ജില്ലയ്ക്ക്‌ 759 കോടിയുടെ സമഗ്ര ആരോഗ്യ പദ്ധതി

Tuesday 10 January 2012 11:40 pm IST

കൊച്ചി: ഏപ്രിലില്‍ ആരംഭിക്കുന്ന 12-ാ‍ം പഞ്ചവത്സര പദ്ധതി കാലയളവില്‍ സംസ്ഥാനത്ത്‌ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പരിപാടിയില്‍ ഉള്‍പ്പെടുത്താനുളള ജില്ലാതല പദ്ധതിയുടെ അന്തിമ രൂപരേഖ സര്‍ക്കാരിന്‌ സമര്‍പ്പിച്ചതായി ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക്‌ പരീത്‌ അറിയിച്ചു. 759.58 കോടി രൂപയുടെ സംയോജിത ആരോഗ്യ പദ്ധതിയാണ്‌ ജില്ലയില്‍ നടപ്പാക്കുക. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിളളി ചെയര്‍മാനും കളക്ടര്‍ പി.ഐ.ഷെയ്ക്ക്‌ പരീത്‌ സെക്രട്ടറിയുമായുളള ജില്ലാ ആസൂത്രണ സമിതി പദ്ധതിക്ക്‌ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്‌. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.സുധാകരന്‍ കണ്‍വീനറും അഡീഷണല്‍ ഡി.എം.ഒ ഡോ.ഹസീന മുഹമ്മദ്‌ നോഡല്‍ ഓഫീസറുമായുളള സമിതിയാണ്‌ പദ്ധതിക്ക്‌ രൂപം നല്‍കിയത്‌. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ മാനേജര്‍ ഡോ.കെ.വി.ബീനയും ജില്ലാ പ്ലാനിംഗ്‌ ഓഫീസര്‍ ആര്‍.ഗിരിജയും രേഖ തയാറാക്കുന്നതില്‍ പങ്കാളികളായി. ഐക്യജനാധിപത്യമുന്നണി സര്‍ക്കാര്‍ ഒരു വര്‍ഷ കര്‍മ പദ്ധതിയുടെ ഭാഗമായാണ്‌ സമഗ്ര ആരോഗ്യ പദ്ധതിക്ക്‌ രൂപം നല്‍കാന്‍ നിശ്ചയിച്ചത്‌. ജില്ലാ പദ്ധതികള്‍ ക്രോഡീകരിച്ച ശേഷമാകും സംസ്ഥാനതല പദ്ധതി നടപ്പാക്കുക. എറണാകുളം ഉള്‍പ്പെടെയുളള ജില്ലകള്‍ ഇതിനകം പദ്ധതി രേഖ സമര്‍പ്പിച്ചിട്ടുണ്ട്‌. വിവിധ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും സര്‍ക്കാര്‍ ഏജന്‍സികളും ആരോഗ്യ മേഖലയില്‍ ചെലവിടുന്ന തുകയും പദ്ധതികളും ഏകോപനത്തിലൂടെ നടപ്പാക്കി പരമാവധി ജനങ്ങള്‍ക്ക്‌ ഗുണമേന്മയുളള ചികിത്സാ സൗകര്യം നല്‍കുകയാണ്‌ ലക്ഷ്യമെന്ന്‌ കളക്ടര്‍ വ്യക്തമാക്കി. ജില്ലയിലെ മൊത്തം തദ്ദേശ സ്ഥാപനങ്ങളുടെയും നിര്‍ദേശങ്ങള്‍ ഉള്‍ക്കൊളളിച്ചാണ്‌ ആരോഗ്യ പദ്ധതിക്ക്‌ രൂപം നല്‍കിയതെന്ന്‌ നോഡല്‍ ഓഫീസര്‍ ഡോ.ഹസീന മുഹമ്മദ്‌ പറഞ്ഞു. വാര്‍ഡ്‌ തലത്തില്‍ നിന്ന്‌ ആസൂത്രണം ചെയ്താണ്‌ തദ്ദേശസ്ഥാപനങ്ങള്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്‌. ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലായി 1625 ആരോഗ്യ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. അഞ്ച്‌ വര്‍ഷം കൊണ്ട്‌ 337 കോടി രൂപ ഇതിനായി വിനിയോഗിക്കും. അന്തര്‍ദേശീയ നിലവാരത്തിലേക്ക്‌ ചികിത്സാ സൗകര്യമുയര്‍ത്താന്‍ 675 അനുബന്ധ ഭൗതിക സാഹചര്യ വികസന പദ്ധതികളും നടപ്പാക്കും. 422.58 കോടിയാണ്‌ ഇതിനുളള വിഹിതം. മൊത്തം 2300 പദ്ധതികള്‍ക്കായി 759.58 കോടി രൂപയുടെ അടങ്കല്‍ ജില്ല ലക്ഷ്യമിടുന്നു. എന്‍.ആര്‍.എച്ച്‌.എം പ്രതിവര്‍ഷം ശരാശരി 18 കോടി രൂപ ജില്ലയ്ക്കായി നല്‍കുന്നുണ്ട്‌. ഇതുവരെ 60 കോടി രൂപയോളം ഈയിനത്തില്‍ ലഭിച്ചിട്ടുണ്ട്‌. 2018 വരെ എന്‍.ആര്‍.എച്ച്‌.എം ഫണ്ട്‌ ലഭ്യമാകും. 12-ാ‍ം പദ്ധതിയുടെ അവസാനം വരെ ഈ കേന്ദ്ര ഫണ്ട്‌ ലഭിക്കുമെന്നതാണ്‌ സമഗ്ര ആരോഗ്യ പദ്ധതിയുടെ നേട്ടം. കേന്ദ്ര സംസ്ഥാന വിഹിതവും എം.എല്‍.എ, എം.പി ഫണ്ടും ആരോഗ്യ വകുപ്പിന്റെ തനതു ഫണ്ടും ഗ്രാമ ബ്ലോക്ക്‌ ജില്ലാ പഞ്ചായത്തുകളും നഗരസഭകളും ആരോഗ്യമേഖലയില്‍ നീക്കിവയ്ക്കുന്ന തുകയും ഏകോപനത്തിലൂടെ വിനിയോഗിച്ച്‌ സര്‍ക്കാര്‍ ചികിത്സാമേഖലയില്‍ തന്നെ മെച്ചപ്പെട്ട സേവനം ജനങ്ങള്‍ക്ക്‌ നല്‍കാന്‍ പുതിയ സംരംഭം വഴി കഴിയുമെന്നാണ്‌ കണക്കുകൂട്ടല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.