സിഇറ്റിക്ക് മുന്നിലെ അനധികൃത പാര്‍ക്കിംഗ്; യാത്രക്കാര്‍ ദുരിതത്തില്‍

Thursday 11 February 2016 11:00 pm IST

എം. ശ്രീകുമാര്‍ ശ്രീകാര്യം: ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിന് മുന്നിലുള്ള അനധികൃത പാര്‍ക്കിംഗ് വാഹനയാത്രക്കാരെയും കാല്‍നടയാത്രക്കരെയും ദുരിതത്തിലാക്കുന്നു. ശ്രീകാര്യം ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിന് മുന്നിലെ കുളത്തൂര്‍-കഴക്കൂട്ടം റോഡിലാണ് കാല്‍ നടയാത്രക്കാര്‍ക്കും വാഹനക്കാര്‍ക്കും സഞ്ചരിക്കാന്‍ കഴിയാത്ത രീതിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്. വീതികുറഞ്ഞ റോഡിന്റെ ഇരുവശങ്ങളിലുമായി നിരനിരയായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതിനാല്‍ സ്ഥലത്തെ വ്യാപാരസ്ഥാപനങ്ങളെയും ഇത് ബാധിച്ചിരിക്കുകയാണ്. കോളേജ് കാമ്പസിനുള്ളില്‍ ഏക്കറുകണക്കിന് കോളേജ് വക വസ്തു കാടുപിടിച്ചു കിടക്കുന്ന ഇവിടെ പാര്‍ക്കിംഗ് ഏര്‍പ്പെടുത്താതെ യാത്രക്കാരെ ബുദ്ധിമുട്ടിച്ചുകൊണ്ട് റോഡരികില്‍ പാര്‍ക്കിംഗ് ഏര്‍പ്പെടുത്തിയെന്നാണ് നാട്ടുകാരുടെ ആരോപണം. കോളേജിനു മുന്നില്‍ വനിതകളുടെ ഹോസ്റ്റല്‍ തുടങ്ങുന്ന ഭാഗം മുതല്‍ റോഡില്‍ 600 മീറ്ററോളം ദൂരത്തിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്. കോളേജിലെ വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും ഉള്‍പ്പെടെയുള്ള സ്‌കൂട്ടറുകളും ബൈക്കുകളും കാറുകളുമാണ് ഇവിടെ ഗതാഗത തടസമുണ്ടാക്കുന്ന രീതിയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്. ഇത് പലപ്പോഴും അപകടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. കാമ്പസിനകത്തുള്ള പാര്‍ക്കിംഗ് ഏര്യയില്‍ പാര്‍ക്ക് ചെയ്യുവാന്‍ പാസ് നല്‍കിയിട്ടുണ്ടെങ്കിലും അത്തരത്തില്‍ പാസ് വാങ്ങിയത് കുറച്ചുപേര്‍ മാത്രമാണെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്. വാഹനത്തിന്റെ രേഖകളും ലൈസന്‍സും കോളേജില്‍ നല്‍കിയവര്‍ക്കാണ് പാസുകള്‍ വിതരണം ചെയ്തത്. രേഖകള്‍ ഹാജരാക്കാത്ത വാഹനങ്ങളാണ് റോഡില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം. കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും പോകുവാന്‍ കഴിയാത്ത രീതിയിലുള്ള ഇത്തരം പാര്‍ക്കിംഗുകള്‍ കണ്ടില്ലെന്നു നടിക്കുന്നതിലെ കാരണമെന്തെന്നറിയാതെ യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്. അപകടമുണ്ടാക്കുന്ന രീതിയിലുള്ള ഇത്തരം പാര്‍ക്കിംഗ് ഉടന്‍ മാറ്റിയില്ലെങ്കില്‍ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് നാട്ടുകാരും വഴിയാത്രക്കാരും പറയുന്നു. കോളേജിനു മുന്നിലുള്ള കച്ചവടസ്ഥാപനങ്ങളിലും ബാങ്കുകളിലും അത്യാവശ്യത്തിനു പോകണമെങ്കില്‍ പലപ്പോഴും വാഹനങ്ങള്‍ മാറ്റിവേണം അകത്തേക്ക് കടക്കേണ്ടത്. ഇതിനൊരു ശാശ്വത പരിഹാരം കാണാന്‍ ആരെ കാണണമെന്ന ആശയക്കുഴപ്പത്തിലാണ് പ്രദേശവാസികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.