നിലം നികത്തി നിര്‍മ്മിച്ച റിസോര്‍ട്ടിന് ബിയര്‍ പാര്‍ലര്‍ അനുമതി

Wednesday 10 February 2016 10:13 pm IST

ആലപ്പുഴ: നിലം നികത്തുന്നതിനെതിരെ വെട്ടിനിരത്തല്‍ സമരം നടത്തിയ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ജന്മനാട്ടില്‍ പാടം നികത്തി നിര്‍മ്മിച്ച റിസോര്‍ട്ടിന് സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ബിയര്‍ പാര്‍ലറിന് അനുമതി നല്‍കി. വിഎസിന്റെ വീട് സ്ഥിതിചെയ്യുന്ന പുന്നപ്ര വടക്ക് പഞ്ചായത്തിലാണ് സംഭവം. വിഎസിന്റെ നേതൃത്വത്തില്‍ 1969ല്‍ മിച്ചഭൂമി സമരത്തിനടക്കം തുടക്കം കുറിച്ച പൂന്തുരം പാടശേഖരം നികത്തി നിര്‍മ്മിച്ച റിസോര്‍ട്ടിനാണ് സിപിഎം നിര്‍ദ്ദേശപ്രകാരം ബിയര്‍ പാര്‍ലറിന് പഞ്ചായത്ത് ഭരണസമിതി അനുമതി നല്‍കിയത്. നിലവില്‍ കൃഷി നടത്തുന്ന 216 ഏക്കറോളമുള്ള പൂന്തുരം പാടശേഖരത്തിലെ ആറേക്കറോളം നികത്തിയാണ് മുംബൈ ആസ്ഥാനമായുള്ള ഗ്രൂപ്പ് 'സിട്രസ് റിട്രീറ്റ്‌സ്' റിസോര്‍ട്ടു നിര്‍മ്മിച്ചത്. നിലംനികത്തലിനെതിരെ പോരാട്ടം നടത്തുന്ന വി.എസ്. അച്യുതാനന്ദന്റെ വീട് സ്ഥിതിചെയ്യുന്ന പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡിലാണ് ഭരണ,പ്രതിപക്ഷ പാര്‍ട്ടികളുടെ ഒത്താശയോടെ നിലം നികത്തല്‍ നടന്നത്. ഈ റിസോര്‍ട്ടിനാണ് പ്രതിപക്ഷ എതിര്‍പ്പിനെ പോലും മറികടന്ന് സിപിഎമ്മുകാരായ ഭരണസമിതി ബിയര്‍ പാര്‍ലറിന് അനുമതി നല്‍കിയത്. സിപിഎമ്മിന്റെ കോട്ടയെന്ന് അറിയപ്പെട്ടിരുന്ന പ്രദേശത്ത് നേരത്തെ സിപിഎമ്മുകാരായ പഞ്ചായത്ത് ഭരണസമിതിയാണ് നിലംനികത്തി നിര്‍മ്മിച്ച റിസോര്‍ട്ടിന് പ്രവര്‍ത്തനാനുമതിയും കെട്ടിട നമ്പരും നല്‍കിയത്. നിലം നികത്തി അവിടെ നീന്തല്‍ക്കുളം പോലും നിര്‍മ്മിച്ചു. വീണ്ടും വ്യാപകമായി നിലം നികത്താന്‍ ശ്രമിച്ചപ്പോള്‍ 2011 ജൂലൈയില്‍ ജന്മഭൂമി ഇതു സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചു. ബിജെപി പ്രക്ഷോഭത്തെ തുടര്‍ന്നു നിലംനികത്തല്‍ നിര്‍ത്തുകയും ചെയ്തു. പിന്നീട് ജി. സുധാകരന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ റിസോര്‍ട്ട് പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തുകയും അക്രമങ്ങള്‍ അരങ്ങേറുകയും ചെയ്തു. റിസോര്‍ട്ട് നിര്‍മ്മാണത്തിന് ഒത്താശ ചെയ്തുവെന്ന് ആരോപിച്ച് ഏതാനും പ്രാദേശിക സിപിഎം നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുകയും ചെയ്തു. എന്നാല്‍ തുടര്‍സമരങ്ങള്‍ പൊടുന്നനെ നിലച്ചു. പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സമരം നടത്തിയ അതേ റിസോര്‍ട്ടിന് തന്നെ സിപിഎം ഭരണം നടത്തുന്ന പഞ്ചായത്ത് ഇപ്പോള്‍ ബീയര്‍ പാര്‍ലറിന് അനുമതി നല്‍കിയെന്നതാണ് വിരോധാഭാസം. നിലം നികത്തലിനെതിരെയുള്ള സിപിഎം ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണ് ഈ സംഭവം. 2008ലെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമപ്രകാരം റിസോര്‍ട്ടുകാര്‍ക്കെതിരെ നടപടിയെടുക്കേണ്ടവരാണ് റിസോര്‍ട്ടിന് സംരക്ഷണം നല്‍കുന്നത്. പറവൂരിലെ മറ്റൊരു ഹോട്ടലിനും ബിയര്‍പാര്‍ലറിനും പഞ്ചായത്ത് ഇന്നലെ അനുമതി നല്‍കി. തീരുമാനത്തില്‍ പ്രതിഷേധിച്ച് ബിജെപി അംഗം എല്‍.പി. ജയചന്ദ്രന്‍, സ്വതന്ത്രാംഗം ജോണ്‍കുട്ടി എന്നിവര്‍ പഞ്ചായത്ത് പടിക്കല്‍ ധര്‍ണ നടത്തി. വരും ദിവസങ്ങളില്‍ സിപിഎമ്മിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രദേശത്ത് ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരും. പഞ്ചായത്തില്‍ വ്യാപകമായി തണ്ണീര്‍ത്തടങ്ങളും നിലങ്ങളും അധികൃതരുടെ ഒത്താശയോടെ നികത്തുകയാണ്. റവന്യു രേഖകളില്‍ നിലങ്ങള്‍ പലതും ആഴ്ചകള്‍ കൊണ്ടു പുരയിടങ്ങളായി മാറുന്ന ജാലങ്ങളാണ് നടക്കുന്നത്. മിച്ചഭൂമി പിടിച്ചെടുക്കല്‍, ഭൂമി പിടിച്ചെടുക്കല്‍, വെട്ടിനിരത്തല്‍ തുടങ്ങി നിരവധി സമരങ്ങള്‍ നടത്തി കര്‍ഷകരെയും, ഭൂരഹിതരെയും ഒരേ പോലെ കബളിപ്പിക്കുന്ന സിപിഎമ്മിന്റെ യഥാര്‍ത്ഥ മുഖം ഇതോടെ മറനീക്കിയിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.