ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമം

Thursday 11 February 2016 12:37 pm IST

മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ വസതിലേക്ക് എബിവിപി നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞപ്പോള്‍

ആഭ്യന്തരമന്ത്രി ഇടപെടണം:കെ. സുരേന്ദ്രന്‍

കോട്ടയം: തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ എസ്എഫ്‌ഐ നേതാക്കളുടെ മാനസിക പീഡനത്തെതുടര്‍ന്ന് ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടിയന്തരമായി ഇടപെടണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോളേജ് യൂണിയന്‍ ഭാരവാഹികള്‍ അടക്കമുള്ള എസ്്എഫ്‌ഐ നേതാക്കള്‍ പെണ്‍കുട്ടിക്കെതിരെ നടത്തിയ അപവാദ പ്രചരണത്തിനും അപമാനത്തിനുമെതിരായി പെണ്‍കുട്ടി പ്രിന്‍സിപ്പാളിനും, പോലീസിനും നല്‍കിയ പരാതിയില്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. എസ്എഫ്‌ഐ നേതൃത്വം അപമാനശ്രമങ്ങള്‍ തുടരുകയും ചെയ്ത സാഹചര്യത്തിലാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കേരളത്തിലെ കാമ്പസുകളില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുമ്പോള്‍ അധികൃതര്‍ മൗനം പാലിക്കുകയാണ്. എം.ജി സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനി ദീപ മോഹനെതിരെയുണ്ടായ അതിക്രമത്തിലും അധികൃതര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഇതര സംസ്ഥാനങ്ങളിലുണ്ടായ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കാന്‍ മത്സരിച്ച സാഹിത്യ-സാംസ്‌കാരിക നായകന്മാര്‍ കേരളത്തിലേ ദളിത് പീഡനത്തില്‍ ഇരട്ടത്താപ്പ് നയമാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെ. സുരേന്ദ്രനൊപ്പം മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ്, പട്ടികജാതിമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ജനറല്‍ സെക്രട്ടറിമാരായ കെ.പി സുരേഷ്, ജി. ലിജിന്‍ലാല്‍, നിയോജകമണ്ഡലം പ്രസിഡന്റുമാരായ എന്‍.വി ബൈജു, സി.എന്‍ സുഭാഷ് തുടങ്ങിയവരും ഉണ്ടായിരുന്നു.

ഇന്ന് എബിവിപി പഠിപ്പ് മുടക്ക്

കൊച്ചി: തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലെ ദളിത് വിദ്യാര്‍ത്ഥിനി എസ്എഫ്‌ഐക്കാരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എബിവിപി ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. കോളേജുകളിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കും. കുറ്റക്കാരായ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എ.പ്രസാദ് ആവശ്യപ്പെട്ടു.

കോളേജുകളില്‍ പെണ്‍കുട്ടികള്‍ക്ക് സുരക്ഷിത അധ്യയനത്തിന് സാഹചര്യം ഒരുക്കണം: എബിവിപി

കൊച്ചി: സംസ്ഥാനത്തെ കോളേജുകളില്‍ പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമായി അധ്യയനം നടത്താന്‍ സാഹചര്യം ഒരുക്കണമെന്ന് എബിവിപി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തൃപ്പുണിത്തുറ ആര്‍എല്‍വി കോളേജില്‍ എസ്എഫ്‌ഐ പീഡനത്തെ തുടര്‍ന്ന് ദളിത് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ഉത്തരവാദികളായ എസ്എഫ്‌ഐ നേതാവും യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ കിരണ്‍രാജ്, മനു, സച്ചിന്‍,അരുണ്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയും പ്രിന്‍സിപ്പാള്‍, അധ്യാപകരായ എബ്രഹാം, മാധവന്‍ എന്നി ഇടതുപക്ഷ സംഘടന നേതാക്കള്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കണമെന്ന് എബിവിപി ദേശീയ നിര്‍വാഹക സമിതിയംഗം പി. ശ്യാംരാജ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ആത്മഹത്യ കുറിപ്പില്‍ കിരണ്‍രാജ്, അശ്വന്ത്, തന്നെ വിവാഹം ഉറപ്പിച്ചിരുന്നയാള്‍ എന്നിവര്‍ക്ക് പങ്കുണ്ടെന്ന് പെണ്‍കുട്ടി വ്യക്തമായിട്ടുണ്ട്. എന്നിട്ടും ഇവര്‍ക്കെതിരെ നടപടിയെടുക്കാത്തില്‍ ദൂരുഹതയുള്ളതായി എബിവിപി ആരോപിച്ചു. എബിവിപി പ്രവര്‍ത്തകയെ മര്‍ദ്ദിച്ച സംഭവത്തില്‍ സാക്ഷി പറഞ്ഞതിന് കുറെ നാളുകളായി വിദ്യാര്‍ത്ഥിനിയെ എസ്എഫ്‌ഐക്കാര്‍ നിരന്തരം പീഡിപ്പിക്കുന്നു. പരാതി പിന്‍വലിക്കാനായി പ്രിന്‍സിപ്പാളടക്കമുള്ളവര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. എസ്എഫ്‌ഐ-അധ്യാപക അവിശുദ്ധ കൂട്ടുകെട്ടില്‍ പഠനം മുടങ്ങിയ കുട്ടികളുടെ പ്രതിനിധിയാണ് ഈ വിദ്യാര്‍ത്ഥിനിയെന്നും എബിവിപി നേതാക്കള്‍ പറഞ്ഞു.

സംസ്ഥാന വ്യാപകമായി കാമ്പസുകളില്‍ എസ്എഫ്‌ഐ നടത്തുന്ന അക്രമത്തെ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു. ജില്ലാ കണ്‍വീനര്‍ ഹരിഗോവിന്ദ് സായി, കോളേജ് യൂണിയന്‍ സെക്രട്ടറി അക്ഷയ് എന്നിവരും പത്രസമ്മേളത്തില്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ എബിവിപി ജില്ലയില്‍ പഠിപ്പു മുടക്കി. സംസ്ഥാനമൊട്ടാകെ കരിദിനം ആചരിച്ചു.

മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച്;ലാത്തിച്ചാര്‍ജ്ജില്‍ എബിവിപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

കോട്ടയം: തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലെ ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എബിവിപി മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ വസതിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പുതുപ്പള്ളി കവലയില്‍ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. മൂന്ന് എബിവിപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമത്തിന് കാരണക്കാരായ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു എബിവിപി മാര്‍ച്ച്. സംസ്ഥാന ജോയിന്റ് സെക്രട്ടറി ആര്‍. കൃഷ്ണരാജ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മന്ത്രി രമേശ് ചെന്നിത്തലയുടെയും കോലം കത്തിച്ചു.

സിപിഎം ദളിത് പീഡനത്തിന്റെ  അവസാനത്തെ ഇര

കൊച്ചി: സംസ്ഥാനത്ത് സിപിഎമ്മിന്റെ ദളിത് പീഡനത്തിന്റെ അവസാനത്തെ ഇരയാണ് കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ച തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലെ വിദ്യാര്‍ത്ഥിനി. കണ്ണൂര്‍ പയ്യന്നൂര്‍ എടാട്ട് ചിത്രലേഖക്ക് പീഡനം അനുഭവിക്കേണ്ടിവന്നത് സിപിഎം തൊഴിലാളിസംഘടനയായ സിഐടിയുവില്‍ നിന്നാണ്.

പാര്‍ട്ടിക്കും പോഷകസംഘടനകള്‍ക്കും ഒപ്പം നില്‍ക്കുമ്പോള്‍ ദളിതരെ പാര്‍ട്ടിയുടെ കൂലിപ്പട്ടാളമായി പണിയെടുപ്പിക്കുകയും സംഘടന വിട്ടകലുമ്പോള്‍ വര്‍ഗ്ഗശത്രുക്കളായി കാണുകയും ചെയ്യുന്ന ഫാസിസ്റ്റ് മനോഭവമാണ് സിപിഎം എക്കാലത്തും വച്ചുപുലര്‍ത്തുന്നത്. ഈ അനുഭവം തന്നെ ആയിരുന്നു ടി.പി.ചന്ദ്രശേഖരനും ഉയായത്.

കാമ്പസുകളില്‍ ഗുണ്ടാശക്തിയായി വളര്‍ന്ന എസ്എഫ്‌ഐ മറ്റ് വിദ്യാര്‍ത്ഥിസംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാറില്ല. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് എറണാകുളം മഹാരാജാസ് കോളേജ്. എസ്എഫ്‌ഐ മാഫിയ സംഘത്തിന്റെ കീഴിലാണ് കോളേജ്. കോളേജ് കാമ്പസും ഹോസ്റ്റലും ഇവര്‍ കൈയ്യടക്കി വച്ചിരിക്കുകയാണ്. മയക്കുമരുന്ന് വില്‍പനയും ഉപയോഗവും ഇവിടെ തകൃതിയാണ്. ഇതിനെ ആരെങ്കിലും ചോദ്യം ചെയ്യാന്‍ തയ്യാറായാല്‍ അവര്‍ക്ക് പിന്നെ കോളേജിന്റെ സമീപത്ത് പോലും പ്രവേശിക്കാന്‍ കഴിയില്ല. മാരകായുധങ്ങള്‍ വരെ കോളേജ് കാമ്പസിലും, ക്ലാസ് റൂമുകളിലും വരെ സൂക്ഷിക്കുന്നുണ്ട്. ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമത്തില്‍ പ്രതിഷേധിച്ച് എബിവിപി ഇന്നലെ ജില്ലയില്‍ പഠിപ്പ് മുടക്ക് സമരം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ മഹാരാജാസ് കോളേജില്‍ എബിവിപി പ്രവര്‍ത്തകരെ പ്രതിഷേധിക്കാന്‍ പോലും എസ്എഫ്‌ഐ മാഫിയ സംഘം അനുവദിച്ചില്ല.

കോണ്‍ഗ്രസ്-സിപിഎം നേതൃത്വംമൗനം പാലിക്കുന്നു: യുവമോര്‍ച്ച

തിരുവനന്തപുരം: ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ സമയത്തും ഫരീദാബാദിലെ ദളിത് കുട്ടികളുടെ മരണസമയത്തും മോദി സര്‍ക്കാരിനും സംഘപരിവാറിനുമെതിരെ വ്യാപകമായി കള്ളപ്രചരണത്തിന് നേതൃത്വം നല്‍കിയ സിപിഎം കോണ്‍ഗ്രസ് നേതൃത്വം തൃപ്പുണിത്തുറ ആര്‍എല്‍വി കോളേജിലെ ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ മൗനം പാലിക്കുകയാണെന്ന് യുവമോര്‍ച്ച ആരോപിച്ചു. എസ്എഫ്‌ഐ നേതാക്കളുടെ മാനസിക പീഡനത്തില്‍ മനം നൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നു. സ്വന്തം സംസ്ഥാനത്ത് തുടര്‍ച്ചയായി നടക്കുന്ന ദളിത് പീഡനത്തില്‍ സര്‍ക്കാരിന്റെയും പീഡനത്തിന് ഉത്തരവാദികളായ എസ്എഫ്‌ഐ ഇടത് നേതൃത്വത്തിന്റെയും നിലപാട് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യം ഉണ്ടെന്നും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി.പ്രകാശ്ബാബു പറഞ്ഞു.

കേരളത്തില്‍ വ്യാപകമായ തോതില്‍ ദളിത് പീഡനം നടക്കുമ്പോള്‍ സര്‍ക്കാര്‍ നോക്കുകുത്തി ആവുകയാണ്. മാസങ്ങള്‍ക്കുമുമ്പ് അടൂരില്‍ ദളിത് വിദ്യാര്‍ത്ഥികളെ ദിവസങ്ങളോളം യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍ കെട്ടിയിട്ട് പീഡിപ്പിച്ചപ്പോഴും കൊട്ടാരക്കരയില്‍ ദളിത് പഞ്ചായത്ത് അംഗത്തെ പരസ്യമായി ജാതിപ്പേര് വിളിച്ച് കയ്യേറ്റം ചെയ്തപ്പോഴും സര്‍ക്കാര്‍ നിഷ്‌ക്രിയത്വം പാലിച്ചു. ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട കേസ് ഒതുക്കാനുള്ള ശ്രമമാണ് പോലീസിന്റെയും കോളേജ് അധികൃതരുടെയും ഭാഗത്തുനിന്ന് ഉണ്ടായികൊണ്ടിരിക്കുന്നതെന്നും പ്രകാശ് ബാബു പറഞ്ഞു.

