എടിഎം കാര്‍ഡ് തട്ടിയെടുത്ത് പണം കവര്‍ന്ന പ്രതി പിടിയില്‍

Thursday 11 February 2016 11:01 pm IST

നെയ്യാറ്റിന്‍കര: എടിഎം കാര്‍ഡ് തട്ടിയെടുത്ത് പണം കവര്‍ന്ന കേസിലെ പ്രതിയെ നെയ്യാറ്റിന്‍കര പോലീസ് അറസ്റ്റ് ചെയ്തു. അതിയന്നൂര്‍ വെണ്‍പകല്‍ ഓണംകോട് ടിഡിജെ ഭവനില്‍ തങ്കയ്യന്റെ മകന്‍ ജാസ്മിന്‍കുമാറിനെ (35) ആണ് ഇന്നലെ നെയ്യാറ്റിന്‍കര എസ്‌ഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 8ന് പുലര്‍ച്ചെ അതിയന്നൂര്‍ കമുകിന്‍കോട് നിഷാഭവനില്‍ കമലാക്ഷിയുടെ (67) വീടിന്റെ വാതില്‍ കുത്തി തുറന്ന് അകത്തു കയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന 3000 രൂപയും കാനറാ ബാങ്കിന്റെ എടിഎം കാര്‍ഡും കവര്‍ന്നിരുന്നു. ഇതിനു ശേഷം പല എടിഎം കൗണ്ടറുകളില്‍ നിന്നായി 39,000 രൂപയും പിന്‍വലിച്ചിരുന്നു. വീട്ടില്‍ ആരും ഇല്ലാതിരുന്ന തക്കം നോക്കിയാണ് മോഷ്ടാവ് കവര്‍ച്ചയ്‌ക്കെത്തിയത്. എടിഎം കാര്‍ഡ് സൂക്ഷിച്ചിരുന്ന കവറിനു മുകളില്‍ ഉടമ പിന്‍നമ്പര്‍ രേഖപ്പെടുത്തിയിരുന്നത് മോഷ്ടാവിന് സഹായകമായി. എടിഎം കൗണ്ടറിലെ ക്യാമറയില്‍ തെളിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കവര്‍ച്ചയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേക്ഷണം ആരംഭിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.