തിരുവനന്തപുരം: കേരളത്തില്‍നിന്നും കൂടുതല്‍ താരങ്ങള്‍ ഐപിഎല്ലിലേക്കെത്തുമെന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലത്തില്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സ് 4.2 കോടി രൂപയ്ക്ക് സ്വന്തമാക്കിയ മലയാളി താരം സഞ്ജു സാംസണ്. ദല്‍ഹി ഡെയര്‍ ഡെവിള്സിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷം മറച്ചുവെയ്ക്കുന്നില്ല. ടീമില്‍ ഇടംകിട്ടുമെന്നു പ്രതീക്ഷിച്ചിരുന്നില്ല.
ഡെയര്‍ ഡെവിള്‍സ് മാനേജ്മെന്റ് പ്രശസ്തരാണ്. അവരോടൊപ്പം സഹകരിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്. പുതിയ ടീമിനൊപ്പം ചേരുന്നതിന്റെ ആവേശത്തിലാണെന്നും സഞ്ജു പറഞ്ഞു. രാജസ്ഥാന് റോയല്‍സ് ടീമിന്റെ മികച്ച സമയത്ത് മൂന്നു വര്‍ഷം ടീമിനൊപ്പം ഉണ്ടാകാനായി എന്നതില്‍ സന്തോഷമുണ്ട്. കാര്യങ്ങള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കും അതിനനുസരിച്ചു നമ്മളും മാറണം. സയ്യിദ് മുഷ്താഖ് അലി ട്രോഫി ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം നടത്താനായതാണു ഡെയര്‍ഡെവിള്‍സിലേക്കു വഴിതുറന്നതെന്നും സഞ്ജു പറയുന്നു.
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ടിന്റി 20 ടീമാണു കേരളത്തിന്റേത്. കേരളത്തില്‍ നിന്നും അഞ്ചു താരങ്ങള്‍ ഐപിഎല്ലിലേക്കു പരിഗണിക്കപ്പെടുന്നുണ്ട്. റോഹന്‍ പ്രേമും പി. പ്രശാന്തും ഉള്‍പ്പെടെയുള്ളവര്‍ ടൂര്‍ണമെന്റിലുണ്ടാകും എന്നു തന്നെയാണു പ്രതീക്ഷ. കൂടുതല്‍ മലയാളി താരങ്ങള്‍ ഐപിഎല്ലില്‍ എത്തിയാല്‍ അതു കേരള ക്രിക്കറ്റിനു പുത്തന്‍ ഉണര്‍വു നല്‍കുമെന്നും സഞ്ജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: