വേമ്പനാട് കായലിലെ മത്സ്യങ്ങളില്‍ രോഗലക്ഷണം

Sunday 7 February 2016 10:14 pm IST

വൈക്കം: വേമ്പനാട് കായലിലെ രൂക്ഷമായ  മലീനികരണം മൂലം മത്സ്യങ്ങള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതായി മത്സ്യതൊഴിലാളികള്‍. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ കായല്‍ മത്സ്യ സമ്പത്തിനെ ദോഷകരമായി ബാധിക്കുമെന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു. കായല്‍ കൈയ്യേറ്റങ്ങളും,ഫാക്ടറികളില്‍ നിന്നും റിസോര്‍ട്ടുകള്‍ നിന്നുമുള്ള മാലിന്യങ്ങളും കക്കാ ഡ്രെഡ്ജിങ്ങും കായല്‍ മത്സ്യങ്ങള്‍ക്ക് മരണമണി മുഴക്കിയിരിക്കുകയാണ് . 1970-80 കാലഘട്ടത്തില്‍ കായലില്‍ സുലഭമായിരുന്ന നിരവധി മത്സ്യങ്ങള്‍ ഇന്ന് അപ്രത്യക്ഷമായിരിക്കുകയാണ്.150 ഇനം മത്സ്യങ്ങള്‍ കിട്ടിയിരുന്ന കായലില്‍ നിന്ന് ഇപ്പോള്‍ അഞ്ചിനം മാത്രമാണ് കിട്ടുന്നത്. ഇവിടുന്ന സുലഭമായി കയറ്റി അയച്ചിരുന്ന ചെമ്മീന്‍ ഇനങ്ങളായ നാരന്‍,ചൂടന്‍,കൊഞ്ച്് തുടങ്ങിയവയും വിവിധയിനം ഞണ്ടുകളും കായലില്‍ കിട്ടാനില്ല. പൂളാന്‍,കണമ്പ്്,നച്ച് കരിമീന്‍ തുടങ്ങിയവ വല്ലപ്പോഴുമേ കിട്ടാറുള്ളു.വിദേശത്തേക്ക് കയറ്റി അയച്ചിരുന്ന ചെമ്മീന്‍ ഇനങ്ങളില്‍ വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് വേമ്പനാട് കായലിലെ മത്സ്യങ്ങള്‍ക്ക് വിദേശത്ത് വിലക്കേര്‍പ്പെടിത്തിയിരുന്നു. മാലിന്യം മൂലം വെള്ളത്തിലെ ഒക്‌സിജന്റെ അളവ് കുറഞ്ഞതാണ് മത്സ്യങ്ങള്‍ ഗണ്യമായികുറയാനും,രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാനും കാരണം. കായല്‍ തീരത്തെയും കായല്‍ തുരത്തുകളിലെയും റിസോര്‍ട്ടുകളില്‍ നിന്ന്  വന്‍തോതിലാണ് മാലിന്യം ഒഴുക്കുന്നത് .ഭൂരിപക്ഷം റിസോര്‍ട്ടുകളിലും മാലിന്യ സംസ്‌കരണ സംവിധാനം ഇല്ല.തണ്ണീര്‍മുക്കം ബണ്ട് അടച്ചിട്ടിരിക്കുന്നത് കായലിലെ വേലിയേറ്റങ്ങളെ ബാധിച്ചിട്ടുണ്ട്.ഇത് കായലിന്റെ ആവാസ വ്യവസ്ഥയെ സാരമായി ബാധിക്കുന്നുണ്ട്. കക്കാ ഡ്രെഡ്ജിങ്ങ് മത്സ്യപ്രജനനത്തിന് ഏറ്റവും കൂടുതല്‍ ദോഷം ചെയ്യുന്നു. കായല്‍ സംരക്ഷണസമിതിയിലെ ചിലരും മത്സ്യതൊഴിലാളി നേതാക്കളും റിസോര്‍ട്ട്  മാഫിയായുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നതിനാലാണ് കായല്‍ കൈയ്യേറ്റങ്ങള്‍ വര്‍ദ്ധിക്കുവാന്‍ കാരണമെന്ന് മത്സ്യതൊഴിലാളികള്‍ ആരോപിക്കുന്നു. മത്സ്യബന്ധനം നടത്തുന്ന സമയത്ത് കാറ്റും കോളും വരുമ്പോള്‍ ആശ്രയമായിരുന്ന കായല്‍ തുരുത്തുകള്‍ എല്ലാം ഇന്ന് റിസോര്‍ട്ട് മാഫിയാ കൈയടക്കിയിരിക്കുകയാണ്.വേമ്പനാട് കായലിനെ ആരാധനയോടെ കാണുന്ന മത്സ്യതൊഴിലാളികള്‍ക്ക് കായല്‍ ഇന്ന് അന്യമായിക്കൊണ്ടിരിക്കുകയാണ്. വൈക്കത്ത് നിന്ന്  മകരമാസത്തില്‍ അരിയും പൂവുമായി തൃക്കുന്നപ്പുഴ ക്ഷേത്രത്തില്‍ എത്തി പൂജകഴിച്ച് നേദ്യം മത്സ്യങ്ങള്‍ക്കായി കായലിന്റെ എല്ലാ ഭാഗത്തും വിതറിയും കായല്‍ വൃത്തിയാക്കല്‍ ചടങ്ങും നടത്തിയിരുന്നു. 90 കാലഘട്ടങ്ങളിലാണ് വേമ്പനാട് കായലില്‍ മത്സ്യങ്ങള്‍ക്ക് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടത്. എന്നാല്‍ മത്സ്യഫെഡും,അധികൃതരും ഇത് ഗൗരവമായി എടുത്തില്ല. രണ്ട് മാസത്തിനുള്ളില്‍ കായലിലെ മുഴുവന്‍ മത്സ്യത്തിനും രോഗം പിടിപ്പെട്ട ചത്ത് പൊങ്ങുകയായിരുന്നു. കായല്‍ മത്സ്യം ഭക്ഷിക്കരുതെന്ന് ആരോഗ്യവകുപ്പ് അധികൃതരും നിര്‍ദ്ദേശം നല്‍കിയപ്പോള്‍ മാസങ്ങളോളം കായല്‍ മത്സ്യമേഖല സ്തംഭിക്കുകയും മത്സ്യ തൊഴിലാളികള്‍ പട്ടണിയാവുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.