ശബരിമല തീര്‍ത്ഥാടനം പാഠ്യവിഷയമാക്കണം : പ്രയാര്‍ ഗോപാലകൃഷ്ണന്‍

Thursday 11 February 2016 10:07 pm IST

എരുമേലി: മതമൗലികവാദം പറഞ്ഞ് പരത്തി അപവാദങ്ങള്‍ ഉണ്ടാക്കുന്ന കാലഘട്ടത്തില്‍ തത്വമസി ദര്‍ശനത്തിലൂടെ മതേതരത്വത്തിന്റെ വിശ്വകാവ്യമൊരുങ്ങുന്ന ശബരിമല തീര്‍ത്ഥാടനം പാഠ്യവിഷയമാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. എരുമേലിയില്‍ മുസ്ലീം എഡ്യുക്കേഷണല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന മതേതര സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി-മത വൈരാഗ്യങ്ങളെല്ലാം മറന്നുള്ള ദേശാന്തര തീര്‍ത്ഥാടനത്തിന് വഴിയൊരുക്കിയ അയ്യപ്പന്‍, വാവര്‍, കറുപ്പുസ്വാമി എന്നിവരുടെ ദര്‍ശനങ്ങളെ ഉള്‍പ്പെടുത്തിയുള്ള കാര്യങ്ങള്‍ പാഠ്യവിഷയങ്ങള്‍ കാലഘട്ടത്തിന്റെ അടിസ്ഥാന ഘടകമായിത്തീരുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ എരുമേലിയില്‍ വികസനത്തിനായി വേദിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. എരുമേലിയില്‍ ആധുനിക രീതിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മിക്കുമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. എംഇഎസ് കോളേജ് ചെയര്‍മാന്‍ എ.പി. എം. നസീര്‍ അദ്ധ്യക്ഷത വഹിച്ചു. കേരള സര്‍വ്വകലാശാല മുന്‍ വൈസ്ചാന്‍സിലര്‍ ഡോ. ബി. ഇക്ബാല്‍ മുഖ്യപ്രഭാഷണം നടത്തി. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാര്‍ മതേതര സംരക്ഷണ റാലി ഫഌഗ് ഓഫ് ചെയ്തു. വിവിധ മത്സരപരിപാടികളില്‍ വിജയികളായവര്‍ക്ക് പുരസ്‌കാരങ്ങള്‍ കോട്ടയം എഡിഎം പി.എസ് ഷിനോ വിതരണം ചെയ്തു. മേഖലയിലെ പ്രമുഖരായ സ്വാതന്ത്ര്യസമര സേനാനി രവീന്ദ്രന്‍ വൈദ്യന്‍, ഇമാം ടി.എസ്. അബ്ദുള്‍ കരീം മൗലവി, മേജര്‍ എം.ജി. വര്‍ഗ്ഗീസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പ്രമുഖരായ സഖറിയ ഡോമിനിക്, പത്മനാഭനുണ്ണി, പി.എ. ഇര്‍ഷാദ്, കെ.ഇ. പരീത്, എം.എം. ഹനീഫ്, ഹബീബുള്ളഖാന്‍, എച്ച്. അബ്ദുള്‍ അസീസ്, കെ.എം. മുഹമ്മദ് നജീബ്, ബഷീര്‍ തേനംമാക്കല്‍, പി.ബി. അബ്ദുള്‍ അസീസ്, ഷംലാ ബീഗം എന്‍.എസ്, വി.ജി. ഹരീഷ്‌കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.