തൊടുപുഴ: കിണറ്റില്‍ വീണ രോഗബാധിതയായ യുവതിയെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. പൂമാല സ്വാമിക്കവല തെങ്ങുംപള്ളിക്കുന്നേല്‍ ലിജി(26) ആണ് കിണറ്റില്‍ വീണത്. ഇന്നലെ രാവിലെ 8 മണിയോടെയാണ് സംഭവം. അപസ്മാര രോഗ ബാധിതയായ യുവതി അബദ്ധത്തില്‍ കാല് വഴുതി വീട്ടുമുറ്റത്തെ കിണറ്റില്‍ വീണതാണെന്നാണ് വിവരം. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചത്. തൊടുപുഴയില്‍ നിന്നും മൂലമറ്റത്തുനിന്നും ഫയര്‍ഫോഴ്സ് സംഘം എത്തിയിരുന്നു. 20 അടി താഴ്ച്ചയുള്ള കിണറ്റില്‍ അരയാള്‍ പൊക്കത്തില്‍ വെള്ളം ഉണ്ടായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് കിണറ്റിലിറങ്ങി വല ഉപയോഗിച്ച് കെട്ടിയാണ് യുവതിയെ കരയ്ക്കെത്തിച്ചത്. യുവതി കിണറ്റില്‍ വീണതറിഞ്ഞ് ഇവരുടെ വല്ല്യമ്മയും ബോധംകെട്ട് വീണിരുന്നു. യുവതിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് ചികിത്സയ്ക്കായി മാറ്റിയിരിക്കുകയാണ്. പരിക്ക് സാരമല്ലെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: