കോണ്‍ഗ്രസ് എന്നും ദളിതന്റെ ശത്രു

Monday 8 February 2016 10:07 pm IST

കോണ്‍ഗ്രസ് എന്നും സവര്‍ണരുടെയും മുതലാളിമാരുടെയും മാത്രം സംരക്ഷണത്തിനേ നിലകൊണ്ടിട്ടുള്ളൂ. അതുകൊണ്ടാണ് സ്വാതന്ത്ര്യം കിട്ടി ഏഴുപതിറ്റാണ്ടായിട്ടും ഇന്നും കോടിക്കണക്കിന് വനവാസികളും പിന്നാക്കക്കാരും ദളിതരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുകഴിയുന്നത്. ആദിവാസികള്‍ ഒരിക്കലും ഭൂവുടമകളാകരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു. അവര്‍ക്കു വീടോ വിദ്യാഭ്യാസമോ ലഭിക്കരുത്. ഇതെല്ലാം നേടി അവര്‍ മുന്നോട്ടുവന്നാല്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്ന ആശ്രിതത്വം സാധ്യമാവാതെ വരും. മതവര്‍ഗീയ സംഘടനകളുടെ ഏറ്റവും വലിയ ഇരയാണ് ആദിവാസികള്‍. പണ്ടുകാലത്ത് കള്ളും കഞ്ചാവും നല്‍കി ആയിരക്കണക്കിന് ഏക്കര്‍ ആദിവാസി ഭൂമി തട്ടിയെടുത്തു. അതിനെതിരെ അവര്‍ നടത്തിയ സമരങ്ങളുടെയും നിയമപോരാട്ടങ്ങളുടെയും ഫലമായി ഭൂമി പിടിച്ചെടുത്ത് തിരിച്ചുനല്‍കാന്‍ കോടതി ഉത്തരവായി. അതിനെ കോണ്‍ഗ്രസ് അട്ടിമറിച്ചു. ഹൈക്കോടതിയും സുപ്രീംകോടതിയും വരെ വിധിച്ചിട്ടും ആദിവാസികള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി നല്‍കാന്‍ ഇത്രയും നാള്‍ ഭരിച്ചിട്ടും അവര്‍ തയ്യാറായില്ല. ഇടയ്ക്കിടക്ക് ദളിതപ്രേമം പ്രസംഗിക്കുന്നതിന് ഒട്ടും പിശുക്ക് കാണിച്ചിട്ടുമില്ല. കേരളത്തില്‍ പ്രത്യേകിച്ചും ഇപ്പോള്‍ സുധീരനും ചെന്നിത്തലയും വാചകമടിക്കാന്‍ മത്സരിക്കുകയാണ്. ആദിവാസിഭൂമി നല്‍കാന്‍ ഇന്നോളം തയ്യാറാകാത്തവര്‍ പക്ഷെ വര്‍ഷാവര്‍ഷം പട്ടയമേള നടത്തി മത-വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കാന്‍ ഒരുകുറവും കാണിച്ചിട്ടില്ല. ആദിവാസി എന്നത് മാറി വര്‍ഗീയ ശക്തികളുടെ അടയാളം കാണിച്ചാല്‍ അവര്‍ക്കു കൊടുക്കാന്‍ കോണ്‍ഗ്രസുകാരുടെ കയ്യില്‍ ഭൂമിയുണ്ട്. വനവാസികളും ദളിതരും പുതിയ അയിത്തം അനുഭവിച്ചുകൊണ്ടിരിക്കുന്നു; കോണ്‍ഗ്രസ് രാജാക്കന്മാരുടെ ഭരണകാലത്ത്. സ്വാതന്ത്ര്യസമരകാലം മുതലേ കോണ്‍ഗ്രസ് കിട്ടിയ അവസരങ്ങളിലൊക്കെ ദളിതരെ വഞ്ചിച്ചിട്ടുണ്ട്.1931 ഡിസംബറിലെ വട്ടമേശ സമ്മേളനം കഴിഞ്ഞ് ഗാന്ധിജി മടങ്ങിയെത്തി. കോണ്‍ഗ്രസ് അസ്പൃശ്യര്‍ക്കുവേണ്ടി ആത്മാര്‍ത്ഥമായി വാദിക്കാതിരുന്നതിനെതിരെ ദളിതര്‍ ഒരു കുറ്റപത്രം തയ്യാറാക്കി. അതില്‍ 9-ാം ഖണ്ഡമായി പറഞ്ഞത്, “അസ്പൃശ്യരെ തമ്മില്‍തല്ലിച്ച് വിഛേദിക്കാന്‍ ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് കോണ്‍ഗ്രസ് ആണെന്നാണ്. ഗാന്ധിജിയും കോണ്‍ഗ്രസും കളിക്കുന്നത് നല്ല കളിയല്ല. ചതിയന്മാരായ സുഹൃത്തുക്കളെക്കാള്‍ എത്രയോ മെച്ചമാണ് തുറന്ന ശത്രുക്കള്‍. (ഡോ:അംബേദ്ക്കര്‍ സമ്പൂര്‍ണ്ണ കൃതികള്‍ - വാല്യം - 10 അദ്ധ്യായം - 10) കോണ്‍ഗ്രസിനെ ചതിയന്മാരായ സുഹൃത്തുക്കള്‍ എന്നാണ് അംബേദ്ക്കര്‍ വിശേഷിപ്പിച്ചത്. ഇന്നും പിന്നാക്കക്കാരെ തമ്മില്‍ത്തല്ലിക്കുകയും തകര്‍ക്കുകയുംതന്നെ കോണ്‍ഗ്രസിന്റെ പണി. രോഹിത് വെമുല അതിനുള്ള ഉപകരണം മാത്രം. കേരളത്തില്‍ ക്ഷേത്രപ്രവേശന സമരത്തെ അനുകൂലിച്ച കോണ്‍ഗ്രസ് ദേശീയ തലത്തില്‍ അങ്ങനെയായിരുന്നില്ല. കേരളത്തില്‍ നേരത്തെതന്നെ ശ്രീനാരായണഗുരുവും അയ്യങ്കാളിയും പണ്ഡിറ്റ് കറുപ്പനും തുടങ്ങി ഹിന്ദു ആചാര്യന്മാരും നവോത്ഥാന നായകരും സൃഷ്ടിച്ച മാനസികാവസ്ഥയുണ്ടായിരുന്നു. അതു വിജയിച്ചുവരികയുമായിരുന്നു. കോണ്‍ഗ്രസ് അനുകൂലിച്ചില്ലെങ്കിലും ക്ഷേത്രപ്രവേശനവും വഴിനടക്കാനുള്ള സ്വാതന്ത്ര്യവും കിട്ടുമായിരുന്നു. അതിന്റെ പേരില്‍ കിട്ടുന്ന സല്‍പ്പേര് ചുളുവില്‍ തട്ടിയെടുക്കാനായിരുന്നു കോണ്‍ഗ്രസിന്റെ വേഷംകെട്ടല്‍. അതങ്ങനെയല്ലെങ്കില്‍ ഭാരതത്തിന്റെ മറ്റിടങ്ങളില്‍ സമാനമായ സഹകരണമോ മുന്‍കൈയോ എന്തുകൊണ്ട് എടുത്തില്ല? തങ്ങളുടെ പൗരാവകാശങ്ങളും സാമൂഹികാവകാശങ്ങളും നേടിയെടുക്കാന്‍ അസ്പൃശ്യര്‍ മറ്റിടങ്ങളിലും സമരം നടത്തി. ബോംബെ പ്രസിഡന്‍സിയില്‍ പൊതുകുളത്തില്‍ നിന്ന് വെള്ളമെടുക്കുന്നതിനുള്ള അവകാശം സ്ഥാപിച്ചുകിട്ടാന്‍ മഹദിലും ക്ഷേത്രപ്രവേശനത്തിനുവേണ്ടി നാസിക്കിലും ആയിരുന്നുസമരം. ആ സമരത്തെ കോണ്‍ഗ്രസ് പിന്തുണച്ചില്ല. എന്നുമാത്രമല്ല അംബേദ്ക്കറെയും അനുയായികളെയും ഈ സമരത്തിന്റെ പേരില്‍ ആക്ഷേപിക്കുകയും ചെയ്തു. (അതേ പുസ്തകം -പേജ്- 216) എന്നുമാത്രമല്ല അസ്പൃശ്യരുടെ പുരോഗമനം തങ്ങളുടെ പണിയല്ല എന്നു പ്രഖ്യാപിക്കുകയും ആ ജോലി ഹിന്ദു മഹാസഭ ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് പ്രമേയം പാസാക്കുകയും ചെയ്തു. 1923 ഏപ്രില്‍ 17നു പൂനയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയാണ് ഇത്രയും പരിഹാസ്യമായ പണിചെയ്തത്. (അതേ പുപുസ്തകം, പുറം 206) ഈ പാരമ്പര്യമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് യാതൊരു ലജ്ജയുമില്ലെന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ അവരുടെ ദളിതപ്രേമം! കോണ്‍ഗ്രസിന്റെ ഈ നട്ടെല്ലില്ലായ്മയും തട്ടിപ്പും അംബേദ്ക്കര്‍ നേരത്തെതന്നെ മനസിലാക്കിയിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ വിലയിരുത്തിയത്.