കവിത റാവത്തിന് ഒളിമ്പിക് യോഗ്യത മാരത്തണിലും ഷൂട്ടിങിലും ഇന്ത്യ

Friday 12 February 2016 10:22 pm IST

ഗുവാഹത്തി: പന്ത്രണ്ടാമത് ദക്ഷിണേഷ്യന്‍ ഗെയിംസിലെ മാരത്തണിലും ഇന്ത്യന്‍ താരങ്ങള്‍ സ്വര്‍ണ്ണം നേടി. പുരുഷ വിഭാഗത്തില്‍ നിതേന്ദര്‍ സിങ് റാവത്തും വനിതാ വിഭാഗത്തില്‍ കവിതാ റാവത്തുമാണ് ഇന്ത്യക്കായി പൊന്നണിഞ്ഞവര്‍. വനിതാ വിഭാഗത്തില്‍ 2 മണിക്കൂര്‍ 38:38 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് കവിതാ റാവത്ത് മാരത്തണില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയത്. സ്വര്‍ണത്തോടൊപ്പം ഒളിമ്പിക് യോഗ്യതയും കവിത സ്വന്തമാക്കി. മാരത്തണില്‍ യോഗ്യത നേടുന്ന നാലാമത്തെ ഇന്ത്യന്‍ അത്‌ലറ്റാണ് കവിത. ഒ.പി. ജെയ്ഷ, ലളിത ബാബര്‍, സുധല സിംഗ് എന്നിവരാണു മാരത്തണില്‍ യോഗ്യത നേടിയ മറ്റ് ഇന്ത്യക്കാര്‍. 2:42:00 സെക്കന്റായിരുന്നു ഒളിമ്പിക്‌സ് യോഗ്യതാ മാര്‍ക്ക്. ശ്രീലങ്കയുടെ നിലുക ഗീതാനി രാജശേഖര രണ്ട് മണിക്കൂര്‍ 50:47 സെക്കന്റില്‍ വെള്ളി നേടിയപ്പോള്‍ വെങ്കലവും സിംഹള വനിതകള്‍ കൊണ്ടുപോയി. രണ്ട് മണിക്കൂര്‍ 52:15 സെക്കന്റില്‍ ഫിനിഷ് ചെയ്ത ലക്മിനി അനുരാധിക്ക് വെങ്കലം. പുരുഷ വിഭാഗത്തില്‍ സ്വര്‍ണ്ണത്തിന് പുറമെ വെങ്കലവും ഇന്ത്യക്ക്. 2:15:18.00 സെക്കന്റില്‍ ഫിനിഷ് ചെയ്ത് നിതേന്ദര്‍ സിങ് റാവത്ത് പൊന്നണിഞ്ഞപ്പോള്‍ 2:21:14.00 ഓടിത്തീര്‍ത്ത ഖേതാ റാം വെങ്കലം നേടി. 2:15:19.00 സെക്കന്റില്‍ ഓടിയെത്തിയ ശ്രീലങ്കയുടെ അനുരാധ കോരെ ഇന്ദ്രജിത്ത് വെങ്കലം നേടി. ഷൂട്ടിംഗ് റേഞ്ചില്‍ ഇന്നലെയും മെഡല്‍ വേട്ട തുടര്‍ന്നു. പുരുഷന്മാരുടെ 25 മീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് പിസ്റ്റള്‍, 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തിലും വ്യക്തിഗത ഇനത്തിലുമാണ് ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ സ്വര്‍ണ്ണം വെടിവെച്ചിട്ടത്. 25 മീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് പിസ്റ്റള്‍ ടീം ഇനത്തില്‍ നീരജ്കുമാര്‍, ഗുര്‍പ്രീത് സിങ്, മഹേന്ദര്‍ സിങ് എന്നിവരടങ്ങിയ ടീം സ്വര്‍ണ്ണം നേടിയപ്പോള്‍ പാക്കിസ്ഥാന്‍ വെള്ളിയും ശ്രീലങ്ക വെങ്കലവും സ്വന്തമാക്കി. വ്യക്തിഗത വിഭാഗത്തില്‍ നീരജ്കുമാര്‍ സ്വര്‍ണ്ണവും ഗുര്‍പ്രീത് സിങ് വെള്ളിയും മഹേന്ദര്‍ സിങ് വെങ്കലവും നേടി. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വ്യക്തിഗത-ടീം ഇനത്തിലും ഇന്ത്യക്ക് സ്വര്‍ണ്ണം. വ്യക്തിഗത വിഭാഗത്തില്‍ ചെയ്ന്‍ സിംഗ് പൊന്നണിഞ്ഞപ്പോള്‍ ഗഗന്‍ നാരംഗ് വെങ്കലം നേടി. ബംഗ്ലാദേശിന്റെ മുഹമ്മദ് സൊവൊന്‍ ചൗധരി വെള്ളി കരസ്ഥമാക്കി. ടീം ഇനത്തില്‍ ഗഗന്‍ നാരംഗ്, ചെയ്ന്‍ സിംഗ്, ഇംറാന്‍ ഹസ്സന്‍ ഖാന്‍ എന്നിവരടങ്ങിയ ടീം സ്വര്‍ണ്ണം സ്വന്തമാക്കിയപ്പോള്‍ ബംഗ്ലാദേശ് വെള്ളിയും ശ്രീലങ്ക വെങ്കലവും കരസ്ഥമാക്കി. കഴിഞ്ഞ ദിവസം വനിതാ ഹോക്കിയിലും ഇന്ത്യ സ്വര്‍ണ്ണം നേടി. അവസാന മത്സരത്തില്‍ ശ്രീലങ്കയെ 10-0ന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ വനിതകള്‍ പൊന്നണിഞ്ഞത്. എന്നാല്‍ പുരുഷ ഹോക്കിയില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ഇന്ത്യക്ക് സ്വര്‍ണം നഷ്ടമായി. ഇന്നലെ നടന്ന പോരാട്ടത്തില്‍ ഇന്ത്യയെ 1-0ന് പരാജയപ്പെടുത്തിയ പാക്കിസ്ഥാന്‍ സ്വര്‍ണ്ണം നേടി. കബഡിയിലും ഇന്ത്യ വിജയം കണ്ടു. പുരുഷ വിഭാഗത്തില്‍ ഇന്ത്യ ഇന്നലെ രാവിലെ നേപ്പാളിനെ 47-23നും വൈകിട്ട് ശ്രീലങ്കയെ 35-21നും പരാജയപ്പെടുത്തി. വനിതാ വിഭാഗത്തിലും ഇന്ത്യ വിജയം കണ്ടു. ശ്രീലങ്കയെ 37-13നാണ് കീഴടക്കിയത്. കഴിഞ്ഞ ദിവസം നേപ്പാളിനെ കീഴടക്കിയ ഇന്ത്യന്‍ വനിതകളുടെ തുടര്‍ച്ചയായ രണ്ടാം വിജയം. പുരുഷ വിഭാഗം ഹാന്‍ഡ്‌ബോൡ ഇന്ത്യ ഇന്നലെ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. പതിനേഴിനെതിരെ 40 ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ വിജയം. വനിതാ വിഭാഗത്തില്‍ നേപ്പാളിനെ 47-20നും ഇന്ത്യ പരാജയപ്പെടുത്തി. പുരുഷ ഫുട്‌ബോളിന്റെ സെമിഫൈനലില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശുമായി ഏറ്റുമുട്ടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.