കുടുംബശ്രീ ഉത്പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറുന്നു

Wednesday 10 February 2016 9:15 pm IST

  കല്‍പ്പറ്റ : കുടുംബശ്രീകൂട്ടായ്മയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഗ്രാമചന്തകളില്‍ ആവശ്യക്കാരേറെ. സ്വന്തം ആവശ്യത്തിനായി ആരംഭിച്ച ജൈവകൃഷികളും വിവിധതരം ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും വരുമാന മാര്‍ഗ്ഗത്തിലേക്ക് വഴിയൊരുക്കിയപ്പോള്‍ പിന്തുണയായി കുടുംബശ്രീ ജില്ലാ മിഷനും സജീവമായി ഇവര്‍ക്കൊപ്പമുണ്ട്. കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്തുകള്‍ കേന്ദ്രമാക്കിയാണ് ഗ്രാമചന്തകള്‍ നടത്തുന്നത്. സ്ത്രീകളുടെ സാമ്പത്തികശാക്തീകരണംലക്ഷ്യമാക്കി ചെറുകിട സംരംഭഗ്രൂപ്പുകളിലൂടെ ഉല്‍പ്പന്നങ്ങള്‍ കുടുംബശ്രീ ആഴ്ച്ചചന്തയിലെത്തിച്ച് ആവശ്യക്കാരിലെത്തിക്കുകയാണ് ഇതിലൂടെ. തനിമ, പരിശുദ്ധി, ജൈവ കൃഷിരീതി എന്നിവ ഉറപ്പു വരുത്തിയാണ് വിപണനം സാധ്യമാക്കുന്നത്. കുടുംബശ്രീയുടെ സാമൂഹ്യാധിഷ്ഠിതവിതരണ വിപണനസംവിധാനമാണ് ചന്തകള്‍. ഇടനിലക്കാരില്ലാതെ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിച്ച് ന്യായ വിലയ്ക്ക് വിപണനം ഒരുക്കുകയാണ് ഇവിടെ. ഗുണനിലവാരത്തിനും ഇവര്‍ ഊന്നല്‍നല്‍കുന്നു. അരി, അരിപ്പൊടി, കറിപൗഡറുകള്‍, വിവിധയിനം അച്ചാറുകള്‍, സോപ്പ്, സോപ്പുപൊടി, മെഴുകുതിരി, ലോഷനുകള്‍, തുണിത്തരങ്ങള്‍, കൂണ്‍, തേന്‍, മുള കൊണ്ടുള്ള കരകൗശല വസ്തുക്കള്‍, പപ്പടം, പലഹാരങ്ങള്‍, വാഴനാരുകൊണ്ടുള്ള വസ്തുക്കള്‍, ചക്കയുല്‍പ്പന്നങ്ങള്‍ എന്നിവയും ചന്തകളിലെത്തുന്നു. ഇവകൂടാതെ സംഘകൃഷിഗ്രൂപ്പുകളുടെ പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, മറ്റ്‌വിവിധയിനം ഉല്‍പ്പന്നങ്ങളുമാണ് ചന്തകളിലെ മുഖ്യാകര്‍ഷണം. ജില്ലയില്‍ ആകെ 4378 ചെറുകിട സംരംഭഗ്രൂപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 1124.97 ഹെക്ടര്‍ കൃഷിസ്ഥലത്ത് 21866 വനിതകളുടെ പ്രാതിനിധ്യംഉറപ്പാക്കി ജൈവകാര്‍ഷിക പരിപാടികള്‍ക്കാണ് കുടുംബശ്രീ നേതൃത്വം നല്‍കുന്നത്. കാര്‍ഷിക മേഖലയിലെ സമഗ്ര ഇടപെടലുകള്‍ മുന്‍നിര്‍ത്തി ജൈവകൃഷിയിലാണ് ഗ്രൂപ്പുകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതില്‍ 326.76 ഹെക്ടര്‍ കൃഷിയിടത്ത് നെല്‍കൃഷിയും 198.16 ഹെക്ടറില്‍ വാഴയും 179.59 ഹെക്ടറില്‍ പച്ചക്കറികളും 413.86 ഹെക്ടര്‍ കിഴങ്ങുവര്‍ഗ്ഗങ്ങളും 11 ഹെക്ടറില്‍ മറ്റു വിളകളുമാണ് കൃഷി ചെയ്ത് വരുന്നത്. ചെറുകിട സംരംഭകര്‍ക്ക് കൃഷികള്‍ ചെയ്യുന്നതിന് നിര്‍ദ്ദേശങ്ങളും പിന്തുണയുമായി 26 കര്‍ഷക സഹായ സെന്ററുകളില്‍ 596 മികച്ച കര്‍ഷകരെയും കുടുംബശ്രീ വഴി തെരഞ്ഞെടുത്തിട്ടുണ്ട്. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഹോംഷോപ്പ്‌വഴി വിപണന സാധ്യതയൊരുക്കുന്നുണ്ട്. ജില്ലയില്‍നടക്കുന്ന വിവിധ മേളകളില്‍ കുടുംബശ്രീ ചന്തകള്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. മാസത്തില്‍ മൂന്ന്ദിവസം മാസചന്തകളും ആഴ്ച്ചയില്‍ ഒരിക്കല്‍ ആഴ്ച്ച ചന്തയും നടത്തുന്നു. എടവക, വെള്ളമുണ്ട എന്നിവിടങ്ങളില്‍ തിങ്കളാഴ്ച്ചയും നെന്‍മേനി, പടിഞ്ഞാറത്തറ, വൈത്തിരി, മൂപ്പൈനാട്, പൂതാടി, പനമരം, തവിഞ്ഞാല്‍, പൊഴുതന എന്നിവിടങ്ങളില്‍ ശനിയാഴ്ച്ചയും കണിയാമ്പറ്റ, കോട്ടത്തറ, അമ്പലവയല്‍, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ ബുധനാഴ്ച്ചയും മുട്ടില്‍, മുള്ളന്‍കൊല്ലി, മാനന്തവാടി, വെങ്ങപ്പള്ളി എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച്ചയുമാണ് ചന്തകള്‍ നടക്കുന്നത്. മീനങ്ങാടിസിഡിഎസില്‍ ദിവസചന്തയും ബത്തേരിയില്‍ മാസച്ചന്തയും നടത്തി വരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.