പച്ചക്കറി കൃഷിക്ക് തലക്കുളത്തൂര്‍ മാതൃക

Thursday 11 February 2016 10:15 am IST

കോഴിക്കോട്: പച്ചക്കറി കൃഷിക്ക് ഒരു തലക്കുളത്തൂര്‍ മാതൃക. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറികള്‍ ഇറക്കുമതി ചെയ്യുന്ന കേരളത്തില്‍ പച്ചക്കറി ഉല്‍പ്പാദനത്തില്‍ വിപ്ലവം സൃഷ്ടിക്കുകയാണ് തലക്കുളത്തൂരുകാര്‍. 23 ഹെക്ടറില്‍ വേനല്‍ക്കാല കൃഷിയും 30 ഏക്കറില്‍ മഴക്കാല പച്ചക്കറിയുമാണ് തലക്കുളത്തൂരിലുള്ളത്. ഈ വര്‍ഷം 900 ടണ്‍ പച്ചക്കറി വിളവെടുക്കാന്‍ കഴിയുമെന്നാണ് തലക്കുളത്തൂരിലെ കൃഷിക്കാര്‍ പ്രതീക്ഷിക്കുന്നത്. പറപ്പാറ, ചെറുകാരാട്മല തുടങ്ങിയ സ്ഥലങ്ങളില്‍ 30 ഏക്കറോളം സ്ഥലത്താണ് ഇവിടെ മഴക്കാല പച്ചക്കറി കൃഷിയുള്ളത്. തലക്കുളത്തൂരിന്റെ സ്വന്തം ബ്രാന്റായ നാടന്‍ കക്കരിയാണ് ഈ സമയത്തെ പ്രധാന വിള. വേനല്‍ക്കാലത്ത് തൂണുമണ്ണില്‍ വയലാണ് പ്രധാനമായും കൃഷി നടക്കുന്നത്. 20 ഏക്കര്‍ സ്ഥലത്ത് നാല്‍പ്പതോളം കര്‍ഷകര്‍ ഇവിടെ കൃഷിയിലേര്‍പ്പെട്ടിട്ടുണ്ട്. എടക്കര പാവയ്ക്ക, പ്രീതി പാവയ്ക്ക, പടവലം, പയര്‍, മത്തന്‍, ഇളവന്‍, വെള്ളരി, വെണ്ട, ചീര, ചുരങ്ങ, വഴുതിന, പച്ചമുളക്, എന്നിവയാണ് വേനല്‍ക്കാല വിളകള്‍. കീടനാശിനി ഉപയോഗമില്ലാതെ രാസവളങ്ങള്‍ പരമാവധി കുറച്ചാണ് ഇവിടെ കൃഷി ചെയ്യുന്നത്. തൂണുമണ്ണ് കേന്ദ്രീകരിച്ച് ആസ്ഥാന ക്ലസ്റ്ററും മറ്റു മൂന്നു ക്ലസ്റ്ററും കൃഷി വകുപ്പിന്റെ കീഴില്‍ പച്ചക്കറി സംഭരണ വിപണന സമിതിയും ഇവിടെ രൂപീകരിച്ചിട്ടുണ്ട്. എം.കെ. രാജന്‍(പ്രസിഡന്റ്), ഇമ്പിച്ചുട്ടി (സെക്രട്ടറി), ഗോപാലന്‍കുട്ടി (ട്രഷറര്‍) എന്നിവരടങ്ങുന്ന 15 അംഗ കമ്മിറ്റിയാണ് ഇതിന്റെ മേല്‍നോട്ടം. ഈ ക്ലസ്റ്ററില്‍ 272 കര്‍ഷകരാണ് അംഗങ്ങളായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 96 ടണ്‍ പച്ചക്കറിയാണ് ഈ ക്ലസ്റ്റര്‍ ഉല്‍പ്പാദിപ്പിച്ചത്. ഈ വര്‍ഷം 300 ടണ്‍ ആണ് ലക്ഷ്യമിടുന്നത്. ജൈവ ഫാര്‍മസി, ഹരിദാസന്‍ കൂരിക്കാട്ടിലിന്റെ നേതൃത്വത്തില്‍ പച്ചക്കറി തൈ ഉല്‍പ്പാദന യൂണിറ്റ്, മണ്ണിരകമ്പോസ്റ്റ് യൂണിറ്റ്, മൊബൈല്‍ പച്ചക്കറി വില്‍പ്പന യൂണിറ്റ്, തുടങ്ങി വൈവിധ്യവല്‍ക്കരണത്തിന്റെ പാതയിലാണ് തലക്കുളത്തൂരിലെ കൃഷിക്കാര്‍. കൃഷി വകുപ്പിന്റെ കീഴില്‍ 100 വീട്ടുകാര്‍ക്ക് 25 ഗ്രോബാഗ് വിതരണം ചെയ്തിട്ടുണ്ട്. ഗ്രാമ പഞ്ചായത്താകട്ടെ 470 കുടുംബങ്ങള്‍ക്ക് ഗ്രോബാഗുകള്‍ വിതരണം ചെ യ്തു കഴിഞ്ഞു. എച്ച് എ ഡി എ (ഹില്‍ ഏരിയ ഡവലപ്‌മെന്റ് ഏജന്‍സി) പദ്ധതിയിലുള്‍പ്പെടുത്തി 144 സ്വാശ്രയ സംഘങ്ങള്‍ക്ക് വിത്ത് വിതരണം നടത്തി. ജില്ലയിലെ മികച്ച രണ്ടാമത്തെ കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട മമ്മദ്കുട്ടി തലക്കുളത്തൂരിന്റെ സംഭാവനയാണ്. ആഘോഷത്തിമര്‍പ്പോടെയാണ് ഇന്നലെ വേനല്‍ക്കാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രകാശന്‍ മാസ്റ്റര്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കച്ചവടക്കാര്‍ക്കും റസിഡന്‍സ് അസോസിയേഷനുകള്‍ക്കും നാടന്‍ പച്ചക്കറികള്‍ നല്‍കാന്‍ തലക്കുളത്തൂരുകാര്‍ തയ്യാറാണ്. സമിതിയുടെ ഭാരവാഹികളായ ഗോപാലന്‍ കുട്ടി നായര്‍ (9846902218), മമ്മദ്കുട്ടി (9544110019) എന്നിവരെ ബന്ധപ്പെട്ടാല്‍ പച്ചക്കറി ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.