പരീക്ഷകള്‍ പടിവാതിലില്‍; ആശങ്കയോടെ വിദ്യാര്‍ത്ഥികള്‍

Tuesday 9 February 2016 1:40 pm IST

മലപ്പുറം: പരീക്ഷകള്‍ ആരംഭിക്കാന്‍ കേവലം ഒരു മാസം മാത്രം അവശേഷിക്കെ ജില്ലയിലെ പഠനം പാതിവഴിയില്‍ പോലും എത്തിയിട്ടില്ല. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളെ അഭിമുഖീകരിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമുള്ള ജില്ലയാണ് മലപ്പുറം. അതും കൂടാതെ വിദ്യാഭ്യാസ മന്ത്രിയുടെ സ്വന്തം ജില്ലയും. പാഠഭാഗങ്ങള്‍ തീരാത്തതിന് പല കാരണങ്ങളാണ് പറയുന്നത്. അധ്യായന വര്‍ഷം അവസാനിക്കാറായിട്ടും പാഠപുസ്തകങ്ങള്‍ പോലും കിട്ടാത്ത സ്‌കൂളുകള്‍ ഉണ്ടത്രേ. പരാതി പറഞ്ഞ് മടുത്തെന്ന് അദ്ധ്യാപകര്‍ പറയുന്നു. എന്നാല്‍ അദ്ധ്യാപകരുടെ അഭാവമാണ് പാഠഭാഗങ്ങള്‍ തീരാഞ്ഞതിന് കാരണമായി രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. മിക്ക സ്‌കൂളുകളിലും ജോലി ചെയ്യുന്നവരില്‍ ഏറെയും താല്‍ക്കാലിക അദ്ധ്യാപകരാണെന്നും രക്ഷിതാക്കള് പറയുന്നു. പലവിദ്യാലയങ്ങളിലും അദ്ധ്യാപകരുടെ ഒഴിവുണ്ടായാല്‍ നിയമനം നടത്താന്‍ ഏറെ വൈകുന്നു. ചില വിദ്യാലയങ്ങളില്‍ പിടിഎ ശമ്പളം നല്‍കി അദ്ധ്യാപകരെ നിയമിക്കേണ്ട അവസ്ഥയിലാണ്. ഒരു വര്‍ഷം തന്നെ ഒരു വിഷയം പഠിപ്പിക്കാന്‍ പല അദ്ധ്യാപകരെത്തുന്ന സ്ഥിതിവിശേഷവും സാധാരണമാണ്. ഇത് കാരണം വിദ്യാര്‍ത്ഥികള്‍ക്ക് പലപ്പോഴും പഠന തുടര്‍ച്ച തന്നെ നഷ്ടപ്പെടുന്നു. കേരളത്തിലെ തന്നെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഏറ്റവും അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ജില്ലകളിലൊന്നാണ് മലപ്പുറം. മറ്റു ജില്ലകളില്‍ വിദ്യാര്‍ത്ഥികള്‍ ഇല്ലാതെ വിദ്യാലയങ്ങള്‍ അടച്ചുപൂട്ടുന്ന അവസ്ഥയിലാണെങ്കില്‍ ഇവിടെ സ്ഥിതി മറ്റൊന്നാണ്. പല ക്ലാസുകളിലും ഏഴും എട്ടും ഡിവിഷനുകള്‍ വരെയുണ്ട്. മാനേജ്‌മെന്റ് സ്‌കൂളുകളും സിബിഎസ്ഇ സ്‌കൂളുകളും ഏറ്റവും അധികമുള്ളതും നമ്മുടെ ജില്ലയിലാണ്. സര്‍ക്കാര്‍ ശമ്പളം പറ്റുന്നവരാണ് എയ്ഡഡ് സ്‌കൂള്‍ അദ്ധ്യാപകര്‍. പക്ഷേ ആ ഉത്തരവാദിത്വം പലപ്പോഴും വിദ്യാര്‍ത്ഥികളോട് സ്ഥാപന മേധാവികളോ അദ്ധ്യാപകരോ കാണിക്കാറില്ല എന്നതാണ് ഖേദകരം. എന്തായാലും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ പടിവാതിലിലെത്തി നില്‍ക്കെി പാതിപഠിച്ച ആത്മവിശ്വാസത്തില്‍ പരീക്ഷ എഴുതാന്‍ തയ്യാറാവുകയാണ് വിദ്യാര്‍ത്ഥികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.