മനോജ് വധം : പി.ജയരാജന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Friday 12 February 2016 12:21 am IST

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളി. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമ (യുഎപിഎ) പ്രകാരം കേസ് എടുത്ത് ജാമ്യം നിഷേധിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന എതിര്‍ വാദവും കോടതി തള്ളി. കേസ് ഡയറിയില്‍ ജയരാജനെതിരായ ആരോപണങ്ങള്‍ക്ക് പ്രഥമദൃഷ്ട്യാ തെളിവുണ്ട്.ജസ്റ്റിസുമാരായ കെ.ടി. ശങ്കരന്‍, കെ.പി. ജ്യോതിന്ദ്രനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍, പി. ജയരാജന്‍ കടുത്ത ഹൃദ്രോഗിയാണെന്നും കണ്ണൂര്‍ ജില്ലയില്‍ യോഗയുടെ പ്രചാരണത്തിനായി വിപുലമായ പരിപാടി സംഘടിപ്പിച്ച അദ്ദേഹം കീടനാശിനി മുക്തമായ പച്ചക്കറികളുടെ പ്രചാരണത്തിനായി മുന്‍നിരയിലുണ്ടായിരുന്നുവെന്നും വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍, 'അദ്ദേഹത്തിന്റെ ഇത്തരം യോഗ്യതകളിലൊന്നും തര്‍ക്കമില്ല. എന്നാല്‍ ജാമ്യം പരിഗണിക്കുമ്പോള്‍ അസാധാരണ പരിഗണന ലഭിക്കാന്‍ ഇതൊന്നും മതിയായ കാരണമല്ല,' എന്ന് കോടതി വ്യക്തമാക്കി. പണക്കാരനും പാവപ്പെട്ടവനും നിരക്ഷരനും സാക്ഷരനും ശക്തനും ദുര്‍ബ്ബലനുമെല്ലാം നിയമത്തിനു മുന്നില്‍ തുല്യരാണെന്നും കോടതി പറഞ്ഞു. സിപിഎമ്മില്‍ നിന്നു കൂടുതല്‍ പേര്‍ ബിജെപിയിലേയ്ക്ക് വന്ന സാഹചര്യത്തിലാണ് കൊലപാതകം. കേസിലെ ഒന്നാംപ്രതി വിക്രമന് ജയരാജനുമായി അടുത്ത ബന്ധമുണ്ട്. കേസിന്റെ ഗുണദോഷ വശങ്ങളിലേയ്ക്ക് കടക്കുന്നത് ഹര്‍ജിക്കാരനു ഗുണകരമാവില്ലെന്നും ഹൈക്കോടതി വിലയിരുത്തി. ഓമ്‌നിയില്‍ സഞ്ചരിക്കുകയായിരുന്ന മനോജിനെയും സുഹൃത്തായ പ്രമോദിനെയും നാടന്‍ ബോംബെറിഞ്ഞു പരിക്കേല്‍പ്പിച്ചശേഷം ആക്രമിച്ചു കൊല്ലുകയായിരുന്നു. 25-ാം പ്രതിയായ പി. ജയരാജനുള്‍പ്പെടെയുള്ളവര്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമ പ്രകാരമുള്ള (യുഎപിഎ) കുറ്റങ്ങളും ചുമത്തിയിരുന്നു. ജയരാജനെ അറസ്റ്റു ചെയ്തു ചോദ്യം ചെയ്യേണ്ടത് ആവശ്യവുമാണെന്നായിരുന്നു സിബിഐയുടെ വാദം. ബോംബ് നാടനായാലും ബോംബുതന്നെ ജനങ്ങളില്‍ ഭീതി പടര്‍ത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവൃത്തികള്‍ (യുഎപിഎ) നിയമപ്രകാരം കുറ്റമാണെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. നാടന്‍ ബോംബാണ് ഉപയോഗിച്ചതെന്നും യുഎപിഎ ചുമത്താന്‍ കാരണമായ കുറ്റകൃത്യങ്ങളില്‍ പറയുന്ന ബോംബിന്റെ ഗണത്തില്‍ ഇതുള്‍പ്പെടില്ലെന്നും ഹര്‍ജിക്കാരന്റെ പക്ഷത്തുനിന്ന് വാദമുണ്ടായി. എന്നാല്‍ യുഎപിഎ പ്രകാരം കുറ്റം ചുമത്താന്‍ ബോംബിന്റെ പ്രഹരശേഷിയും മാനദണ്ഡവും നിര്‍വചിക്കപ്പെട്ടിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നാടന്‍ ബോംബായാലും ഫാക്ടറിയിലുണ്ടാക്കിയ ബോംബായാലും ബോംബ് ബോംബു തന്നെയാണ്. അതുപയോഗിച്ചതിന്റെ ലക്ഷ്യമാണ് പരിശോധിക്കേണ്ടത്. മനോജിനെ ആക്രമിക്കും മുമ്പ് ബോംബെറിഞ്ഞു പരിക്കേല്‍പിച്ചു. പിന്നീട് മനോജിനെ കൊന്ന ശേഷവും ബോംബെറിഞ്ഞു പരിഭ്രാന്തി പരത്തി. സ്‌ഫോടനത്തിന്റെ ശബ്ദം രണ്ടു കിലോമീറ്റര്‍ വരെ കേള്‍ക്കാമായിരുന്നുവെന്ന് രേഖകളില്‍ വ്യക്തമാണ്. പാര്‍ലമെന്റ് ആക്രമണമോ മുംബയ് സ്‌ഫോടനമോ പോലുള്ള സംഭവങ്ങള്‍ മാത്രമേ യുഎപിഎയിലെ സെക്ഷന്‍ 15 പ്രകാരമുള്ള കുറ്റമായി പരിഗണിക്കാനാവൂ എന്നില്ല. ബോംബിന്റെ സ്‌ഫോടനശേഷിയോ നിലവാരമോ നിയമ നിര്‍മ്മാതാക്കള്‍ നിശ്ചയിച്ചിട്ടില്ല, കോടതി പറഞ്ഞു. കതിരൂര്‍ മനോജിനെ 2014 സപ്തംബര്‍ ഒന്നിന് ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കതിരൂര്‍ മനോജിനെതിരെയുള്ള ആക്രമണം തീവ്രവാദ പ്രവര്‍ത്തനമല്ലെന്നും ഈ കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്നുമുള്ള,ജയരാജന്റെ അഭിഭാഷകന്‍ അഡ്വ. എം.കെ. ദാമോദരന്റെ വാദം കോടതി അംഗീകരിച്ചില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.