ആത്മഹത്യാ ശ്രമം: വിരല്‍ ചൂണ്ടുന്നത് യൂണിയന്‍ സെക്രട്ടറി കിരണ്‍ രാജിലേക്ക്

കൊച്ചി: തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ശ്രമം വിരല്‍ ചൂണ്ടുന്നത് യൂണിയന്‍ സെക്രട്ടറി കിരണ്‍രാജിലേയ്ക്ക്. എംജി യൂണിവേഴ്‌സിറ്റി എസ്എഫ്‌ഐ യൂണിയന്‍ സെക്രട്ടറിയും കോളേജിലെ രണ്ടാവര്‍ഷ എംഎഫ്എ വിദ്യാര്‍ത്ഥിയുമായ കിരണ്‍രാജിന്റെ നേതൃത്വത്തിലാണ് കാലങ്ങളായി വിദ്യാര്‍ത്ഥിനിക്കെതിരെ അപവാദ പ്രചരണം നടന്നത്. പെണ്‍കുട്ടിയുടെ ആത്മഹത്യാകുറിപ്പില്‍ ആദ്യത്തെ പേര് കിരണ്‍ രാജിന്റേതാണ്.

കഴിഞ്ഞ ഡിസംബറില്‍ നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപി വിദ്യാര്‍ത്ഥിനിയെ കിരണ്‍രാജ് പരസ്യമായി അപമാനിച്ചിരുന്നു. ഈ വിഷയത്തില്‍ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി പോലീസിലും, കോളേജ് അധികൃതര്‍ക്ക് മുന്നിലും സത്യാവസ്ഥ വെളിപ്പെടുത്തിയിരുന്നു. ഇതെ തുടര്‍ന്ന് കിരണ്‍രാജിന്റെ നേതൃത്വത്തില്‍ മനു, സച്ചിന്‍, അരുണ്‍ എന്നീ എസ്എഫ്‌ഐ നേതാക്കള്‍ ദളിത് വിദ്യാര്‍ത്ഥിനിയെ കോളേജില്‍ പഠിക്കാന്‍ അനുവദിക്കില്ലെന്ന് പരസ്യമായി ഭീഷണി മുഴക്കിയിരുന്നു. പിന്നീട് ഈ വിദ്യാര്‍ത്ഥിനിക്കെതിരെ അപവാദ പ്രചരണങ്ങള്‍ ഇവര്‍ അഴിച്ചുവിട്ടു.

കോളേജ് കാമ്പസിലും ക്ലാസ് മുറിയിലും, ഹോസ്റ്റല്‍ പരിസരത്തും അപവാദ പോസ്റ്റര്‍ പതിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇടത് അധ്യാപക സംഘടനയുടെ പിന്‍ബലത്തില്‍ കിരണ്‍ രാജിന് സംരക്ഷണം ഉറപ്പാക്കുകയായിരുന്നു. മരട് കുണ്ടന്നൂര്‍ സ്വദേശിയായ കിരണ്‍ രാജിന്റെ നേതൃത്വത്തില്‍ കോളേജില്‍ ഒരു ഗുണ്ടാസംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. സിപിഎം നേതാക്കളുടെ തണലിലാണ് കിരണ്‍രാജിന്റെ തേര്‍വാഴ്ച അരങ്ങേറുന്നത്. പോലീസും, കോളേജ് അധികൃതരും കിരണ്‍ രാജിനെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല.

ഇതിന് കാരണം കിരണ്‍ രാജിന് ലഭിക്കുന്ന പാര്‍ട്ടി പിന്തുണയാണ്. നിരവധി ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും കിരണ്‍രാജിനെ സിപിഎം നേതാക്കളുടെ സംരക്ഷണം ഉള്ളതുകൊണ്ട് രക്ഷപ്പെടുകയായിരുന്നു. ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ കുറിപ്പില്‍ ആദ്യത്തെ പേര് കിരണ്‍ രാജിന്റേതാണെങ്കിലും ഇയാളെ ചോദ്യം ചെയ്യാന്‍ പോലും പോലീസ് തയ്യാറായില്ല. സിപിഎം പ്രാദേശിക നേതാക്കളുടെ സംരക്ഷണത്തിലാണ് കിരണ്‍രാജ് ഇപ്പോള്‍.