ഡി.എം.ആര്‍.സിക്ക്‌ ചുമതല നല്‍കിയാല്‍ മാത്രം സഹകരിക്കും - ഇ. ശ്രീധരന്‍

Wednesday 11 January 2012 4:53 pm IST

കൊച്ചി: ഡി.എം.ആര്‍.സി ഇല്ലെങ്കില്‍ കൊച്ചി മെട്രോയുമായി സഹകരിക്കില്ലെന്ന് ഇ.ശ്രീധരന്‍ ആവര്‍ത്തിച്ചു. പദ്ധതി നടപ്പാക്കുന്നത് ഡി.എം.ആര്‍.സി ആണെങ്കില്‍ സാമ്പത്തിക ഏജന്‍സിയായ ജെയ്ക്ക ആഗോള ടെണ്ടറിന് നിബന്ധന വയ്ക്കില്ലെന്നും ശ്രീധരന്‍ അറിയിച്ചു. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയെ അറിയിച്ചതായി ഇ.ശ്രീധരന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡി.എം.ആര്‍.സിക്ക്‌ മുഴുവന്‍ ചുമതലയും നല്‍കിയാല്‍ മാത്രമേ കൊച്ചി മെട്രോയുമായി സഹകരിക്കൂ. വ്യക്തിപരമായി പദ്ധതിയുടെ ചുമതല ഏറ്റെടുക്കാനാവില്ല. തന്റെ സഹകരണം സംബന്ധിച്ച അന്തിമ തീരുമാനം നാളെ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. മെട്രോ റെയില്‍ നിര്‍മ്മാണ രംഗത്ത്‌ പരിചയസമ്പത്ത്‌ ഇല്ലാത്ത കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ നിര്‍മ്മാണം ഏല്‍പിക്കുന്നത്‌ പദ്ധതിയെ വൈകിപ്പിക്കുമെന്നും ഇ.ശ്രീധരന്‍ പറഞ്ഞു. ഡി.എം.ആര്‍.സിയെ പദ്ധതി ഏല്‍പ്പിച്ചാല്‍ നാലു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാന്‍ കഴിയും. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടത് അനുസരിച്ച് മൂന്നു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തീകരിക്കാമെന്ന് താന്‍ വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു ഡി.എം.ആര്‍.സിയെ പദ്ധതി ഏല്‍പ്പിച്ചാല്‍ ഗ്ലോബല്‍ ടെന്‍ഡര്‍ വേണമെന്ന കാര്യത്തില്‍ നിര്‍ബന്ധം പിടിക്കില്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡി.എം.ആര്‍.സിയെ അവര്‍ക്ക് വിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു. വിരമിച്ചതിനുശേഷവും ജോലി തുടരാന്‍ തനിക്ക് താത്പര്യമില്ല. എന്നാല്‍ കൊച്ചി മെട്രോ റെയില്‍ പദ്ധതിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ട്. പദ്ധതി നടപ്പാക്കുന്നതില്‍ തനിക്ക് സന്തോഷമാണുള്ളത്. ഇന്ന് രാവിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മൂന്നു പ്രദേശങ്ങള്‍ ഇ.ശ്രീധരന്‍ രഹസ്യമായി സന്ദര്‍ശിച്ചു. രാവിലെ ഏഴു മണിയോടെയായിരുന്നു സന്ദര്‍ശനം. മണപ്പാട്ടി പറമ്പ്, നോര്‍ത്ത് മേല്‍പ്പാലം, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തെ മേല്‍പ്പാലം എന്നിവിടങ്ങളിലാണു സന്ദര്‍ശനം നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.