കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കണമെന്ന് രാജ്യാന്തര സമ്മേളനം

Sunday 7 February 2016 9:22 pm IST

കൊച്ചി: മത്സ്യ, സമുദ്ര മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കേന്ദ്ര്ത്തില്‍ ഫിഷറീസിന് മാത്രമായി മന്ത്രാലയം വേണമെന്ന് ബ്ലൂ ഇക്കോണമിയെക്കുറിച്ചുള്ള രാജ്യാന്തര സമ്മേളനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) കൊച്ചിയില്‍ സംഘടിപ്പിച്ച ത്രിദിന സമ്മേളനത്തിന്റെ സമാപന സംഗമത്തിലാണ് ഈ ആവശ്യമുയര്‍ന്നത്. സമുദ്രഗവേഷകരും ഫിഷറീസ് ശാസ്ത്രജ്ഞരുമടങ്ങുന്ന വിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും. സമാപന ചടങ്ങില്‍ കുഫോസ് വൈസ്ചാന്‍സലര്‍ ഡോ. ബി. മധുസൂദനക്കുറുപ്പ് അധ്യക്ഷത വഹിച്ചു. പലയിടത്തായി ചിതറക്കിടക്കുന്നതിനാല്‍ സമുദ്ര ഗവേഷണവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഏകീകരണം ബുദ്ധിമുട്ടാകുന്നുണ്ട്. പ്രത്യേക മന്ത്രാലയം രൂപീകരിക്കുകയാണെങ്കില്‍ പ്രാദേശിക, ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായ പദ്ധതികള്‍ക്കു രൂപംനല്‍കാനാകുമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. സമുദ്രഉള്‍നാടന്‍ ജലവിഭവങ്ങള്‍ ഉപയോഗിച്ച് ബ്ലൂ ഇക്കോണമി വികസിപ്പിക്കുന്നതിന് ഈ രംഗത്ത് ഇന്‍കുബേഷന്‍ സെന്ററുകളും സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളും ആരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമുദ്രസമ്പത്തിന്റെ സുസ്ഥിരമായ ഉപയോഗത്തിന് പ്രകൃതി സൗഹൃദ മത്സ്യബന്ധനയാനങ്ങള്‍ വികസിപ്പിക്കണം. മത്സ്യങ്ങളുടെ സഞ്ചാരപഥങ്ങള്‍ കണ്ടെത്തുന്നതിനും അവയുടെ സ്വഭാവങ്ങള്‍ പഠിക്കുന്നതിനും സാറ്റലൈറ്റ് സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തണം. സോണാര്‍ സംവിധാന ഉപയോഗപ്പെടുത്തി സുനാമി മുന്നറിയിപ്പ് കേന്ദ്രങ്ങള്‍ സ്ഥാപിക്കണം. സമുദ്രപഠനത്തില്‍ അന്താരാഷട്രതലത്തില്‍ പരിശീലനസ്ഥാപനങ്ങള്‍ സ്ഥാപിക്കണമെന്നും സമ്മേളനത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. സമാപന സംഗമത്തില്‍ ഡോ. റിക്കാര്‍ഡോ ഹാറൂണ്‍, ഡോ. എം ആര്‍ ഭൂപേന്ദ്രനാഥ്, ഡോ. എസ് അജ്മല്‍ ഖാന്‍, ഡോ ഇ വിവേകാനന്ദന്‍, ഡോ. കെ ഗോപകുമാര്‍, ഡോ എസ് സുരേഷ്‌കുമാര്‍, ഡോ. കെ രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.