വീടിന് നേരെ സാമൂഹികവിരുദ്ധ അക്രമം; ഇരുചക്രവാഹനം തീവച്ച് നശിപ്പിച്ചു

Thursday 11 February 2016 11:04 am IST

കുന്നത്തൂര്‍: ആനയടി പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം വീടിന് നേരെ സാമൂഹികവിരുദ്ധരുടെ അക്രമം. കൃഷ്ണഭവനത്തില്‍ ഉണ്ണികൃഷ്ണപിള്ളയുടെ വീടിനും വാഹനത്തിനും നേരെയാണ് അജ്ഞാത സംഘത്തിന്റെ ആക്രമണം നടന്നത്. വീടിന് മുന്നിലുണ്ടായിരുന്ന ഇരുചക്രവാഹനം സംഘം തീവെച്ചു നശിപ്പിച്ചു. കൂടാതെ വീട് പൂര്‍ണ്ണമായും അടിച്ചുതകര്‍ത്തു. വീടിന്റെ രണ്ട് ഭാഗത്തായി സൂക്ഷിച്ചിരുന്ന ബൈക്കും സ്‌കൂട്ടറും ഒരുമിച്ച് കൊണ്ടുവച്ചതിന് ശേഷം തീയിടുകയായിരുന്നു. തീ വീട്ടിലേക്കും ആളി പടര്‍ന്ന് ജനലുകളും നശിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ടിനോടെയായിരുന്നു സംഭവം. ഉണ്ണികൃഷ്ണപിള്ളയുടെ മക്കളാണ് തീ പടരുന്നത് കണ്ടത്. ഇവരുടെ നിലവിളികേട്ടാണ് വീട്ടിലെ മറ്റുള്ളവര്‍ വിവരം അറിയുന്നത്. അപ്പോഴേക്കും സമീപവാസികളും എത്തിച്ചേര്‍ന്നു. ആളിപടര്‍ന്ന തീ ഇവര്‍ വെള്ളമൊഴിച്ച് അണക്കുകയായിരുന്നു. കുട്ടികള്‍ തീപടരുന്നത് കണ്ടില്ലായിരുന്നെങ്കില്‍ വന്‍ദുരന്തം സംഭവിച്ചേനെ. വിദേശത്ത് ജോലിയുള്ള ഉണ്ണികൃഷ്ണപിള്ള രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ശൂരനാട് പോലീസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.