ഇര്‍ഫാന് രക്ഷകനായത് ഓട്ടോ തൊഴിലാളി

Thursday 11 February 2016 8:49 pm IST

എടത്വ: ഇന്നലെ മുങ്ങിമരിച്ച അരുണിന്റെ സഹപാഠിക്ക് രക്ഷകനായത് ഓട്ടോ തൊഴിലാളി. പമ്പാനദിയില്‍ മുങ്ങിമരിച്ച എടത്വ ചക്കാലയ്ക്കല്‍ കുരുവിള ജേക്കബിന്റെ മകന്‍ അരുണ്‍ ജേക്കബ് കുരുവിളയുടെ (20) സഹപാഠി ആലപ്പുഴ സ്വദേശി ഇര്‍ഫാന്‍ മുഹമ്മദിന് ഓട്ടോ തൊഴിലാളി എടത്വ നൂറ്റെട്ടുംചിറ തുരുത്തിചിറ സുഭാഷ് ആണ് രക്ഷകനായത്. എടത്വ സ്റ്റാന്‍ഡിലെ ഓട്ടോ തൊഴിലാളിയായ സുഭാഷ് ഭാര്യയും മകനുമൊത്ത് കുടുംബ വീട്ടിലേക്ക് പോകുന്ന വഴിമദ്ധ്യേ നദിയില്‍ മുങ്ങിത്താഴുന്ന വിദ്യാര്‍ത്ഥിയുടെ നിലവിളി ശ്രദ്ധയില്‍പെട്ടു. ഓട്ടോ നിര്‍ത്തിയ സുഭാഷ് വിദ്യാര്‍ത്ഥിയെ രക്ഷപെടുത്താന്‍ നദിയിലേക്ക് എടുത്തുചാടി. ഇര്‍ഫാനെ കൈയ്യില്‍ പിടിച്ച് ചക്കാലയ്ക്കല്‍ കടവില്‍ അടുപ്പിക്കുമ്പോള്‍ നദിയുടെ ആഴങ്ങളില്‍ മുങ്ങിതാഴ്ന്ന അരുണിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല. കരയ്ക്കടുത്ത ശേഷം ഇര്‍ഫാനാണ് അരുണ്‍ നദിയില്‍ ഉണ്ടെന്ന വിവരം പറയുന്നത്. സുഭാഷിന്റേയും ഇര്‍ഫാന്റേയും അലര്‍ച്ച കേട്ട് ഓടിയെത്തിയ നാട്ടുകാരുടെ തെരച്ചിലിലാണ് അരുണിന്റെ മൃതദേഹം പമ്പനദിയില്‍ നിന്ന് കണ്ടുകിട്ടിയത്. സുഭാഷ് നദിയില്‍ നിന്ന് ഇര്‍ഫാനെ രക്ഷപെടുത്തുന്ന സമയത്ത് പ്രിയ സഹപാഠി അരുണ്‍ അവസാന ശ്വാസത്തിനായി ഇര്‍ഫാന്റെ കാലില്‍ പിടിച്ച് കിടക്കുകയായിരുന്നു. വിരല്‍തുമ്പില്‍ ഉറ്റ സുഹൃത്തിന്റെ വിയോഗം അറിയാതെ കയ്യിട്ടടിച്ച് വിലപിച്ച ഇര്‍ഫാന്‍ ഓട്ടോ തൊഴിലാളിയുടെ സമയോചിതമായ ഇടപെടലാണ് ജീവിതത്തിലേക്ക് തിരികെ വന്നത്. മരണപെട്ട അരുണ്‍ ജേക്കബ് കുരുവിളയും, ഇര്‍ഫാനും എംജി സര്‍വ്വകലാശാല റീജിനല്‍ സെന്റര്‍ പത്തനംതിട്ടയിലെ സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്റ് ആപ്ലിക്കന്റ് സയന്‍സ് വിദ്യാര്‍ത്ഥികളാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.