മനോജ് വധം : ജയരാജന്‍ റിമാന്‍ഡില്‍

Friday 12 February 2016 11:44 am IST

കണ്ണൂര്‍: ആര്‍‌എസ്‌എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജിനെ വധിച്ച കേസില്‍ സിപി‌എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ ഒരു മാസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. തലശേരി ജില്ലാ സെഷന്‍സ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. മാര്‍ച്ച്‌ 11 വരെ റിമാന്റ് ചെയ്ത ജയരാജനെകണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോകും. തന്നെ ആശുപത്രിയിലേക്ക് മാറ്റണമെന്ന ജയരാജന്റെ ആവശ്യം കോടതി തള്ളി. ജയരാജനെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി സിബിഐ തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും. ഹൈക്കോടതി മുന്‍‌കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഇന്ന് രാവിലെ തലശേരി കോടതിയിലെത്തി ജയരാജന്‍ കീഴടങ്ങുകയായിരുന്നു. കേസിലെ ഇരുപത്തിയഞ്ചാം പ്രതിയാണ് ജയരാജന്‍. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരമുള്ള (യു‌എ‌പി‌എ) കുറ്റങ്ങളും ജയരാജനെതിരെ ചുമത്തിയിട്ടുണ്ട്. ജയരാജനെ കസ്റ്റഡിയിലെടുത്ത് അന്വേഷണം പൂര്‍ത്തിയാക്കണമെന്നായിരുന്നു സിബിഐ നിര്‍ദ്ദേശം. കതിരൂര്‍ മനോജ് വധക്കേസിന്റെ ബുദ്ധികേന്ദ്രം ജയരാജനാണ്, കേസില്‍ ജയരാജന് നേരിട്ട് പങ്കുണ്ടെന്നും സിബിഐ ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പല മൃഗിയ കൊലപാതകങ്ങളിലൂം ജയരാജന് പങ്കുണ്ടെന്ന പരാമര്‍ശവും സിബിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഓമ്നിയില്‍ സഞ്ചരിക്കുകയായിരുന്ന മനോജിനെയും സുഹൃത്തായ പ്രമോദിനെയും നാടന്‍ ബോംബെറിഞ്ഞ് പരിക്കേല്‍പ്പിച്ച ശേഷം ആക്രമിച്ചു കൊല്ലുകയായിരുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.