ചില വീണ്ടുവിചാരങ്ങള്‍

Tuesday 9 February 2016 10:38 pm IST

'പഞ്ചവടിപ്പാലം' എന്ന സിനിമയിലെപ്പോലെ നല്ല ബലമുള്ള പാലത്തിന് ബലക്ഷയമാണെന്നു പറഞ്ഞുപരത്തി, നാട്ടുകാരുടെ രക്ഷകരായിവന്ന്, കോണ്‍ട്രാക്ടറെ പണക്കാരനാക്കി, പാലം തകര്‍ത്ത് പുതിയതൊന്ന് അഴിമതിയില്‍ പണിതീര്‍ത്ത്, ഉദ്ഘാടനദിവസം നാട്ടുകാരെ വെള്ളത്തില്‍ മുക്കിക്കൊന്ന 'സംരക്ഷക'രെ പോലെ ഒരു രാഷ്ട്രീയപ്രസ്ഥാനം. സമാധാനപരമായ അന്തരീക്ഷത്തില്‍ അസ്വസ്ഥതയുണ്ടാക്കി, അത് മറ്റുള്ളവരുടെപേരില്‍ പ്രചരിപ്പിച്ച്, സ്വയം രക്ഷകരായി അവതരിച്ച് ജീവിക്കുന്ന ബുദ്ധിജീവികള്‍ 'ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല' എന്ന ബൈബിള്‍ വചനം പോലെ തനിക്കും തന്റെ പൂര്‍വ്വികര്‍ക്കും ഭാവിതലമുറയ്ക്കും നിലനില്‍പ്പിനാധാരമായതിനെ പരിഹസിച്ചും നിരാകരിച്ചും സ്വന്തം ബുദ്ധിവൈഭവം തെളിയിച്ച് മണ്ടന്മാരും രാഷ്ട്രദ്രോഹികളുമാകുന്നു. ചില രണ്ടാനമ്മമാര്‍ കുട്ടിയുടെ ഭക്ഷണം സ്വയം കഴിക്കുകയും കുട്ടി വിശന്നുവലഞ്ഞ് കരയുമ്പോള്‍ ഇരുട്ടിലേക്ക് ചൂണ്ടി ഇല്ലാത്ത ഭൂതത്തിന്റെ പേരുപറഞ്ഞ് ഭയപ്പെടുത്തുകയും ചെയ്യും. പാവം കുട്ടി ഭയത്താല്‍ വിശപ്പ് മറന്ന് രണ്ടാനമ്മയെ രക്ഷകയായി കണ്ട് കെട്ടിപ്പിടിക്കുന്നു. 'സ്‌നേഹമുള്ള രണ്ടാനമ്മ'യെ വിശ്വസിക്കുന്നു. ഇതാണ് ഒരു മുന്നണിയുടെ നിലനില്‍പ്പിന്റെ ആധാരം. പക്ഷെ ഇത് തിരിച്ചറിയുന്ന ഒരു കാലഘട്ടം വരും. ഒരു ശരാശരി സഖാവിന്റെ മൂഢലോകവാസം പത്ത് വര്‍ഷം മാത്രമാണ്. അവന്‍ വിവാഹിതനായി കുടുബജീവിതത്തിന്റെ പ്രാരബ്ധങ്ങളില്‍പ്പെടുമ്പോള്‍, അതുവരെ വിശ്വസിച്ച പ്രത്യയശാസ്ത്രങ്ങള്‍ അവനെ രക്ഷിക്കാതാകുമ്പോള്‍ അവനിലുണ്ടാകുന്ന ബുദ്ധി അവനെ ജീവിക്കാന്‍ പഠിപ്പിക്കുന്നു. അപ്പോള്‍ പാരമ്പര്യം, മതവിശ്വാസം എല്ലാം നാമ്പെടുക്കും. ചിലര്‍ പക്ഷെ ഇടയിലും വഴിയിലുമില്ലാത്ത സാമൂഹികപൊങ്ങച്ച പരിതസ്ഥിതിയില്‍ ഒരു പ്രത്യേകതരം 'വികസിതസഖാവ്' ആയി മാറുന്നു. ആരും അറിയാതെ ക്ഷേത്രദര്‍ശനം, അമ്മയുടേയോ ഭാര്യയുടേയോ മാത്രം ആവശ്യമെന്ന വ്യാജേന പൂജകള്‍, ശബരിമലയ്ക്ക് പോക്ക് എന്നിവ ആരംഭിക്കും. അത് താഴെത്തലത്തിലുള്ള 'ന്യൂജെന്‍' സഖാക്കള്‍ ചോദ്യംചെയ്യും. മുകള്‍ത്തലത്തിലുള്ള 'അനുഭവസ്ഥര്‍' കണ്ണടയ്ക്കും, എതിര്‍ക്കുന്നവര്‍ക്ക് 'അനുഭവം' വരുന്നതുവരെ ഒഴിഞ്ഞുമാറി നില്‍ക്കണമല്ലോ. രണ്ടാമതൊരു കൂട്ടര്‍, അഭിമാനമുള്ളവര്‍ ഹിന്ദുത്വപ്രസ്ഥാനങ്ങളില്‍ പൗരുഷത്തോടുകൂടി പ്രവര്‍ത്തിക്കുകയും തന്റെ അനുഭവങ്ങളെ വിളിച്ചുപറയുകയും ചെയ്യുന്നു. മറ്റുചിലരാകട്ടെ വിവാഹം കഴിഞ്ഞ് ഭാര്യാവീട്ടില്‍ താമസമാക്കും. ചാണകം മെഴുകിയ വീടിനെ അപേക്ഷിച്ച് മാര്‍ബിള്‍ തറയുള്ള വീട്ടിലെ പരമസുഖം അവനെ 'തിരിച്ചറിവുള്ളവനാ'ക്കുമ്പോള്‍ പ്രസവിച്ച അമ്മയും വളര്‍ത്തിയ അച്ഛനും അപരിഷ്‌കൃതരായ നികൃഷ്ടജീവികളായി തീരുന്നു. ഭാര്യാവീട്ടില്‍ അത് പ്രഖ്യാപിക്കുകയും ചെയ്യുന്നു. അവസാനം 'കഞ്ഞിവെള്ളത്തില്‍ കഴുക്കോലുകാണുന്ന' സമയം മാങ്ങയണ്ടി നഷ്ടപ്പെട്ട അണ്ണാനെപ്പോലെ സ്വന്തം വീട്ടില്‍ വന്നിരിക്കും. പുറംലോകം കാണാതെ ഇങ്ങനെ ചില 'ആദര്‍ശധീരത'യില്‍ ആവേശം കാണിച്ച് അവഗണനയില്‍ അവശനായി ജീവിതം കഴിച്ചുകൂട്ടുന്ന നേതാക്കളേയും കാണാം. 'നശിച്ചാല്‍ നാണവുമില്ല കുളിച്ചാല്‍ കുളിരുമില്ലാത്ത' അവസ്ഥയിലാണെന്നതിനാല്‍ ഇവര്‍ ആര്‍ക്കും അപകടകാരികളാകാം, സൂക്ഷിക്കണം. പഞ്ചറായ വണ്ടിക്ക് കാറ്റടിക്കുന്ന കര്‍മയോഗികള്‍ പ്രസ്ഥാനത്തിനുവേണ്ടി വിയര്‍ത്തുപണിയെടുക്കുന്നു. അവര്‍ക്ക് പമ്പും ടയറും മാത്രമാണ് ജീവിതം. വണ്ടിയില്‍ ഓടിക്കുന്ന ആളുണ്ടോ എന്നൊന്നും അറിയില്ല. അവര്‍ക്ക് ആവേശംകൊടുക്കാന്‍ ധൂമകേതുപോലെ ചില വിജൃംഭിതബുദ്ധിജീവികള്‍ അവതരിച്ചിട്ടുണ്ട്. അവര്‍ വിജൃംഭിതശകലങ്ങള്‍ മാധ്യമങ്ങളില്‍ എഴുതിവിടുന്നു. ആര്‍എസ്എസിന്റെ അന്ത്യം വിദൂരമല്ലെന്നവര്‍ പറയുന്നു. കിണറ്റിലകപ്പെട്ട അമ്പിളിമാമ്മനെ പാതാളക്കരണ്ടികൊണ്ട് വലിച്ചെടുത്ത് ആകാശത്തെത്തിച്ച കൃതാര്‍ത്ഥതയില്‍ അവര്‍ എന്നും ഉറങ്ങുന്നു. പിറ്റേദിവസം വീണ്ടും അങ്ങേര് കിണറ്റില്‍ തന്നെ! മഹാത്യാഗികള്‍ പണി തുടരുന്നു. വൈരുദ്ധ്യാത്മകഭൗതികവാദം ഇന്ന് ആദര്‍ശത്തില്‍നിന്ന് ആമാശയത്തിലെത്തി നില്‍ക്കുന്നു. മോഷ്ടിച്ച് കള്ളുകുടിച്ച ഒരു വാനരന്‍ സ്വതവേയുള്ള ചാപല്യം പലമടങ്ങായിത്തീര്‍ന്ന സമയത്ത് ഒരു ഇഞ്ചി കടിച്ചു, കോള്‍മയിര്‍കൊണ്ടു. അതിനിടയില്‍ ഒരു തേളിനെ സ്വന്തം വാലുകൊണ്ട് അടിച്ചുകൊല്ലാന്‍ നോക്കി. വാലില്‍ തേള്‍ കുത്തി. ഭീകരമായ അലര്‍ച്ച. ഈ അവസ്ഥയിലാണ് രാഷ്ട്രീയക്കോമരങ്ങള്‍. നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ ബന്ധങ്ങള്‍, മൂല്യങ്ങള്‍, സദാചാരം, മനുഷ്യത്വം തുടങ്ങിയ വാക്കുകള്‍ അപരിചിതങ്ങളാകുന്നു. 'രാഷ്ട്രീയം' എന്നത് മുതല്‍മുടക്കില്ലാത്ത വ്യവസായം എന്ന നിര്‍വചനത്തിന് അര്‍ഹമാക്കി. സത്യന്ധരായവരെ തെറ്റുകാരും കൊള്ളക്കാരെ മഹാന്മാരുമാക്കുന്ന മാധ്യമലോകം, കൊള്ളരുതായ്മകളില്‍ ഉറച്ചുനില്‍ക്കുന്ന അവതാരകര്‍. സത്യം അങ്ങകലെ. ഇതാണ് 'വിഢ്ഢിപ്പെട്ടി' എന്ന് ആദ്യകാലത്ത് വിശേഷിപ്പിക്കപ്പെട്ട 'ദൂരദര്‍ശിനികള്‍.' അനര്‍ഹരായവരുടെ അതിജീവനത്തിന്റെ പുതിയ പതിപ്പ്. ഭരണം എന്നത് തെളിഞ്ഞ ശുദ്ധജലത്തില്‍ വിഷംകലക്കാനുള്ള അവകാശംപോലെ. ശാന്തമായ സാമൂഹ്യാന്തരീക്ഷത്തില്‍ 'പഞ്ചവടിപ്പാല'ത്തിലെപ്പോലെ രക്ഷകരായി എത്തുന്നവര്‍. വായില്ലാക്കുന്നിലെ പാവത്തിന്റെ പങ്ക് പറ്റിച്ചെടുത്ത് വികസിക്കുന്നു. ജനങ്ങളെ തീവ്രവാദികളാകാന്‍ പ്രേരിപ്പിക്കുന്നു. പക്ഷെ ഇത് ഈ മണ്ണില്‍ ശാശ്വതമല്ല. തൊട്ടാവാടിയും ചൊറിയണവും നിറഞ്ഞ മണ്ണില്‍ വടവൃക്ഷത്തിന്റെ വിത്ത് കിളിര്‍ത്തു വരും, വളരും. തൈയായിരുന്നപ്പോള്‍ തന്നെ മറച്ച് വളര്‍ച്ച തടയാന്‍ ശ്രമിച്ച ചെറുചെടികളെ വകവയ്ക്കാതെ എല്ലാവര്‍ക്കും തണലും സുരക്ഷിതത്വവും നല്‍കും. തടസ്സം ഇല്ലാതാകും. അതേ, ശുഭപ്രതീക്ഷ നല്‍കുന്ന ഒരു വടവൃക്ഷമായി ഇന്ന് ആര്‍എസ്എസും സംഘപ്രസ്ഥനങ്ങളും വളരുന്നു. ഭാരതം സത്യസന്ധതയും ധാര്‍മ്മികതയും ധീരതയും കൈവരിക്കുന്ന ഭരണസംവിധാനത്തിലാണിന്നുള്ളത്. തന്റെ ആരാധകരെ മാത്രം രക്ഷിക്കുന്ന തമോഗര്‍ത്തികളില്‍നിന്ന് സാത്വികസംരക്ഷണം. ഇത് പാരമ്പര്യഗുണം. അതിനെ എതിര്‍ക്കുന്നതും സ്വാഭാവികം. കാരണം കുശുമ്പ് എന്നത് വായുപോലെയാണ്. നേരിട്ട് കാണാന്‍ സാധിക്കില്ല. അതിന്റെ പ്രതിഫലനങ്ങളിലൂടെ അറിയുന്നു. അധികാരികളില്‍നിന്ന് ആപത്ബാന്ധവരായി പരിവര്‍ത്തനം ചെയ്യുമ്പോള്‍ ആത്മീയബന്ധം വളരുന്നു. ബാഹ്യശക്തികള്‍ രക്ഷകരായി പരിണമിക്കുന്നു. ഇതാണ് വര്‍ത്തമാനകാലം. തനിക്കുവേണ്ടി മാത്രമല്ലാതെ ജീവിക്കുന്നവര്‍ ഭാരതത്തിന്റെ വൈശിഷ്ട്യം. ഉണ്ടായിട്ടും വേണ്ടാത്തവരുടെ നാട്. 'എന്റെ കുടുംബവക' എന്നതുമാറി 'രാഷ്ട്രം ഒരു കുടുംബം' എന്നായി. ഇന്നത്തെ ഭാരതസര്‍ക്കാര്‍ പാരമ്പര്യത്തില്‍ നിന്നുയിര്‍കൊണ്ടത്. തടസ്സം നിന്നവര്‍ക്കും പൗരാണികമായി പ്രൗഢിയോടെ സംരക്ഷണം നല്‍കുന്നു. ആകയാല്‍ ബുദ്ധിയുള്ള 'മിടുക്കന്മാര്‍' മിത്രഭാവം കൈവരിച്ചു. അല്ലാത്തവര്‍ 'അമ്മയെ തോണ്ടി മക്കള്‍ മരിച്ചു' എന്ന കടംകവിത പോലെയും. അമ്മയുടെ ഉദരത്തില്‍ സുരക്ഷിതരായ തീപ്പെട്ടികമ്പുകള്‍ വെളിയില്‍വന്ന് അമ്മയെ തോണ്ടിയാല്‍ സ്വയം ഇല്ലാതാകുമല്ലോ.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.