നേതൃത്വം നല്‍കിയത് ലോക്കല്‍ സെക്രട്ടറി ബിജെപി ബേഡഡുക്ക പഞ്ചായത്ത് കമ്മറ്റി ഓഫീസിന് നേരെ വീണ്ടും സിപിഎം അക്രമം

Tuesday 9 February 2016 1:49 pm IST

കുണ്ടംകുഴി: ബിജെപി ബേഡഡുക്ക പഞ്ചായത്ത് കമ്മറ്റി ഓഫീസിന് നേരെ വീണ്ടും സിപിഎം ക്രിമിനല്‍ സംഘത്തിന്റെ അക്രമണം. കഴിഞ്ഞ ദിവസം സിപിഎം ക്രിമിനല്‍ സംഘം ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും ചുവരില്‍ കരിഓയില്‍ ഒഴിച്ച് വികൃതമാക്കുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി വീണ്ടുമെത്തിയ അക്രമികള്‍ ഓഫീസ് അടിച്ച് തകര്‍ക്കുകയും ബോര്‍ഡുകളും കൊടി തോരണങ്ങളും എടുത്ത് കൊണ്ടു പോകുകയും ചെയ്തു. കൂടാതെ ഇതേ കെട്ടിടത്തില്‍ രാത്രിയില്‍ താമസിക്കുന്ന ആളുകളുടെ മുറി പുറത്ത് നിന്ന് താഴിട്ട് പൂട്ടുകയും ചെയ്തു. പോലീസ് വന്നാണ് ഇവരെ മോചിപ്പിച്ചത്. സിപിഎം കുണ്ടംകുഴി ലോക്കല്‍ സെക്രട്ടറി കെ.മുരളീധരന്റെ നേതൃത്വത്തിലാണ് അക്രമണം നടത്തുന്നതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ബേഡകം പ്രദേശങ്ങളില്‍ സിപിഎം നേതാക്കള്‍ നടത്തുന്ന അഴിമതി കണ്ട് മടുത്ത പ്രവര്‍ത്തകര്‍ വ്യാപകമായി പാര്‍ട്ടി വിട്ട് അടുത്ത കാലത്തായി ബിജെപിയില്‍ ചേര്‍ന്നിരുന്നു. പാര്‍ട്ടി ഗ്രാമമെന്ന് അവകാശപ്പെടുന്ന കുണ്ടം കുഴിയില്‍ സിപിഎമ്മില്‍ നിന്നുള്ള വ്യാപകമായ കൊഴിഞ്ഞ് പോക്കില്‍ വിറളി പിടിച്ച നേതൃത്വമാണ് നിരന്തരമായി ബിജെപി ഓഫീസിന് നേരെ അക്രമണം അഴിച്ച് വിടുന്നത്. അക്രമണം നടത്തി പ്രദേശത്ത് ഭീതി പരത്തി കൊഴിഞ്ഞ് പോക്ക് തടയാനാണ് സിപിഎം ശ്രമം. കുണ്ടംകുഴി പഞ്ചലിംഗേശ്വര റോഡിന് 5 ലക്ഷം രൂപ അനുവദിച്ചിരുന്നു. അതില്‍ രണ്ട് ലക്ഷം രൂപ പോലും ചിലവഴിക്കാതെ കുണ്ടംകുഴി ലോക്കല്‍ സെക്രട്ടറി അടിച്ച് മാറ്റിയെടുത്തതായി സിപിഎം പ്രാദേശിക നേതാക്കള്‍ തന്നെ ആരേപണവുമായി രംഗത്ത് വന്നിരുന്നു. ഈ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്ന് ബിജെപി പഞ്ചായത്ത് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ത്തു കൊണ്ടുള്ള സിപിഎം അഴിഞ്ഞാട്ടം അവസാനിപ്പിക്കണം. ബിജെപി ഓഫീസിന് നേരെ നിരന്തരമായി നടത്തി കൊണ്ടിരിക്കുന്ന അക്രമണം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. യോഗത്തില്‍ ബിജെപി ബേഡഡുക്ക പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് പി.സദാശിവന്‍ അദ്ധ്യക്ഷത വഹിച്ചു. ഉദുമ മണ്ഡലം ട്രഷറര്‍ എടപ്പണി ബാലകൃഷ്ണന്‍, ചെമ്മനാട് പഞ്ചായത്ത് കമ്മറ്റിയംഗം പി.ഭാസ്‌കരന്‍ പൊയിനാച്ചി എന്നിവര്‍ സംസാരിച്ചു. യുവമോര്‍ച്ചാ ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് എം. ചിത്തരഞ്ജന്‍ സ്വാഗതവും, ബേഡകം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി. മധുസൂദനന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.