പുരി ജഗന്നാഥ രഥോത്സവം തുടങ്ങി

Sunday 3 July 2011 8:40 pm IST

ഭൂവനേശ്വര്‍: ഒറീസ്സയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ വിശ്വപ്രസിദ്ധമായ രഥോത്സവം ആരംഭിച്ചു. ക്ഷേത്രച്ചടങ്ങുകളെല്ലാംതന്നെ കൃത്യ സമയത്ത്‌ ആരംഭിച്ചു കഴിഞ്ഞതായും ലക്ഷക്കണക്കിന്‌ ഭക്തര്‍ ഉത്സവത്തിന്‌ പങ്കുകൊള്ളാനായി എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും ക്ഷേത്രത്തിലെ പബ്ലിക്‌ റിലേഷന്‍ ഓഫീസറായ ലഷ്മിധര്‍ പുജപാന്ദ അറിയിച്ചു.
ഭുവനേശ്വറില്‍നിന്നും 56 കി.മി ദൂരത്തില്‍ പുരിയില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രം പന്ത്രണ്ടാം നൂറ്റാണ്ടിലാണ്‌ പണികഴിക്കപ്പെട്ടതെന്നാണ്‌ രേഖകള്‍ പറയുന്നത്‌. ജഗന്നാഥ്‌, സഹോദരന്‍ ബലഭദ്ര സഹേദരി സുഭദ്ര എന്നീ മൂന്ന്‌ ദൈവങ്ങളും അതിവിശിഷ്ടമായ മൂന്ന്‌ രഥങ്ങളില്‍ എഴുന്നള്ളുന്നതോടു കൂടിയാണ്‌ രഥഘോഷയാത്രയ്ക്ക്‌ തുടക്കമാകുന്നത്‌. അസാമാന്യ വലിപ്പമുള്ള, അതിഗംഭീരമായി അണിയിച്ചൊരുക്കിയിരിക്കുന്ന രഥങ്ങള്‍ ഭക്തജനങ്ങള്‍ കയറുകെട്ടി വലിച്ചാണ്‌ മുന്നോട്ടാനയിക്കുന്നത്‌. ഒമ്പത്‌ ദിവസം നീണ്ടു നില്‍കുന്ന ഉത്സവം രഥങ്ങള്‍ തിരികെ ക്ഷേത്രത്തിലേക്കുരുട്ടുന്നത്‌ ചടങ്ങായ ബഹുദായാത്രയോടുകൂടി സമാപിക്കും.
രഥോത്സവം പ്രമാണിച്ച്‌ പശ്ചിമബംഗാള്‍, ഒറീസാ, ആന്ധ്രപ്രദേശ്‌ എന്നിവിടങ്ങളില്‍ നിന്നും 56 ഓളം പ്രത്യേക ട്രെയിന്‍ സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്‌ ഭുവനേശ്വറില്‍നിന്നുള്ള റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.
ഇതോടൊപ്പം ഗുജറാത്തിലെ ജമല്‍പൂരിലുള്ള ജഗന്നാഥ ക്ഷേത്രത്തിലും രഥോത്സവം ആരംഭിച്ചു. നാനൂറോളം വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലെ 134-ാ‍മത്‌ രഥോത്സവമാണ്‌ ഇവിടെ നടക്കുന്നത്‌. ജഗന്നാഥ്‌, ബല്‍റാം, സുഭദ്ര എന്നീ ദേവതകളെ പ്രതിനിധീകരിക്കുന്ന രഥങ്ങള്‍ എഴുന്നള്ളുന്ന വീഥി ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡി ആചാരപ്രകാരം വൃത്തിയാക്കിയതോടുകൂടി ജമല്‍പൂര്‍ രഥഘോഷയാത്രക്ക്‌ തുടക്കമായി. ക്ഷേത്രത്തിലെ ആനകള്‍ക്ക്‌ ദര്‍ശനം നല്‍കിയതിന്‌ ശേഷം മാത്രമേ രഥങ്ങള്‍ പുറത്തേക്ക്‌ എഴുന്നള്ളിക്കപ്പെടുകയുള്ളൂ. ലക്ഷക്കണക്കിനാളുകളാണ്‌ രഥോത്സവം നേരില്‍ ദര്‍ശിക്കുന്നതിനായി ജമല്‍പൂരില്‍ തടിച്ചുകൂടിയിരിക്കുന്നത്‌. ആയിരത്തോളം വരുന്ന ഭക്തരാണ്‌ മൂന്ന്‌ രഥങ്ങളും വലിച്ചു നീക്കുന്നത്‌. പോലീസിന്റെയും അര്‍ദ്ധസൈനിക വിഭാഗങ്ങളുടെയും നേതൃത്വത്തില്‍ ക്ഷേത്രസുരക്ഷ ശക്തിപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.