വണ്ണപ്പുറം: കോടിക്കുളം സ്കൂളില്‍ സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടിയ സംഭവത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളടക്കം 8 പേര് പിടിയില്‍. പിടിയിലായവരെല്ലാം പ്രായപൂര്‍ത്തിയാകാത്തവര്‍. കോടിക്കുളം സെന്റ് മേരീസ് ഹൈസ്കൂളിലാണ് കഴിഞ്ഞ ഞായറാഴ്ച്ച സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടിയത്. കോടിക്കുളം പള്ളിയില്‍ പെരുന്നാളില്‍ പങ്കെടുക്കാനായി ഇവിടെ എത്തിയതായിരുന്നു കുട്ടികള്‍. ഭക്ഷണം കഴിച്ച ശേഷം സുഹൃത്തുക്കള്‍ വാങ്ങി നല്കിയ മദ്യം അകത്താക്കാനാണ് രാത്രി സ്കൂള്‍ കോമ്പൗണ്ടില്‍ കുട്ടികള്‍ പ്രവേശിക്കുന്നത്. മദ്യ ലഹരിയിലാണ് ആക്രമണം നടത്തിയതെന്നാണ് കുട്ടികള്‍ നല്കുന്ന വിശദീകരണം. കാളിയാര്‍ എസ്ഐയും സംഘവുമാണ് കുട്ടി കുറ്റവാളികളെ പിടികൂടുന്നത്. പിടിയിലായവരെല്ലാം സമീപവാസികളാണ്. ആക്രമണത്തില്‍ പ്രധാന അധ്യാപകന്റെ ഓഫിസില്‍ ഉള്‍പ്പെടെ നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. സ്കൂളിലെ പൂച്ചെട്ടികളും മറ്റും അടിച്ച് തകര്‍ത്ത നിലയിലായിരുന്നു. ഹെഡ്മാസ്റ്ററുടെ ഓഫിസിന്റെ വാതില്‍ തകര്‍ത്ത് മുറിയിലെ ഫയലുകള്‍ വലിച്ചു വാരിയിട്ട നിലയിലായിരുന്നു. കംപ്യൂട്ടര്‍ ഉപകരണങ്ങള്‍ക്കും നാശനഷ്ടമുണ്ടാക്കി. സ്കൂള്‍ സീലുകള്‍ ഉള്‍പ്പെടെയുള്ളവ ചിതറികടക്കുന്ന നിലയിലായിരുന്നു. അതേ സമയം സംഭവവുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യല്‍ ഇന്നും തുടരും. അതേ സമയം മണക്കാട് സ്കൂളില്‍ ആക്രമണം നടത്തിയ പ്രതികളും പിടിയിലായതായി വിവരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: