പെരുവന്താനം ക്ഷേത്രത്തില്‍ മോഷണം; മാലയും പണവും കവര്‍ന്നു

Sunday 7 February 2016 9:53 pm IST

പെരുവന്താനം: പെരുവന്താനം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ 6 ഗ്രാം തൂക്കം വരുന്ന മാലയും 8000 രൂപയും കവര്‍ന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിന്റെ ഗേയിറ്റിന്റേയും ശ്രീകോവിലിന്റേയും സ്‌റ്റോറൂമിന്റേയും താഴ് തകര്‍ത്താണ് മോഷണം. ശ്രീകോവിലിനുള്ളില്‍ സൂക്ഷിച്ചിരുന്ന മാലയും ലോക്കറ്റുമാണ് മോഷണം പോയത്. കൂടാതെ സ്‌റ്റോറൂമില്‍ അലമാരയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന പണവും കള്ളന്മാര്‍ അപഹരിച്ചിട്ടുണ്ട്. ഏകദേശം 32000ത്തോളം രൂപയുടെ വസ്തുക്കള്‍ മോഷണം പോയിട്ടുണ്ട്. പെരുവന്താനം എസ്‌ഐ മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ്‌സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിവരുകയാണ്. പെരുവന്താനം പോലീസ് സ്‌റ്റേഷന് സമീപത്തെ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ജനവാസം കുറഞ്ഞ മേഖലയാണിത്. ജില്ലയില്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷണം വര്‍ദ്ധിച്ച് വരികയാണ്. അടുത്തിടെ തൊടുപുഴയ്ക്ക് സമീപം കുമാരമംഗലം വള്ളിയാനിക്കാട്ട് കാവ് ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. ഇതിലടക്കം നിരവധി കേസുകളില്‍ തുമ്പ് കണ്ടെത്താനാകാതെ പോലീസ് ഇരുട്ടില്‍ തപ്പുകയാണെന്നും ആക്ഷേപം ഉണ്ട്. കേസുകളില്‍ എത്രയും വേഗം പ്രതികളെ കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.