ബയോമെഡിക്കല്‍ വേസ്റ്റ് സുരക്ഷിതമായി സംസ്‌ക്കരിക്കണമെന്ന്

Wednesday 10 February 2016 7:36 pm IST

ആലപ്പുഴ: പട്ടണത്തിലെ ആശുപത്രികളിലും മറ്റ് ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും പുറന്തള്ളപ്പെടുന്നതും മാരക വ്യാധികള്‍ക്കു സാധ്യതയുള്ളതുമായ ബയോമെഡിക്കല്‍ മാലിന്യം സുരക്ഷിതമായി സംസ്‌ക്കരണമെന്നു ആവശ്യമുയരുന്നു. പരിസ്ഥിതിക്കും മനുഷ്യര്‍ക്കും ദോഷകരവും രോഗാണുവാഹികളുമായ ആശുപത്രി മാലിന്യം വഴിവക്കുകളില്‍ പോലും കാണുന്നുണ്ട്. വീടുകളില്‍ നിന്നുള്ള ബയോമെഡിക്കല്‍ വേസ്റ്റുകളും ധാരാളമായി റോഡുവക്കില്‍ ഉപേക്ഷിക്കപ്പെടുന്നു. ഉപയോഗിച്ച ശേഷം അലക്ഷ്യമായി തള്ളുന്ന സിറിഞ്ചുകളും കുപ്പികളും അടക്കമുള്ള പാഴ്‌വസ്തുക്കള്‍ വീണ്ടും അനാരോഗ്യകരമായ സാഹചര്യങ്ങളില്‍ വില്പനയ്‌ക്കെത്തിക്കുന്നതായുള്ള പരാതികളും നിലനില്ക്കുന്നു. ആശുപത്രികളിലെ ഓരോ ബെഡില്‍ നിന്നും ഏകദേശം കാല്‍ കിലോഗ്രാം ബയോ മെഡിക്കല്‍ വേസ്റ്റ് എങ്കിലും പുറന്തള്ളപ്പെടുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. അതില്‍ രക്തവും മാംസവും കടലാസും റബറും പ്ലാസ്റ്റിക്കും പ്ലാസ്റ്ററും ഗ്ലാസും തുണിയും പഞ്ഞിയുമൊക്കെയുണ്ട്. അവ വേര്‍തിരിച്ചു ശേഖരിക്കുകയും നീക്കം ചെയ്യുകയും വേണം. എല്ലാ ആശുപത്രികളിലും കൂടാതെ ലാബറട്ടറികള്‍ക്കു കൂട്ടായും ഇന്‍സിനറേറ്ററുകള്‍ അടക്കമുള്ള ബയോമെഡിക്കല്‍ മാനേജ്‌മെന്റ് സിസ്റ്റം പ്രവര്‍ത്തിപ്പിക്കാന്‍ നിര്‍ദേശിക്കുകയും അവയില്‍ പൊതുജനങ്ങളില്‍ നിന്നു ഫീസ് ഈടാക്കി ഉയര്‍ന്ന ചൂടില്‍ കത്തിച്ചു ചാരമാക്കി കളയേണ്ട ഖര, ജൈവ വസ്തുക്കള്‍ സ്വീകരിക്കാനുള്ള ഏര്‍പ്പാടുകള്‍ ഉണ്ടാക്കുകയും വേണം. അപകടകരമായ പാഴ്‌വസ്തുക്കള്‍ പൊതുസ്ഥലങ്ങളിലേക്കു പുറന്തള്ളപ്പെടുന്നില്ലെന്നു ഉറപ്പുവരുത്താന്‍ ആശുപത്രികള്‍, നഴ്‌സിംഗ് ഹോമുകള്‍, ക്ലിനിക്കുകള്‍, ലാബറട്ടറികള്‍, പരിശോധനാ കേന്ദ്രങ്ങള്‍ തുടങ്ങിയയിടങ്ങളിലെല്ലാം തുടര്‍ച്ചയായ പരിശോധന ഉറപ്പാക്കുകയും വേണമെന്ന് തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.