ഈരാറ്റുപേട്ട: അരുവിത്തുറ കോളേജ്, കൊണ്ടൂര്‍ ക്ഷേത്രം റോഡിന്റെ കലുങ്കും അപ്രോച്ച് റോഡും തകര്‍ന്നിട്ട് മാസങ്ങളായിട്ടും നടപടിയൊന്നുമായില്ല.
ഈരാറ്റുപേട്ട നഗരസഭയെയും തിടനാട് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന റോഡിന്റെ കലുങ്കാണിത്. ഏഴ് വര്‍ഷം മുന്‍പ് പണിത കലുങ്കിന്റെ ഇരുവശത്തെ അപ്രോച്ച് റോഡും തകര്‍ന്നിരിക്കുകയാണ്. ഇരുവശത്തെയും ഭിത്തിക്ക് ബലക്ഷയവും വന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ക്ക് മാത്രമാണ് ഇതിലൂടെ യാത്ര ചെയ്യാന്‍ സാധിക്കുന്നത്. കൊണ്ടൂര്‍ അമ്പലം, കാവ്, കോളനി തുടങ്ങിയ ഭാഗത്തുള്ളവര്‍ക്ക് എളുപ്പത്തില്‍ അരുവിത്തുറ കോളേജ് ഭാഗത്തെത്താവുന്ന റോഡാണ് ഇപ്പോള്‍ ആര്‍ക്കും പ്രയോജനമില്ലാത്ത അവസ്ഥയില്‍ കിടക്കുന്നത്.
മീനച്ചിലാറിനോട് ചേര്‍ന്നുള്ള കലുങ്കായതിനാല്‍ ആറ്റില്‍ വെള്ളം കുറവുള്ള സമയത്തു മാത്രമെ നിര്‍മ്മാണം സാധിക്കുകയുളളൂ. അടിയന്തരമായി കലുങ്കിന്റെ അപ്രോച്ച് റോഡ് പുനര്‍ നിര്‍മ്മിക്കാന്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: