പുലിപ്പേടി; ബംഗളൂരുവിലെ 130 സ്‌കൂളുകള്‍ ഇന്നും തുറന്നില്ല

Thursday 11 February 2016 1:03 pm IST

ബെംഗളൂരു: രണ്ടു ദിവസം മുന്‍പ് പുള്ളിപ്പുലിയിറങ്ങിയ പള്ളിക്കൂടത്തില്‍ വീണ്ടും പുലിയെ കണ്ടെത്തിയതിനെത്തുടര്‍ന്ന് 130 സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഇന്നും അവധി പ്രഖ്യാപിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമെ നാളെ സ്‌കൂള്‍ തുറക്കണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കയുള്ളു. ബെംഗളൂരുവിലെ വര്‍ത്തൂറിലെ വിബ്ജിയോര്‍ സ്‌കൂളിലാണ് വീണ്ടും പുള്ളിപ്പുലിയെത്തിയത്.ചൊവ്വാഴ്ച വീണ്ടും പുലിയെ കണ്ടു. പുള്ളിപ്പുലിയുടെ ചിത്രം സ്‌കൂളില്‍ പിടിപ്പിച്ചിട്ടുള്ള കാമറകളിലും പതിഞ്ഞിട്ടുണ്ട്. സമീപ വാസികള്‍ വിബ്ജിയോറിനു സമീപം രണ്ടു പുള്ളിപ്പുലികളെ കണ്ടുവെന്നാണ് പറയുന്നത്. വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. ചൊവ്വാഴ്ച രാത്രി ഒന്‍പതരയ്ക്കും പത്തിനുമാണ് ഇവയെ കണ്ടത്. വാതിലുകളും ജനലുകളും ഭദ്രമായി അടച്ചിടാനും പുറത്തിറങ്ങുമ്പോള്‍ വളരെയേറെ ശ്രദ്ധിക്കാനും അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫെബ്രുവരി ഏഴിന് സ്‌കൂളില്‍ പുലിയിറങ്ങിയിരുന്നു. സ്‌കൂള്‍ കെട്ടിടത്തിലും മുറികളിലും വളപ്പിലും കയറിയിറങ്ങിയ പുലി നിരവധി പേരെ ആക്രമിച്ചിരുന്നു. മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഒരു വെറ്ററിനറി ഡോക്ടര്‍ക്കും പുലിയുടെ, ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഒരു ദിവസം നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ പുലിയെ മയക്കുവെടിവച്ച് പിടിക്കുകയായിരുന്നു.നഗരത്തില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ വൈറ്റ്ഫീല്‍ഡിനടുത്താണ് സ്‌കൂള്‍.വീണ്ടും പുള്ളിപ്പുലികളെ കണ്ടത് ജനങ്ങൡ വലിയ ഭീതി പരത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.