കോമളപുരം സ്പിന്നിങ് മില്‍ റാങ്ക് പട്ടികയായി; 95 പേരെ ആദ്യ ഘട്ടത്തില്‍ നിയമിക്കും

Thursday 11 February 2016 8:49 pm IST

ആലപ്പുഴ: കോമളപുരം സ്പിന്നിങ് മില്ലില്‍ നിയമനത്തിനായി പഴയ തൊഴിലാളികള്‍ക്ക് വേണ്ടി നടത്തിയ സ്‌കില്‍ ടെസ്റ്റിന്റെ ഫലം ജില്ലാകളക്ടര്‍ എന്‍. പദ്മകുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം അംഗീകരിച്ചു. ടെസ്റ്റില്‍ പങ്കെടുത്ത 132 പേരെയും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവസാനവട്ട റാങ്ക് ലിസ്റ്റിന്റെ പകര്‍പ്പുകള്‍ എല്ലാ തൊഴിലാളി സംഘടനാ പ്രതിനിധികള്‍ക്കും നല്‍കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ആദ്യഘട്ടത്തില്‍ 115 പേരെയാണ് ജോലിക്ക് ആവശ്യമുള്ളത്. റാങ്ക് പട്ടികയില്‍ നിന്ന് 95 പേര്‍ക്കാണ് പ്രതിവാര റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ജോലി നല്‍കുക. ആവശ്യമായ ഇലക്ട്രീഷ്യന്‍മാരെ പഴയ തൊഴിലാളികളില്‍ നിന്ന് ലഭിക്കാത്ത സാഹചര്യത്തില്‍ ഏഴുപേരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനും അതിനുള്ള അനുമതി സര്‍ക്കാരില്‍ നിന്ന് തേടാനും അവലോകന യോഗം തീരുമാനിച്ചു. സ്പിന്നിങ് മില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇലക്ട്രീഷ്യന്‍മാരുടെ അഭാവം മൂലം വീണ്ടും കാലതാമസം ഉണ്ടാകാതിരിക്കാനാണ് നടപടിയെന്ന് സര്‍ക്കാരിനെ ജില്ലാ കളക്ടര്‍ ബോധ്യപ്പെടുത്തും. ആദ്യഘട്ടത്തില്‍ മൂന്നിലൊന്ന് ശതമാനം ഉല്‍പ്പാദന ശേഷിയാണ് ഉപയോഗപ്പെടുത്തുക. 4,800 സ്പിന്‍ഡില്‍സിന്റെ പ്രവര്‍ത്തന ശേഷിയാണ് തുടക്കത്തില്‍ ഉണ്ടാവുക. വൈദ്യുതി കണക്ഷന്‍ രണ്ടാഴ്ച മുമ്പ് കെഎസ്ഇബി നല്‍കിയിരുന്നു. ഈ മാസം തുറക്കുന്ന കോമളപുരം സ്പിന്നിങ്-വീവിങ് മില്ലിന്റെ പ്രവര്‍ത്തന പുരോഗതി ജില്ലാ കളക്ടര്‍ എന്‍. പദ്മകുമാര്‍ യോഗത്തില്‍ വിലയിരുത്തി. മില്ലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ കേരള സ്റ്റേറ്റ് ടെക്‌സ്റ്റൈല്‍ കോര്‍പ്പറേഷനാണ് പൂര്‍ത്തിയാക്കിവരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.