിക്കണമെന്നുവരെ ആവശ്യപ്പെട്ടുതുടങ്ങി. പാര്‍ട്ടിവിരുദ്ധനെന്ന് പിണറായി വിജയന്‍ ആക്ഷേപിച്ച അച്യുതാനന്ദനെ ചുറ്റിപ്പറ്റിയാണ് മാര്‍ച്ച് അവസാനിക്കുന്ന ഘട്ടത്തിലും പാര്‍ട്ടിയില്‍ ചര്‍ച്ച മുറുകുന്നത്. സമാപനത്തില്‍ വിഎസ് പങ്കെടുക്കുമോ, വീണ്ടും മത്സരിക്കാനുള്ള താത്പര്യത്തില്‍ ഉറച്ചു നില്‍ക്കുമോ, ലാവ്‌ലിന്‍ അഴിമതി കേസിലടക്കം ശക്തമായ നിലപാട് സ്വീകരിക്കുമോ തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഔദ്യോഗിക പക്ഷത്തെ വേട്ടയാടുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.