സ്പിരിറ്റ് കേസ്; പ്രതിക്ക് ആറ് വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും

Tuesday 9 February 2016 8:03 pm IST

തൊടുപുഴ:  ചെക്ക് പോസ്റ്റുവഴി ലോറിയില്‍ സ്പിരിറ്റ് കടത്തിയ കേസിലെ പ്രതിക്ക് ആറ് വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. തൃശൂര്‍ കോലഴികര അറയ്ക്കല്‍ രഞ്ചിത്ത് (33)നെയാണ് തൊടുപുഴ നാലാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഡി സുരേഷ്‌കുമാര്‍ ശിക്ഷിച്ചത്. 2009 ഏപ്രില്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. കെ.കെ റോഡില്‍ സ്പ്രിംങ് വാലിക്കരയ്ക്ക് സമീപം ഇടുക്കി എക്‌സൈസ് നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ പ്രസാദ് എം.കെയും സംഘവും വാഹനങ്ങള്‍ പരിശോധിക്കുകയായിരുന്നു. ഇതിനിടെയാണ് കെഎല്‍-13, 6810 നമ്പര്‍ ടാറ്റാ ലോറി പരിശോധിച്ചത്. ഈവാഹനത്തില്‍ നിന്ന് 35 ലിറ്ററിന്റെ കന്നാസുകളിലായി സൂക്ഷിച്ച 3265 ലിറ്റര്‍ സ്പിരിറ്റ് പിടികൂടുകയായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും തൃശൂരിലേക്ക് കടത്താന്‍ ശ്രമിച്ച സ്പിരിറ്റാണ് പിടികൂടിയത്. ലോറിയുടെ ക്ലീനറായിരുന്നു പ്രതി രഞ്ചിത്ത്. ലോറി ഓടിച്ചിരുന്ന രാജേഷിനെ നേരത്തെ കോടതി ശിക്ഷിച്ചിരുന്നു. കേസിന്റെ വിസ്താരം നടക്കുന്നതിനിടെ രഞ്ചിത്ത് മുങ്ങിയിരുന്നു. പിന്നീട് പിടിയിലായ രഞ്ചിത്തിനായി രണ്ടാമത് കേസ് വിസ്തരിക്കുകയായിരുന്നു. പ്രോസിക്യൂഷന്‍ വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍  അഡ്വ. ബര്‍ഗ് ജോര്‍ജ് ഹാജരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.