കണ്ണൂര്‍: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും ദേശീയ സാഹസിക അക്കാദമി കണ്ണൂര്‍ ഉപകേന്ദ്രവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന 10 ദിവസത്തെ സൗജന്യ അമ്പെയ്ത്ത് പരിശീലന ക്യാമ്പിന് മട്ടന്നൂരില്‍ തുടക്കമായി. മട്ടന്നൂര്‍ മിനി സ്റ്റേഡിയത്തില്‍ നഗരസഭാ ചെയര്മാന് കെ.ഭാസ്കരന് ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 20 വരെയാണ് ക്യാമ്പ് നടക്കുന്നത്.
രാവിലെ എട്ട് മണിമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് പരിശീലനം. 10 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ദേശീയ തലത്തില്‍ സ്വര്‍ണമെഡല്‍ ജേതാവായ ഇ.രാജനാണ് പരിശീലകന്. ദേശീയ അന്തര്‍ദേശീയ തലത്തില്‍ സ്വര്‍ണമെഡല്‍ നേടിയ വിദ്യാര്‍ത്ഥികളും ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പുതുതായി എത്തുന്നവര്‍ക്കും ക്യാമ്പില്‍ പ്രവേശനം നല്‍കും.
വര്‍ഷത്തില്‍ മൂന്ന് തവണയാണ് സാഹസിക അക്കാദമി ജില്ലയില്‍ അമ്പെയ്ത്ത് പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഈ വര്‍ഷത്തെ കേരളോത്സവത്തില്‍ അമ്പെയ്ത്ത് മത്സരങ്ങളില്‍ കൂടുതല്‍ പോയിന്റ് നേടി ജില്ലയ്ക്ക് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയെടുക്കാന്‍ ഈ ക്യാമ്പുകള്‍ സഹായകമായിരുന്നു. കൂടുതല്‍ പേരെ ഈ രംഗത്തെത്തിക്കാനും സംസ്ഥാനതലത്തിലും ദേശീയതലത്തിലുമുള്ള മത്സരങ്ങളില്‍ ജില്ലയ്ക്ക് മികച്ച നേട്ടം കൈവരിക്കാനും മട്ടന്നൂരിലെ ക്യാമ്പ് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷയെന്ന് സ്പെഷ്യല്‍ ഓഫീസര്‍ പി പ്രണീത പറഞ്ഞു. അടുത്ത ക്യാമ്പ് ഏപ്രിലില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: