അധികൃതരുടെ അനാസ്ഥ: മയിച്ചയില്‍ വാഹനാപകടം നിത്യസംഭവമായി

Tuesday 9 February 2016 1:47 pm IST

നീലേശ്വരം: കാര്യങ്കോട് പാലത്തിന് തൊട്ട് തെക്ക് ഭാഗത്ത് മയിച്ച വളവ് വാഹനാപകട മേഖലയാണ്. വീതി കുറഞ്ഞ റോഡില്‍ മറികടക്കുമ്പോഴും എതിര്‍ ദിശകളില്‍ വരുമ്പോഴും അപകടത്തില്‍ പെടുന്ന വാഹനങ്ങള്‍ താഴെ വെള്ളക്കെട്ടിലേക്ക് വീഴുന്നത് നിത്യ സംഭവമായി തീര്‍ന്നിരിക്കുകയാണ്. വൈദ്യുതി പോസ്റ്റിലിടിച്ച് താഴെ വീഴാതെ നിന്ന കാറില്‍ നിന്നും യാത്രക്കാരെ രക്ഷിക്കുന്നതിനിടയില്‍ ഗുരുതരമായി ഷോക്കേറ്റ് ഒരു കൈ നഷ്ടപ്പെട്ട യുവാവിന് ധനസഹായം പോലും നല്‍കാതെ അധികൃതരും സര്‍ക്കാരും നല്‍കിയ വാഗ്ദാനങ്ങള്‍ കാറ്റില്‍ പറത്തിയതായി നാട്ടുകാര്‍ ആരോപിച്ചു. നാട്ടുകാര്‍ മണിക്കൂറുകളോളം മയിച്ച ദേശീയപാത ഉപരോധിച്ചപ്പോള്‍ കളക്ടര്‍ റോഡ് വീതി കൂട്ടുന്ന ജോലി യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തുമെന്ന് ഫോണിലൂടെ സമരക്കാരെ അറിയിച്ചതിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ വീതികുറഞ്ഞ റോഡിന്റെ വശങ്ങളില്‍ മണ്ണിറക്കുക മാത്രമാണ് അധികൃതര്‍ ചെയ്തത്. പ്രതീക്ഷയോടെ കാത്തിരുന്ന നാട്ടുകാരേയും യാത്രക്കാരേയും വിഡ്ഡികളാക്കിക്കൊണ്ട് അധികൃതര്‍ നല്‍കിയ വാഗ്ദാനം മറന്ന മട്ടാണ്. അപകടങ്ങള്‍ കുറയ്ക്കാനെന്ന് പറഞ്ഞ് ദേശീയപാതയില്‍ പുതുതായി നിര്‍മ്മിച്ച അനേകം ഹമ്പുകള്‍ അശാസ്ത്രീയമാണെന്ന് വിദഗ്ധര്‍ പറയുന്നു. രാത്രികാലങ്ങളില്‍ അമിത വേഗത്തില്‍ വരുന്ന ചരക്ക് ലോറികളും മറ്റ് വാഹനങ്ങളും ഹമ്പ് കടക്കുമ്പോഴുണ്ടാകുന്ന ഭീകരശബ്ദം പരിസരവാസികളുടെ ഉറക്കം കെടുത്തുകയാണ്. തുടക്കത്തില്‍ വാഹനം അപകടത്തില്‍ പെട്ടതാണെന്ന് കരുതി പ്രദേശവാസികള്‍ ഓടിക്കൂടിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. വീതികുറഞ്ഞ പാതയോരത്ത് കൂനകളായി കൂട്ടിയിട്ട മണ്ണ് വന്‍ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നത്. കാര്യങ്കോട് പാലത്തിന്റെ തൂണുകള്‍ക്ക് കാലപ്പഴക്കത്താല്‍ ബലക്ഷയം സംഭവിച്ചിരിക്കുകയാണ്. സൂക്ഷ്മ പരിശോധനക്കെത്തിയ വിദഗ്ധരുടെ നിര്‍ദ്ദേശ പ്രകാരം കോണ്‍ക്രീറ്റ് കമ്പികള്‍ പുറത്ത് കാണുന്ന പാലത്തിന്റെ തൂണുകളില്‍ സിമെന്റ് മിശ്രിതമുപയോഗിച്ച് മിനുക്കുപണി ചെയ്യുക മാത്രമാണ് അധികൃതര്‍ ചെയ്തത്. കാര്യങ്കോട് പാലത്തിലും, തൊട്ട് കിടക്കുന്ന കാര്യങ്കോട് വളവിലും വീണ്ടും ഒരപകടം വന്നാല്‍ മാത്രമേ ഇനി അധികൃതര്‍ കണ്ണു തുറക്കൂവെന്നാണ് മുന്‍കാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.