മോഷണക്കേസുകളിലെ പ്രതി 15 വര്‍ഷത്തിന് ശേഷം പിടിയില്‍

Sunday 7 February 2016 10:25 pm IST

വൈക്കം : രണ്ട് മോഷണക്കേസുകളില്‍ വൈക്കം മജിസ്‌ട്രേട്ട് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന പ്രതിയെ വൈക്കം ഷാഡോ പോലീസ് പിടികൂടി. എറണാകുളം ജില്ലയില്‍ വടക്കേക്കര ആളന്‍തുരുത്തില്‍ കാളി ബാബു എന്നു വിളിക്കുന്ന ബാബു ആണ് 15 വര്‍ഷത്തിനുശേഷം പോലീസ് പിടിയിലായത്. 2001 മാര്‍ച്ച് 31ന് രാത്രിയില്‍ ചാലപ്പറമ്പ് ഭാഗത്തുള്ള വിജേഷ് ഭവനില്‍ ശിവരാമകൃഷ്ണന്റെ വീട്ടില്‍ അതിക്രമിച്ചുകയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന അഞ്ച് പവന്‍ സ്വര്‍ണവും 13000 രൂപയും മോഷണം നടത്തിയതാണ് ആദ്യകേസ്. പിന്നീട് 2002 ജനുവരി 27ന് രാത്രിയില്‍ ആറാട്ടുകുളങ്ങര ഭാഗത്ത് കോലേഴത്ത് വീട്ടില്‍ കയറി 25000 രൂപയും മോഷണം നടത്തിയിരുന്നു. ഈ രണ്ട് കേസുകളിലെയും കൂട്ടുപ്രതികളായ തോമസ്, ജബ്ബാര്‍ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിനുശേഷം ഒളിവില്‍പോയ ബാബു തിരുപ്പൂര്‍, കോയമ്പത്തൂര്‍ എന്നീ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ബാബു നാട്ടിലെത്തിയതായി ജില്ലാ പോലീസ് മേധാവി എസ്.സതീഷ്ബിനോയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വൈക്കം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോമി സെബാസ്റ്റ്യന്‍, ഷാഡോ പോലീസുകാരായ കെ.നാസര്‍, പി.കെ ജോളി എന്നിവര്‍ ചേര്‍ന്ന് പ്രതിയുടെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.