“കോണ്‍ഗ്രസ് ഒരു ദേശീയ പ്രസ്ഥാനമാണ്.... പ്രശ്‌നങ്ങള്‍ പരിഹരിച്ച് അധികാരഗ്രഹണത്തിനുള്ള സന്ദര്‍ഭം വരുമ്പോള്‍ കോണ്‍ഗ്രസുകാര്‍ പ്രബല വര്‍ഗത്തെ പിന്തുണയ്ക്കുകയും ദുര്‍ബ്ബലവിഭാഗത്തെ കയ്യൊഴിക്കുകയും ചെയ്യും.(ഡോ: അംബേദ്ക്കര്‍ - ചന്ദ്രശേഖരഭണ്ഡാരി, എസ്. ആര്‍. രാമസ്വാമി. അദ്ധ്യായം - 3) വട്ടമേശ സമ്മേളനത്തില്‍ കോണ്‍ഗ്രസ്സിന്റെ നിലപാടിനോട് അംബേദ്ക്കര്‍ യോജിച്ചില്ല. തിരിച്ചുവന്ന അദ്ദേഹം 1931 മാര്‍ച്ചില്‍ നാസിക്കിലെ ക്ഷേത്രപ്രവേശന സമരം പുനരാരംഭിച്ചു. ഇതു സഹ ിക്കാന്‍ കഴിയാതിരുന്ന കോണ്‍ഗ്രസുകാര്‍ അംബേദ്ക്കര്‍ അഹമ്മദാബാദ്് സന്ദര്‍ശിക്കുമ്പോള്‍ റെയില്‍വേസ്റ്റേഷനില്‍ കരിങ്കൊടികാട്ടി അപമാനിച്ചു. (അതേ പുസ്തകം - അദ്ധ്യായം: 3) കോണ്‍ഗ്രസിന്റെ ദളിതപ്രേമത്തിന്റെ മറ്റൊരു തെളിവാണ് അന്നത്തെ സെന്‍ട്രല്‍ പ്രൊവിന്‍സിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഡോ: ഖരെയുടെ അനുഭവം. അസ്പൃശ്യരോട് സഹാനുഭൂതിയുണ്ടായിരുന്ന അദ്ദേഹം തന്റെ മന്ത്രിസഭയില്‍ ഒരു ദളിതനെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇതുസഹിക്കാന്‍ പറ്റാതെ ഈ നടപടിയെ കോണ്‍ഗ്രസ് അപലപിക്കുകയും അദ്ദേഹത്തെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കുകയും ചെയ്തു. (അതേ പുസ്തകം - അദ്ധ്യായം 4) ഇത്തരം നീചമനഃസ്ഥിതി ഭാരതം മുഴുവന്‍ അവര്‍ വച്ചുപുലര്‍ത്തിയിരുന്നു. കേരളത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 1939 ജില്ലാബോര്‍ഡ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പ്രചാരണജാഥ പയ്യന്നൂരില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ചു. ജാഥ കടന്നുപോകേണ്ടത് സവര്‍ണര്‍ താമസിക്കുന്ന ഇടങ്ങളിലൂടെയായിരുന്നു. ജാഥാംഗങ്ങളായി രണ്ടുമൂന്ന് അവര്‍ണ്ണരും ഉണ്ടായിരുന്നു. ഇതു തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് പയ്യന്നൂര്‍ കമ്മിറ്റി ജാഥ ഉപേക്ഷിച്ചു. (വിപ്ലവകാരിയായ ആനന്ദതീര്‍ത്ഥന്‍ ടി. എച്ച്. പി. ചെന്താരശേരി - അദ്ധ്യായം - 12) കോണ്‍ഗ്രസിന്റെ ഹരിജനോദ്ധാരണം ഒരു തട്ടിപ്പായിരുന്നു. അതിനുവേണ്ടി ആത്മാര്‍ത്ഥമായി പ്രയത്‌നിക്കുകയും ജീവിക്കുകയും ചെയ്ത കേരളഗാന്ധി കേളപ്പജിയെ കോണ്‍ഗ്രസുകാര്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലെറിഞ്ഞത് അതുകൊണ്ടാണ്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യനേതൃത്വത്തിലേക്ക് അവര്‍ ഒരിക്കലും പിന്നാക്കക്കാരനെ കൊണ്ടുവരില്ല. സംവരണമണ്ഡലത്തിന്റെ പേരില്‍ നിവൃത്തികേടുകൊണ്ട് ചിലരെ എംഎല്‍എയും മന്ത്രിയും ആക്കുന്നുവെന്നുമാത്രം. പാര്‍ട്ടിയുടെയോ ഭരണകൂടത്തിന്റെയോ താക്കോല്‍സ്ഥാനങ്ങളില്‍ ഇന്നും ദളിതനു പ്രവേശനമില്ല. കോണ്‍ഗ്രസ് തമ്പുരാക്കന്മാരുടെ തറവാട്ടുമുറ്റത്ത് അടിച്ചുതളിക്കാരായി കഴിയാനേ അവര്‍ക്ക് യോഗമുള്ളൂ. ഇനി പേരുകൊണ്ട് ചില ദളിതര്‍ എത്തപ്പെട്ടത്, അവര്‍ സമുദായത്തെ വഞ്ചിച്ച് പണത്തിനും പദവിക്കും വേണ്ടി കളംമാറിയവരോ മതംമാറ്റിയവരോ മാത്രമാണ്. അതിന്റെ ലാഭം വേറെയാണല്ലോ. അത് ദളിതസ്‌നേഹമല്ല, കച്ചവടമാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ച് വനവാസികള്‍ എന്നും പട്ടിണിമരണം സംഭവിക്കുന്നവരായി അവശേഷിക്കണം. ശിശുമരണം നിത്യവാര്‍ത്തയാകണം. അതിനായി അട്ടപ്പാടികള്‍ വികസിക്കാതിരിക്കണം. അവരെന്നും ഒരുതുണ്ടുഭൂമിപോലും കയറികിടക്കാന്‍ ഇല്ലാത്തവരായി ജീവിക്കണം. എന്നിട്ട് നിര്‍ലജ്ജം ദളിതനുവേണ്ടി കണ്ണീരൊഴുക്കണം. പ്രഥമപ്രധാനമന്ത്രി നെഹ്‌റു മുതല്‍ ഇപ്പോള്‍ ചാണ്ടിയും സുധീരനും ചെന്നിത്തലയും എല്ലാം നിലവിളി സമരം നടത്തിക്കൊണ്ടേയിരിക്കും. കോണ്‍ഗ്രസുകാര്‍ക്ക് വിശപ്പു വല്ലാതാകുമ്പോള്‍ രോഹിത് വെമുലമാരുടെ മാംസംവേണം. ദാദ്രിയിലെയും അവര്‍തന്നെ ഭരിക്കുന്ന മറ്റ് ഇടങ്ങളിലെയും ദളിതന്റെ കണ്ണീരും രക്തവും കുടിച്ചാലേ കോണ്‍ഗ്രസിനു നിലനിക്കാനാവൂ. അട്ടപ്പാടിയില്‍ പോഷകാഹാരക്കുറവുകൊണ്ട് നിരവധി ആദിവാസി ശിശുക്കള്‍ മരിച്ചപ്പോള്‍ ഇപ്പോള്‍ അവര്‍ ഒഴുക്കുന്നതിന്റെ ഒരംശം കണ്ണീരുപോലും ഉണ്ടായില്ല. വയനാട്ടിലും അട്ടപ്പാടിയിലും ഇടുക്കിയിലും മറ്റു പലയിടങ്ങളിലും ഒരു തുണ്ടുഭൂമിക്കുവേണ്ടി നിന്നും ഇരുന്നും കിടന്നും നിലവിളിച്ചിട്ടും സമരം നടത്തിയിട്ടും അതുകേള്‍ക്കാന്‍ സുധീരന്റെയും ചെന്നിത്തലയുടെയും കര്‍ണ്ണപുടങ്ങള്‍ക്കായില്ല. അതുപൊട്ടിപ്പോയിരുന്നു. വയനാട്ടിലെ അവിവാഹിത അമ്മമാരുടെ രോദനം അവരെ വിറകൊള്ളിച്ചില്ല. കറുത്തവന്റെ രോദനം കേള്‍ക്കാന്‍ തയ്യാറല്ലാത്ത വെള്ളത്തൊലിക്കാരനായ രമേശ് ചെന്നിത്തല സമുദായ സ്പര്‍ദ്ധവളര്‍ത്തി വിളവുകൊയ്യാന്‍ ശ്രമിക്കുന്നു. ചുക്കിച്ചുളിഞ്ഞ ശരീരവും കരിഞ്ഞ് ഒട്ടിയ മുഖവും നീരുവറ്റിയ കണ്ണുകളുമുള്ള ആദിവാസിയുടെ, ദളിതന്റെ, പിന്നാക്കക്കാരന്റെ കാഴ്ച അവര്‍ക്ക് അലോസരമാണ്. ചമഞ്ഞൊരുങ്ങി സര്‍വ്വാഭരണ വിഭൂഷിതയായി കോടികള്‍ കിലുക്കി വരുന്ന തട്ടിപ്പുകാരികളെ കണ്ടാല്‍ കോണ്‍ഗ്രസ് നേതാക്കന്മാരും മന്ത്രിമാരും നിറഞ്ഞചിരിയുമായി ഓടിയെത്തും. ഇനിയെങ്കിലും ഈ കാപട്യം കോണ്‍ഗ്രസുകാര്‍ അവസാനിപ്പിക്കുക.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.